ഇന്ത്യന്‍ ഓള് റൗണ്ടര്‍ യുവരാജ് സിങ്ങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരുപിടി അവിസ്മരണീയ ഇന്നിങ്ങ്സുകള്‍ സമ്മാനിച്ച ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈ യുവരാജാവ് ഇന്ന് ഓരോ ക്രിക്കറ്ററുടെയും പ്രചോദനമാണ് 2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓരോവറില്‍ നേടിയ ഈ ആറ് സിക്സറുകള്‍ മാത്രം മതി യുവിയുടെ ബാറ്റിങ്ങ് കരുത്തറിയാന്‍. ഇതുമാത്രമല്ല, 2011ല്‍ ഇന്ത്യ ആതിഥ്യമരുളിയ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് യുവി നടത്തിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും എതിരാളികളെ തല്ലിയും, എറിഞ്ഞുമിട്ട യുവിയായിരുന്നു ലോകകപ്പിന്റെ താരവും. 2002 ല്‍ ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്നു ലോര്‍ഡ്സില്‍ നാറ്റ്വെസ്റ്റ് പരമ്പരയുടെ കലാശപോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞ ക്ലാസ് ബാറ്റിങ്ങ്. ഇംഗ്ലണ്ടിനെതിരെ 2011ല്‍ കട്ടക്കില്‍ നേടിയ 150 റണ്‍സ്. ഇങ്ങനെ ക്രിക്കറ്റിനോളം വലിയ ഓര്‍മ്മകളാണ് രണ്ടുപതിറ്റാണ്ടോളം നീണ്ട കരിയറിലൂടെ യുവി ഓരോ ക്രിക്കറ്റ് പ്രേമികള്‍ക്കും സമ്മാനിച്ചത്. തേര്‍ട്ടിയാര്‍ഡ് സര്‍ക്കിളിനുള്ളില്‍ യുവി നടത്തിയിട്ടുള്ള ഫീല്‍ഡിങ്ങുകള്‍ അന്നേവരെ ഇന്ത്യയ്ക്ക് പരിചിതമല്ലാത്തൊരു അത്ഭുതമായിരുന്നു. കണ്ണിമവെട്ടലുകള് പോലും സ്തംഭിപ്പിക്കും വേഗത്തിലുള്ള ക്യാച്ചുകളും ത്രോകളും ആരിലും അത്ഭുതം ജനിപ്പിക്കുന്നതായിരുന്നു. ഇന്ത്യ നേടിയ രണ്ടായിരത്തിലെ അണ്ടര്‍ 19 ലോകകപ്പിലെ താരമായി ശ്രദ്ധിക്കപ്പെട്ട്, സീനിയര്‍ കുപ്പായമണിഞ്ഞ യുവിയുടെ കരിയര്‍ ഒട്ടേറെ കയറ്റിറക്കങ്ങളിലൂടെയാണ് കടന്നുപോയത്.