എരുമപ്പെട്ടി: ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ മികച്ച കര്‍ഷകപുരസ്കാരം വേലൂര്‍ തണ്ടിലം സ്വദേശി ദിലീപ് കുമാറിന് ലഭിച്ചു. വിവിധ വിളകളില്‍ നൂതന പരീക്ഷണങ്ങള്‍ നടത്തിയതിനാണ് ദിലീപിനെ ബ്ലോക്കുതല അംഗീകാരത്തിന് അര്‍ഹനാക്കിയത്. 25 വര്‍ഷത്തോളമായി വേലൂരിലെ കാര്‍ഷിക രംഗത്ത് ദിലീപ് കുമാര്‍ സജീവമാണ്. വിവിധ കൃഷികളില്‍ വയനാടന്‍ രീതി അവലംബിക്കുന്ന ദിലീപ്കുമാര് കൃഷിയെ ബിസിനസായല്ല കാണുന്നത്. സുഗന്ധവ്യജ്ഞനത്തിന് മുതല്‍കൂട്ടായ ഇഞ്ചി കൃഷിയിലും ചുക്ക് വ്യാപാരത്തിലും ദിലീപിന്റെ പരീക്ഷണം വിജയിച്ചു. നേന്ത്രവാഴ, റോബസ്റ്റ്, 5 ഏക്കറിലായി വെണ്ട, വഴുതന, പയര്‍, കൂര്‍ക്ക, ചീനമുളക്, 2000-ത്തിലധികം ചേന തുടങ്ങി എല്ലാ പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. മിച്ചം വരുന്ന ചുക്കും, മഞ്ഞള്‍ പൊടിയും പാക്കറ്റിലാക്കിയുള്ള വില്പനയും ദിലീപ് തുടര്‍ച്ചയായി ചെയ്യുന്നുണ്ടെന്നതും മികച്ച കര്‍ഷകനെന്ന പദവിക്ക് പിന്‍ബലമായി. കൃഷിയിടത്തില്‍ വയനാടന്‍ കൃഷി രീതികള്‍ സമന്വയിപ്പിച്ചു കൊണ്ട് നടത്തുന്ന കൃഷികളില്‍ ജൈവ കീടനാശിനികളാണ് ഉപയോഗികുന്നത്. വേലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളിയാണ് ദിലീപിന്റെ വഴികാട്ടി. എല്ലാവര്‍ഷവും വായ്പയെടുത്ത് ആരംഭിക്കുന്ന കൃഷി ഒരിക്കലും ചതിച്ചിട്ടില്ലെന്നും ദിലീപ് പറഞ്ഞു. ദീര്‍ഘവീക്ഷണത്തോടെ കൃഷി വിഭവങ്ങളൊരുക്കിയാല് പാട്ടത്തിനെടുത്തു നടത്തുന്ന കൃഷിക്കും മികച്ച കര്‍ഷക അവാര്‍ഡ് നേടാമെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ദിലീപ്.