help news

help news (24)

ചേര്‍പ്പ്: ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. പുത്തൂര്‍ സ്വദേശി മരത്താക്കര പെരുവാംകുളങ്ങര വീട്ടില്‍ സുകുമാരന്‍ മകന്‍ 35 വയസുള്ള സുമേഷാണ് ചികിത്സാ സഹായം തേടുന്നത്. ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ ചികിത്സയിലാണ് സുമേഷ്. ആഴ്ചയില്‍ 3 തവണ ഡയാലിസിസ് ചെയ്യുന്ന സുമേഷിനു വൃക്ക മാറ്റി വെയ്ക്കലാണ് ഏക പരിഹാരം. മകന് വൃക്ക നല്‍കാന്‍ അമ്മ തയ്യാറാണ്. എന്നാല്‍ വൃക്ക മാറ്റി വയ്ക്കുന്നതിനും തുടര്‍ ചികിത്സയ്ക്കുമായി 12 ലക്ഷം രൂപ വേണ്ടി വരും.. ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനു നാട്ടുകാരുടെ ആഭിമുഖ്യത്തില്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. സുമേഷ് പെരുവാംകുളങ്ങര, സഹായ സമിതി, അക്കൗണ്ട് നമ്പര്‍ 19 54 01 50 13 42, ഐ.സി.ഐ.സി.ഐ ബാങ്ക്, ഒല്ലൂര്‍ ബ്രാഞ്ച് എന്ന വിലാസത്തിലേക്കാണ് സഹായങ്ങള്‍ അയക്കേണ്ടത്.

അന്തിക്കാട്: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് യുവാവ് സഹായം തേടുന്നു. അരിമ്പൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് മനക്കൊടി മുടത്തോളി സുരേന്ദ്രന്‍ മകന്‍ സജീവന്‍ ആണ് ഉദാരമതികളുടെ സഹായം തേടുന്നത്. മൂന്ന് വര്‍ഷമായി വൃക്കരോഗ ബാധിതനായ സജീവന്‍ എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. ആഴ്ചയില്‍ രണ്ട് തവണ ഡയാലിസിസ് നടത്തുന്ന സജീവന് വൃക്ക മാറ്റിവെക്കലിനും തുടര്‍ ചികിത്സയ്ക്കുമായി പതിനഞ്ച് ലക്ഷം രൂപ ചിലവ് വരും. പത്താം ക്ലാസില്‍ പഠിക്കുന്ന മകനും ഭാര്യയുമടങ്ങുന്ന നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിലുമപ്പുറമാണ് ചികിത്സാ ചിലവ്. ഭാര്യ വൃക്ക നല്‍കാന്‍ തയ്യാറാണെങ്കിലും ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കും പണം കണ്ടെത്താന്‍ പറ്റാത്ത അവസ്ഥയിലാണ് കുടുംബം. അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ദാസ് ചെയര്‍പേഴ്‌സണായി സജീവന്‍ ചികിത്സാ സഹായ സമിതി നാട്ടുകാര്‍ രൂപീകരിച്ചിട്ടുണ്ട്. ' സജീവന്‍ ചികിത്സാ സഹായ സമിതി, അക്കൗണ്ട് നമ്പര്‍: 800 10 888 009, തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് , അരിമ്പൂര്‍ ബ്രാഞ്ച്, മനക്കൊടി , എന്ന വിലാസത്തിലാണ് സഹായങ്ങള്‍ അയക്കേണ്ടത്.

ചെറുതുരുത്തി: പാഞ്ഞാളില്‍ ഇരു വൃക്കകളും തകരാറിലായ യുവാവ് കനിവ് തേടുന്നു. പാഞ്ഞാള്‍ ഗ്രാമപഞ്ചായത്തില്‍ പൈങ്കുളം വായനശാലയ്ക്ക് സമീപം താമസിക്കുന്ന മേനോത്ത് ശ്രീകുമാറാണ് ചികിത്സയ്ക്കായി കാരുണ്യം തേടുന്നത്. ഒന്നര വര്‍ഷമായി വൃക്കകള്‍ തകരാറായതു മൂലം ചികിത്സയിലാണ് ശ്രീകുമാര്‍. ഭാര്യയും മകളും അടങ്ങുന്നതാണ് ശ്രീകുമാറിന്റെ കുടുംബം. ഭാര്യ വൃക്ക നല്‍കാന്‍ തയ്യാറാണെങ്കിലും ശസ്ത്രക്രിയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി 9 ലക്ഷം രൂപ ചിലവ് വരുന്നുണ്ട്. നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സ സഹായ സമിതി രൂപീകരിച്ചിട്ടുണ്ടെങ്കിലും മുഴുവന്‍ തുകയും സമാഹരിക്കാനായിട്ടില്ല. ശ്രീകുമാര്‍ രോഗബാധിതനായതോടെ കുടുംബത്തിന്റെ ജീവിതവും പ്രതിസന്ധിയിലായിരിക്കുകയാണ്. ചെയര്‍മാന്‍, ശ്രീകുമാര്‍ ചികിത്സാ സഹായ സമിതി, അക്കൗണ്ട് നമ്പര്‍-36 93 13 70 897, എസ്.ബി.ഐ, കിള്ളിമംഗലം ശാഖ എന്ന വിലാസത്തിലാണ് സാമ്പത്തിക സഹായങ്ങള്‍ അയക്കേണ്ടത്.

അന്തിക്കാട്: കണ്ടശാംകടവ് പ്രൊഫസര്‍ ജോസഫ് മുണ്ടശേരി സ്മാരക സ്‌കൂള്‍ വിദ്യാര്‍ത്ഥി വൈശാഖിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായമെത്തി.  ഗുരുവായൂരിലെ തെരുവ് വെളിച്ചത്തില്‍ രാത്രി തങ്ങി രാവിലെ കണ്ടശാംകടവ് സ്‌കൂളിലേക്ക് പഠിക്കാനെത്തിയിരുന്ന വൈശാഖിന്റേയും അമ്മയുടേയും ദുരിതം കഴിഞ്ഞ വര്‍ഷം ജൂണിലാണ് മാധ്യമങ്ങളിലൂടെ പുറലോകമറിഞ്ഞത്. ഇതേ തുടര്‍ന്ന് പ്രശ്‌നത്തില്‍ നേരിട്ട് ഇടപെട്ട മുഖ്യമന്ത്രി, വൈശാഖിന് സുരക്ഷിതമായ താമസ സൗകര്യമുറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായധനമായ ഒരു ലക്ഷത്തി 85,500 രൂപയുടെ ചെക്ക് വൈശാഖിനും അമ്മ രാജേശ്വരിക്കും മുരളി പെരുന്നെല്ലി എം.എല്‍.എ നല്‍കി. പി.ടി.എ പ്രസിഡന്റ് വി.എന്‍. സുര്‍ജിത്ത് അധ്യക്ഷനായി. മണലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സീത ഗണേഷ്, ബ്ലോക്ക് പഞ്ചായത്തംഗം സബിത പ്രസാദ്, ഗ്രാമപഞ്ചായത്തംഗം ജോയ്‌മോന്‍ പള്ളിക്കുന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട: പടിയൂര്‍ സ്വദേശിയായ 3 വയസുകാരന്‍ മുഹമ്മദ് അസ്‌നാന്റെ ജീവനു വേണ്ടി ഗ്രാമം കൈക്കോര്‍ക്കുന്നു. അര്‍ബുദ ബാധിതനായ അസ്‌നാന് ജീവിതം നിലനിര്‍ത്താന്‍ രക്തമൂല കോശം മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിനായി ദാതാവിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഗ്രാമവാസികള്‍.പടിയൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനയായ ദാത്രിയുടെ സഹകരണത്തോടെ രക്തമൂലകോശ ദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു. രക്തമൂലകോശദാതാവിനെ കണ്ടെത്തുന്നതിനായി തുടര്‍ന്നും നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിലും വിവിധ സ്ഥലങ്ങളിലും ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ കെ.സി.ബിജു പറഞ്ഞു.

ചാവക്കാട്: ഗള്‍ഫില്‍ വാഹനാപകടത്തില്‍പ്പെട്ട് അബോധാവസ്ഥയില്‍ കഴിയുന്ന യുവാവിന് സഹപാഠികളുടെ കൈത്താങ്ങ്. 3 മാസമായി അപകടത്തില്‍ സാരമായി പരിക്കേറ്റ് കിടപ്പിലായ മമ്മിയൂര്‍ പോക്കാന്‍തുരുത്തില്‍ സന്ദീപിനാണ് 1994-95 ബാച്ചിലെ മമ്മിയൂര്‍ എല്‍.എഫ്.സി.യു.പി. സ്‌കൂളിലെ സഹപാഠികള്‍ 4 ലക്ഷത്തി 53,812 രൂപ നല്‍കിയത്. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് പി.വി. ബദറുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക അന്‍സ ജോണ്‍, സന്ദീപിന്റെ അമ്മയ്ക്ക് തുക കൈമാറി. വാര്‍ഡ് കൗണ്‍സിലര്‍ സൈസണ്‍ മാറോക്കി, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ടി.കെ. വിനോദ്കുമാര്‍, മുന്‍ കൗണ്‍സിലര്‍ ബേബി ഫ്രാന്‍സിസ്, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, ചികിത്സാ സഹായ സമിതി ഭാരാവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

വടക്കാഞ്ചേരി: ഇയ്യാല്‍ റിയല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ വൃക്കരോഗിക്ക് ധനസഹായം നല്‍കി. കുണ്ടന്നൂര്‍ വാലിയില്‍ സുരേന്ദ്രനാണ് ക്ലബ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി ധനസഹായം കൈമാറിയത്. ക്ലബ് പ്രസിഡന്റ് പി.എസ്.സുര്‍ജിത്ത്, സെക്രട്ടറി പി.ജി.വിഷ്ണു, ട്രഷറര്‍ കെ.ഡി.സുജിത്ത് എന്നിവര്‍ പങ്കെടുത്തു.

എരുമപ്പെട്ടി: കിടപ്പ് രോഗിയായ യുവാവിന് എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് കട്ടില്‍ നല്‍കി. അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ മുരിങ്ങത്തേരി നെല്ലുവായ് വടക്കേതില്‍ രാജേഷിനാണ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇരുമ്പ് കട്ടില്‍ നല്‍കിയത്. പഞ്ചായത്ത് പ്രസിഡണ്ട് മീന ശലമോന്‍ കട്ടില്‍ കൈമാറ്റം നിര്‍വഹിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.കെ.കബീര്‍, പഞ്ചായത്ത് അംഗം റോസി പോള്‍, എരുമപ്പെട്ടി ആശുപത്രി സൂപ്രണ്ട് ടോണി ആളൂര്‍ എന്നിവര്‍ പങ്കെടുത്തു.

വിധിയുടെ ക്രൂരതയില്‍ അകപ്പെട്ട കുടുംബനാഥന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ വലയുകയാണ് ഭാര്യയും മക്കളും. ജോലിയ്ക്കിടെയുണ്ടായ ദുരന്തം കുടുംബത്തിന്റെ അത്താണിയെ തളര്‍ത്തിയപ്പോള്‍ നിര്‍ധന കുടുംബത്തിന് അത് താങ്ങാവുന്നതിലും അപ്പുറത്തായി. ജോലിയ്ക്കിടെയുണ്ടായ അപ്രതീക്ഷിത ദുരന്തമാണ് ഈ കുടുംബനാഥനെ ശയ്യാവലംബമാക്കി മാറ്റിയത്. നഴ്‌സറി തൊഴിലാളിയായ മാടക്കത്തറ തേറമ്പം സ്വദേശി ചാമ്പിള്ളി വീട്ടില്‍ രാധാകൃഷ്ണനാണ് തൊഴില്‍ ചെയ്യുന്നതിനിടയില്‍ അടയ്ക്കാമരം കഴുത്തിന് പിറകില്‍ വീണ് സ്‌പൈനല്‍കോടിന് ക്ഷതം സംഭവിക്കുകയും കൈകാലുകളും ശരീരവും തളരുകയും ചെയ്തത്. അടയ്ക്കാമരം മുറിയ്ക്കുന്നതിനിടെ വില്ലനായി എത്തിയ ദുരന്തത്തിന്റെ ഇരയായി ഇന്ന് ഈ കുടുംബം കഴിയുകയാണ്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ 2 മാസത്തിലേറെയായി ചികിത്സയിലാണഅ രാധാകൃഷ്ണന്‍. ഇതുവരെ ചികിത്സക്കായി 6 ലക്ഷത്തോളം രൂപ ചിലവായിട്ടുണ്ട്. കൂടാതെ മരുന്നിനും മറ്റുമായി ദിവസും 3000 രൂപയോളം വേണം. ജീവന്‍ നിലനിര്‍ത്താനും തുടര്‍ചികിത്സയ്ക്കുമായി ഇനിയും ലക്ഷങ്ങള്‍ വേണ്ടിവരും. അതിനാല്‍ തന്നെ കുടുംബനാഥന്റെ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ നിര്‍ധന കുടുംബം. രാധാകൃഷ്ണന്‍ കിടപ്പിലായതോടെ ഭാര്യ ബിന്ദുവിന് കൂലിപ്പണിയ്ക്ക് പോകാനാകാത്ത സ്ഥിതിയാണ്. ഡിഗ്രിയ്ക്ക് പഠിക്കാന്‍ അഞ്ജനയെന്ന മകളുടെയും 10-ാം ക്ലാസില്‍ പഠിക്കുന്ന അഖില്‍ എന്ന മകന്റേയും പഠനം വഴിമുട്ടി നില്‍ക്കുകയാണ്. സുമനസുകള്‍ കഴിഞ്ഞാല്‍ മാത്രമേ ഇനി രാധാകൃഷ്ണന്റെ ജീവനും കുടുംബത്തേയും രക്ഷിക്കാനാകുകയുള്ളൂ. രണ്ട് ഓപ്പറേഷന്‍ കഴിഞ്ഞുവെങ്കിലും ഇനി ഓപ്പറേഷനുകള്‍ ബാക്കിയാണ് അതിന് ഭീമമായ ചിലവ് വേണ്ടിവരും. വിധിയുടെ ക്രൂരത ഈ കുടുംബത്തേയും കുടുംബനാഥനെയും തളര്‍ത്തിയപ്പോള്‍ മറ്റ് വഴിയില്ലാതെ വലയുകയുമാണിവര്‍. രാധാകൃഷ്ണന്‍ സി.സി. അക്കൗണ്ട് നമ്പര്‍ 0082 0 3600000600, ധനലക്ഷ്മി ബാങ്ക്, കുരിയച്ചിറ എന്ന വിലാസത്തില്‍ ധനസഹായങ്ങള്‍ അയയ്ക്കാവുന്നതാണ്.

എരുമപ്പെട്ടി: ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഫണ്ട് സ്വരൂപിക്കാന്‍ വേറിട്ട മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ് ഒരു കൂട്ടം വാദ്യ കലാകാരന്‍മാര്‍. എരുമപ്പെട്ടി പാഴിയോട്ട്മുറി സ്വദേശിയായ അഭിഷേകിന് ചികിത്സാ സഹായത്തിനായി കവലകള്‍ തോറും ശിങ്കാരിമേളം നടത്തിയാണ് ഇവര്‍ ധനശേഖരണത്തിന് ജനശ്രദ്ധയാകര്‍ഷിക്കുന്നത്. തിരക്കുള്ള കവലകളില്‍ നിന്ന് അപ്രതീക്ഷിതമായ ശിങ്കാരിമേളത്തിന്റെ നാദം ഉയര്‍ന്ന് കേള്‍ക്കും. തടിച്ചു കൂടുന്ന ജനങ്ങള്‍ക്കിടയിലേക്ക് ധനശേഖരണത്തിന് ബക്കറ്റുമായി വരുന്നവരെ കാണുമ്പോഴാണ് പത്ത് വയസുകാരന്റെ ചികിത്സാ സഹായത്തിന് വേണ്ടിയുള്ള മേളമാണെന്ന് തിരിച്ചറിയുന്നത്. കേരളത്തിലെ പ്രസിദ്ധ ശിങ്കാരിമേള കലാകാരന്‍മാരാണ് വ്യത്യസ്ത രീതി കാഴ്ചവെച്ച് ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത്. എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും പാഴിയോട്ട്മുറി കുന്നത്ത്പുരയ്ക്കല്‍ വേലായുധന്‍- അനിത ദമ്പതികളുടെ ഇളയ മകനുമായ അഭിഷേകിന് എല്ലുകള്‍ ക്രമാതീതമായി വളരുന്ന അപൂര്‍വ്വ രോഗമാണ് ബാധിച്ചിരിക്കുന്നത്. മുഖത്തെ താടിയെല്ലുകള്‍ അമിതമായി ഉള്ളിലേക്കാണ് വളരുന്നത്. കണ്‍കുഴികളുടെ വശങ്ങളിലെ എല്ലുകള്‍ വളര്‍ന്നതിനാല്‍ കണ്ണുകള്‍ പുറത്തേക്ക് തുറിച്ച് വരുന്ന അവസ്ഥയിലായിരുന്നു. എറണാകുളം അമൃത ആശുപത്രിയില്‍ മുഖത്ത് നടത്തിയ ശസ്ത്രക്രിയയില്‍ അമിത വളര്‍ച്ചയുള്ള എല്ലുകള്‍ എടുത്ത് നീക്കി. ഇതിന് വേണ്ടി വിവിധ ഘട്ടങ്ങളിലായി 4 ശസ്ത്രക്രിയകള്‍ നടത്തേണ്ടി വന്നു. തകില്‍ വാദ്യ കലാകാരനായ വേലായുധന് ഉത്സവകാലങ്ങളില്‍ ലഭിക്കുന്ന വരുമാനം കൊണ്ട് മാത്രമാണ് കുടുംബം പുലര്‍ത്തുന്നതും മകന്റെ ചികിത്സ നടത്തുന്നതും. പത്ത് ലക്ഷം രൂപയാണ് ശസ്ത്രക്രിയക്കും തുടര്‍ ചികിത്സയ്ക്കും ഇത് വരെ ചിലവു വന്നിരിക്കുന്നത്. ആകെയുള്ള അഞ്ച് സെന്റ് സ്ഥലവും വീടും സഹകരണ ബാങ്കില്‍ പണയപ്പെടുത്തിയും സ്വര്‍ണാഭരണങ്ങള്‍ വിറ്റും പലിശയ്‌ക്കെടുത്തുമാണ് ചികിത്സയ്ക്കുള്ള ചിലവ് കണ്ടെത്തിയത്. കിടപ്പാടം നഷ്ടപ്പെടുന്നതിനോടൊപ്പം ഈ നിര്‍ധന കുടുംബം വലിയ കടക്കെണിയില്‍ അകപ്പെട്ടിരിക്കുകയാണ്. വേലായുധന്‍, കുന്നത്ത്പുരയ്ക്കല്‍, അക്കൗണ്ട് നമ്പര്‍- 67 34 88 04 908, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, എരുമപ്പെട്ടി ബ്രാഞ്ച് എന്ന വിലാസത്തിലാണ് സാമ്പത്തിക സഹായങ്ങള്‍ അയക്കേണ്ടത്.
ഐ.എഫ്.എസ്.സി: എസ്.ബി.ടി.ആര്‍.0001078

  •  Start 
  •  Prev 
  •  1  2 
  •  Next 
  •  End 
Page 1 of 2

Other Head Lines

Go to top