Sports

Sports (21)

ഹംഗറിയില്‍ സെപ്തംബറില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്ക് തൃശൂര്‍ ജില്ലയില്‍ നിന്ന് അബ്ദുള്‍ അസീസ്, എ.യു.ഷാജു, ജസ്റ്റിന്‍ ജോസ് എന്നീ 3 താരങ്ങളെ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുത്തു. ദേശീയ മത്സരത്തില്‍ മാസ്റ്റേഴ്‌സ് 90 കിലോ വിഭാഗത്തില്‍ പി.എ.അബ്ദുള്‍ അസീസും സീനിയര്‍ 110 കിലോ വിഭാഗത്തില്‍ എ.യു.ഷാജുവും സ്വര്‍ണമെഡല്‍ നേടി. 110 കിലോ വിഭാഗത്തില്‍ ജസ്റ്റിസ് ജോസ് വെള്ളി മെഡലും കരസ്ഥമാക്കി. 3 താരങ്ങെളയും മന്ത്രി എ.സി. മൊയ്തീന്‍ അഭിനന്ദിച്ചു.

തൃശൂരില്‍ നടന്ന നാലാമത് കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ തിരുവനന്തപുരം കെ.എസ്.ഇ.ബി ചാമ്പ്യന്‍മാര്‍. കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ തൃശൂര്‍ എഫ്.സി.യെ 4-2നാണ് കെ.എസ്.ഇ.ബി പരാജയപ്പെടുത്തിയത്.

കൊടകര: മനക്കുളങ്ങര സാംസ്‌കാരിക സംഘം സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്റില്‍ പെരിങ്ങോട്ടുകര മലയാളം സാംസ്‌കാരിക വേദി ജേതാക്കളായി. മുത്രത്തിക്കര കലാം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിനെയാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത.് സമാപനയോഗത്തില്‍ കൊടകര എസ്.ഐ-പി.ജെ.കുര്യാക്കോസ് വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എല്‍.പാപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. ദിനേഷ് പരമേശ്വരന്‍, എന്‍.ജി.ദിലീപ്, പി.എം.ശ്രീമോന്‍ എന്നിവര്‍ സംസാരിച്ചു.

ഡല്‍ഹിയില്‍ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ കാളത്തോട് സ്വദേശിക്ക് സ്വര്‍ണമെഡല്‍. മാസ്റ്റേഴ്‌സ് 90 കിലോ വിഭാഗത്തിലാണ് കാളത്തോട് പണിക്കവീട്ടില്‍ അബ്ദുള്‍ അസീസ് സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയത്. സെപ്തംബറില്‍ ഹംഗറിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ അബ്ദുള്‍ അസീസ് ഇന്ത്യയെ പ്രതിനിധീകരിക്കും.

കണ്ണുകെട്ടി ഒരേ സമയം 5 എതിരാളികളെ നേരിട്ട് ചെസ് പരിശീലനകനും ചെസ് ഒളിമ്പ്യനുമായ പ്രൊഫ.എന്‍.ആര്‍.അനില്‍കുമാര്‍ വിസ്മയമായി. പൂങ്കന്നം ചെസ് ഒളിമ്പ്യന്‍സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച അവധിക്കാല ചെസ് ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു വേറിട്ട പ്രകടനം. മനക്കണക്കിന്റെ കളിയായ ചെസില്‍ കണ്ണുകെട്ടിയാണ് എതിരാളികളെ അനില്‍കുമാര്‍ ഒരേസമയം നേരിട്ടത്. ചെസ് അഭ്യസിക്കുന്ന കുരുന്നുകള്‍ക്കു ഒരേസമയം കൗതുകവും ആവേശവും പകര്‍ന്നാണ് വേറിട്ട ചെസ് പോരാട്ടം സമാപിച്ചത്.

സംസ്ഥാന സബ് ജൂനിയര്‍ ടെന്നികോയ്റ്റ് ചാമ്പ്യന്‍ഷിപ്പ് തൃശൂരില്‍ തുടങ്ങി. മേയര്‍ അജിതാ ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വി.കെ.എന്‍.മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ടെന്നികോയ്റ്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എസ്.ബാബു അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം അപര്‍ണ ബാലമുരളി, ടെന്നികോയ്റ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ബിന്നി ഇമ്മട്ടി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വിന്‍സെന്റ് കാട്ടുക്കാരന്‍, സി.പി.എം തൃശൂര്‍ ഏരിയ സെക്രട്ടറി പി.കെ.ഷാജന്‍ എന്നിവര്‍ പങ്കെടുത്തു. 14 ജില്ലകളില്‍ നിന്നായി 280-ഓളം കായിക താരങ്ങളാണ് മൂന്നുദിവസമായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

ചാലക്കുടി: ഫുട്‌ബോള്‍ രംഗത്ത് പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യം മുന്‍നിരത്തി ചാലക്കുടി നഗരസഭ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ദീര്‍ഘകാല പരിശീലന പദ്ധതിയുടെ ആദ്യഘട്ടം സമാപിച്ചു. നഗരസഭ പ്രദേശത്തെ നാല്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നുവര്‍ഷത്തേക്കാണ് വിദഗ്ദ്ധ പരിശീലനം നല്‍കിയത്. മുന്‍ ദേശീയ പരിശീലകന്‍ ടി.കെ.ചാത്തുണ്ണിയുടെ മേല്‍നോട്ടത്തിലായിരുന്നു പരിശീലനം. ഒന്നര മാസമായി നടന്നു വന്ന ക്യാമ്പില്‍ നിന്നു രണ്ടു ടീമുകള്‍ക്ക് രൂപം നല്‍കാനായെന്ന് ടി.കെ.ചാത്തുണ്ണി പറഞ്ഞു. സ്‌കൂള്‍ ആരംഭിച്ചാല്‍ തുടര്‍ന്നുള്ള പരിശീലനം അവധി ദിവസങ്ങളിലായിരിക്കും. നാല്‍പത് പേരില്‍ നിന്നു തെരഞ്ഞെടുത്തവരുടെ ടീമും ഇത്തരത്തില്‍ പരിശീലനം സിദ്ധിച്ച അന്നമനട പഞ്ചായത്ത് ടീമുമായി കാര്‍മ്മല്‍ ഗ്രൗണ്ടില്‍ സൗഹൃദ മത്സരവും നടത്തി. സമാപനചടങ്ങ് ചാലക്കുടി ഡിവൈ.എസ്.പി.-സി.എസ്. ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷാ പരമേശ്വരന്‍ അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, പരിശീലകന്‍ ടി.കെ.ചാത്തുണ്ണി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആലീസ് ഷിബു, ഫാ.ജോസ് കിടങ്ങന്‍ എന്നിവര്‍ സംസാരിച്ചു.

ചെറുതുരുത്തി: ചെറുതുരുത്തി വി.സി.സിയുടെ നേതൃത്വത്തില്‍ വടംവലി മത്സരം നടത്തി. ചെറുതുരുത്തി കലാമണ്ഡലത്തിന് സമീപത്ത് നടന്ന മത്സരം വള്ളത്തോള്‍നഗര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ സി.എ.കാദര്‍ അദ്ധ്യക്ഷത വഹിച്ചു. 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഒന്നാംസമ്മാനമായി 15,000 രൂപയും രണ്ടാം സമ്മാനമായി 12,000 രൂപയും നല്‍കും.

തൃപ്രയാര്‍: തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി.
തളിക്കുളം പുതുക്കുളങ്ങര സര്‍ദാര്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ടൂര്‍ണമെന്റ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണന്‍ അധ്യക്ഷയായിരുന്നു. സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ.എം ലെനിന്‍ പതാക ഉയര്‍ത്തി. സി.പി.എം. നാട്ടിക ഏരിയാ സെക്രട്ടറി പി.എം അഹമ്മദ്, കെ.സി പുരുഷോത്തമന്‍, കെ.ആര്‍ സീത എന്നിവര്‍ സംസാരിച്ചു. ആദ്യ മത്സരത്തില്‍ മുംബൈ എഫ്.സി യെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പവര്‍ഡിപ്പോ മണ്ണാര്‍ക്കാട് പരാജയപ്പെടുത്തി. പതിനാറ് ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. ഈ മാസം 6ന് വനിതാ ടീമുകള്‍ പങ്കെടുക്കുന്ന പ്രദര്‍ശന മത്സരവും നടക്കും.

ചെറുതുരുത്തി: ചെറുതുരുത്തിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക്ക് ബാഡ്മിന്റണ്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം നടന്നു. യു.ആര്‍. പ്രദീപ് എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചെറുതുരുത്തിയിലെ ബാഡ്മിന്റന്‍ സ്‌നേഹികളായ അമ്പതോളം ചെറുപ്പക്കാര്‍ ചേര്‍ന്ന് ചെറുതുരുത്തി സെന്റ് തോമസ് പള്ളിക്ക് സമീപത്തായാണ് രണ്ട് സിന്തറ്റിക്ക് കോര്‍ട്ടുകളുള്ള സ്‌റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്. 20 ലക്ഷം രൂപ ചിലവഴിച്ചാണ് നിര്‍മ്മിച്ചതെന്ന് യുവാക്കള്‍ പറഞ്ഞു. ചെറുതുരുത്തി ബാഡ്മിന്റണ്‍ ക്ലബ്ബ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. പഞ്ചായത്ത് അംഗങ്ങളായ സുലൈഖ, അജിത രവികുമാര്‍, ക്ലബ്ബ് അംഗം രഞ്ജിത്ത്തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

  •  Start 
  •  Prev 
  •  1  2 
  •  Next 
  •  End 
Page 1 of 2

Other Head Lines

Go to top