കൊടകര : കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം ആഘോഷിച്ചു. കാഴ്ച ശീവേലിയില്‍ അഞ്ച് ആനകള്‍ അണിനിരന്നു. പല്ലാട്ട് ബ്രഹ്മദത്തന് ഭഗവതിയുടെ തിടമ്പേറ്റി. മേളത്തിന് പെരുവനം കുട്ടന്മാരാരും പഞ്ചവാദ്യത്തിന് കലാമണ്ഡലം വിനയനും നേതൃത്വം നല്കി. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍നമ്പൂതിരി, ദാമോദരന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്നമ്പൂതിരി, മേല്‍ശാന്തിമാരായ നടുവത്ത് പത്മനാഭന് നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന് എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
കീഴൂര്‍ കാര്‍ത്ത്യായനി ദേവീക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു. കൂട്ടിയെഴുന്നള്ളിപ്പില്‍ 28 ഗജവീരന്മാര് അണിനിരന്നു. അയലൂര്‍ അനന്തനാരായണന്‍ ശര്‍മ നേതൃത്വത്തിലുള്ള പഞ്ചവാദ്യം അകമ്പടിയായി. വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി വടക്കേടത്ത് വാസുദേവന്‍ നമ്പൂതിരി നേതൃത്വം നല്കി. കൊമ്പന് കുന്നത്തൂര്‍ രാമു ദേവിയുടെ തിടമ്പേറ്റി. പാണ്ടിമേളത്തിന് വെള്ളിത്തിരുത്തി ഉണ്ണിനായരുടെ നേതൃത്വത്തില്‍ 101 വാദ്യകലാകാരന്മാര് പങ്കെടുത്തു.
ചേര്‍പ്പ് : ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവം ഭക്തിസാന്ദ്രമായി. തൃക്കാര്‍ത്തിക വിളക്കിനോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പിന് ചിറക്കല്‍ ശ്രീ പത്മനാഭന് ഊരകത്തമ്മയുടെ തിടമ്പേറ്റി. മേളത്തിന് ചെറുശ്ശേരി പണ്ടാരത്തില്‍ കുട്ടന് മാരാര്‍ മുഖ്യ പ്രമാണിത്വം വഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് അയിച്ചിയില്‍ രാധാകൃഷ്ണന്, സെക്രട്ടറി ഗിരീഷ് കുമാര്‍ ചീച്ചമ്പിള്ളി, ദേവസ്വം ഓഫീസര്‍ യു.അനില്‍കുമാര്‍, പ്രവിത പ്രകാശ് എന്നിവര്‍ നേതൃത്വം നല്കി.
ചിറ്റണ്ട കാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക വിളക്ക് മഹോത്സവം ഭക്തി സാന്ദ്രമായി പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂര്‍ പരമേശ്വരന് നമ്പൂതിരി കാര്‍മികത്വം വഹിച്ചു. പഞ്ചവാദ്യത്തിന്റെയും, മേളത്തിന്റെയും അകമ്പടിയോടെ ഗജവീരന്മാരോട് കൂടിയ എഴുന്നള്ളിപ്പ് നടന്നു. നടയ്ക്കല്‍പറ വെയ്പ്പിന് ശേഷം വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കൂട്ടിയെഴുന്നെള്ളിപ്പ് നടന്നു. ദീപാരാധന, നെയ്യ് വിളക്ക് ,സഹസ്ര ദീപം തെളിയിക്കല്‍. എന്നിവക്ക് ശേഷം കൂട്ടിയെഴുന്നള്ളിപ്പ് നടന്നു.
ചേലക്കര : ചേലക്കര സെന്റ് ജോര്‍ജ് ഓര്‍ത്തോഡോക്സ് സുറിയാനി പഴയ പള്ളിയുടെ 215 -ാം പെരുന്നാള്‍ ആഘോഷിച്ചു. മോറാന്‍ മോര് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കത്തോലിക്ക ബാവ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.
കൊടകര: കൊടകര ഷഷ്ഠി ആഘോഷം വര്‍ണാഭമായി.പുലര്‍ച്ചെ പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച അഭിഷേക ദ്രവ്യങ്ങളുമായി കുന്നിന് മുകളിലുള്ള സുബ്രഹ്മണ്യക്ഷേത്രത്തിലേക്ക് അഭിഷേക സംഘം പുറപ്പെട്ടതോടെയാണ് ആഘോഷചടങ്ങുകള്‍ക്ക് തുടക്കമായത്. പാല്, പനിനീര്, കളഭം, പഞ്ചാമൃതം എന്നീ അഭിഷേകദ്രവ്യങ്ങളുമായി ക്ഷേത്രം ഊരാളനും ആഘോഷകമ്മിറ്റി ഭാരവാഹികളും ദേവസ്വം ഭാരവാഹികളും അടങ്ങുന്ന അഭിഷേക സംഘം കുന്നതൃക്കോവിലിലെത്തി അഭിഷേകം നടത്തി. . തുടര്‍ന്ന് ഭക്തജനങ്ങളുടെ വക അഭിഷേകങ്ങള്‍ നടന്നു. 21 കാവടിസെറ്റുകളാണ് ആഘോഷത്തില്‍ പങ്കെടുത്തത്. വിവിധ ദേശങ്ങളില്‍ നിന്നുള്ള കാവടിസംഘങ്ങള്‍ പൂനിലാര്‍ക്കാവ് ക്ഷേത്രമൈതാനിയില്‍ പ്രവേശിച്ച് പകലാട്ടം അവസാനിപ്പിച്ചു. കാവടി ആഘോഷത്തിന് പുറമെ നാടന്‍കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, ദേവനൃത്തം എന്നിവയും ഷഷ്ഠി ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. വൈകീട്ട് പൂനിലാര്‍ക്കാവില്‍ നിന്ന് ചെട്ടിവാദ്യത്തിന്റെ അകമ്പടിയോടെ കുന്നതൃക്കോവില്‍ ക്ഷേത്രത്തിലേക്ക് ഭസ്മക്കാവടി എഴുന്നള്ളിപ്പ് നടന്നു.
ഗുരുവായൂര്‍: വാദ്യ പ്രമാണി ഗുരുവായൂര്‍ ശിവരാമന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരം വാദ്യകലാകാരന് കോട്ടപ്പടി സന്തോഷ്മാരാര്ക്ക് സമ്മാനിച്ചു.ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട് പുരസ്കാരം സമ്മാനിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ വി.എസ്.രേവതി ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എം.രതി അധ്യക്ഷത വഹിച്ചു. മദ്ദള വാദകന്‍ എം.കെ.നാരായണന്, രാമചന്ദ്രന് പുത്തന്‍ വീട്ടില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മൃദംഗകലാകാരന്‍ കുഴല്‍മന്ദം രാമകൃഷ്ണന്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഷൈലജ ദേവന്, കൗണ്‍സിലര്‍ ശ്രീദേവി ബാലന്, കവി രാധാകൃഷ്ണന് കാക്കശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.
എരവിമംഗലം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ആഘോഷിച്ചു.പുലര്‍ച്ച നടന്ന പളളിയുണര്‍ത്തല്‍ ചങ്ങോടെ ഷഷ്ഠി ആഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായി . പതിനൊന്ന് ദേശങ്ങളില്‍ നിന്നുള്ള കാവടി സംഘങ്ങളാണ് വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തിയത്. കാവടി എഴുന്നള്ളിപ്പിന് വാദ്യമേളങ്ങള്‍ അകമ്പടിയായി.
കയ്പമംഗലം: കയ്പമംഗലം ചളിങ്ങാട് ശ്രീ അഗസ്തേശ്വരപുരം ക്ഷേത്രത്തില്‍ നടരാജമണ്ഡപം സമര്‍പ്പണം നടത്തി. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ.വാസു സമര്‍പ്പണം നടത്തി.ക്ഷേത്രം ജീര്‍ണോദ്ധാരണ കമ്മിറ്റി പ്രസിഡന്റ് ശ്യാം കൃഷ്ണന് അധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.സി.ബിജു, കമ്മിറ്റി പ്രസിഡന്റ് സുഗതന് കണ്ടണ്ടത്ത്, രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പാവറട്ടി: ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലെ കമ്പിടി തിരുനാളിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി.ഫാ. ആന്റണി ചിറ്റിലപ്പിള്ളി ചിത്രീകരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മിനി ജോയസന്റെ തിരകഥയില്‍ ജസ്റ്റിന് തോമസ്, റിജോ ജോര്‍ജ്ജ് എന്നിവര്‍ .സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തിന്റെ ക്യാമറ ഷിന്റൊ തരകനാണ് കൈകാര്യം ചെയ്യുന്നത്. ഇടവകയിലെ കലാകാരന്മാരെ അണിനിരത്തി, തിരുനാള്‍ സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ റിലീസ് ഡിസംബര്‍ 15 നാണ്.