Print this page

റാഫേല്‍ തട്ടിലിന് ആശംസകള്‍ നേര്‍ന്നു

ഷംഷാബാദ് രൂപതയിലെ വിശ്വാസികളെ നയിക്കാന്‍ നിയുക്തനായ തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിന് ലൂര്‍ദ്ദ് കത്തീഡ്രല്‍ ദേവാലയത്തില്‍ ഇടയശ്രേഷ്ഠരും വിശ്വാസികളും ആശംസകള്‍ നേര്‍ന്നു. മാര്‍ ജേക്കബ് തൂങ്കുഴി മാര്‍പാപ്പയുടെ നിയമന ഉത്തരവ് വായിച്ചപ്പോള്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ നേര്‍ന്നു. തുടര്‍ന്ന് മാര്‍ റാഫേല്‍ തട്ടിലിന് ബൊക്കെ നല്‍കി ആദരിച്ചു. താന്‍ എന്നും തൃശൂര്‍ രൂപതയെ ഒരിക്കലും വറ്റാത്ത യാക്കോബിന്റെ കിണറുപോലെയാണ് കാണുന്നതെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. തൃശൂരുമായുള്ള തന്റെ പൊക്കിള്‍ക്കൊടി ബന്ധം ഇന്ന് മുറിക്കപ്പെടുകയാണ്. പ്രവാസികള്‍ മിഷന്മാരാണെന്ന കാഴ്ചപ്പാട് നമുക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ രൂപതയിലെ വിശ്വാസികളെ ഉപയോഗിച്ച് സഭയെ കൂടുതല്‍ വളര്‍ത്തണമെന്നാണ് തന്റെ ആഗ്രഹം. മറിയത്തെപ്പോലെ താന്‍ തിടുക്കത്തില്‍ യാത്ര പുറപ്പെടുകയാണെന്നും മാര്‍ തട്ടില്‍ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി. റോമില്‍ സന്ദര്‍ശനം നടത്തുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മാര്‍ തട്ടിലിന്റെ പുതിയ ദൗത്യത്തിന് എല്ലാവിധ ആശംസകളും നേര്‍ന്നു. തൃശൂര്‍ സ്വദേശിയും അലഹബാദ് ലത്തീന്‍ രൂപതയുടെ ബിഷപ്പുമായ മാര്‍ റാഫി മഞ്ഞളിയും നിയുക്ത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവിലും ആശംസ നേരാന്‍ എത്തിയിരുന്നു. വികാരി ജനറാള്‍മാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയായതിന്റെ സില്‍വര്‍ ജൂബിലിയുടെയും വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം സ്ഥാപിതമായതിന്റെ ശതാബ്ദിയുടെയും മുഹൂര്‍ത്തത്തിലാണ് 50 ലക്ഷത്തോളം വരുന്ന സീറോ മലബാര്‍ വിശ്വാസികളുടെ സംരക്ഷണത്തിനായി പുതിയ നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്. ഇതോടെ സീറോ മലബാര്‍ സഭയ്ക്ക് 35 രൂപതകളായി. 31 രൂപതകള്‍ ഇന്ത്യയ്ക്കകത്തും നാല് രൂപതകള്‍ ഇന്ത്യയ്ക്ക് പുറത്തുമാണുള്ളത്.

Rate this item
(0 votes)