Gramavarthakal

Gramavarthakal (1953)

ചാവക്കാട്: വിശുദ്ധ റംസാനിലെ അവസാന വെള്ളിയാഴ്ച ജുമാ നമസ്‌ക്കാരത്തിനായി പള്ളികളില്‍ വന്‍ തിരക്ക്. കനത്ത മഴ അനുഭവപ്പെട്ടെങ്കിലും നമസ്‌കാരത്തിന് മണിക്കൂറുകള്‍ മുമ്പേ പള്ളികളിലെത്തിയ വിശ്വാസികള്‍ ഖുറാന്‍ പാരായണം ചെയ്തും മറ്റും പ്രാര്‍ത്ഥനകളില്‍ മുഴുകി. പല പള്ളികളിലും തിരക്കിനെ തുടര്‍ന്ന് നമസ്‌ക്കാരത്തിനായുള്ള സ്വഫുകള്‍ പുറത്തേക്ക് നീണ്ടു. നമസ്‌കാരത്തിന് ശേഷം വിശ്വാസികള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കബറിടങ്ങളിലെത്തി പ്രാര്‍ത്ഥന നടത്തി.

ഗുരുവായൂര്‍: വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ സ്മാരക ട്രസ്റ്റിന്റെ മാധ്യമ പുരസ്‌കാരത്തിന് ടി.സി.വി ഗുരുവായൂര്‍ ബ്യൂറോ റിപ്പോര്‍ട്ടര്‍ കെ.വി.സുബൈറിനെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ 13-ാം ചരമവാര്‍ഷിക ദിനമായ ഈ മാസം 27ന് മാതാ കമ്മ്യൂണിറ്റിഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡി.സി.സി പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ പുരസ്‌കാരം സമ്മാനിക്കും. അഡ്വ. വി.ടി.ബല്‍റാം എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. സാമൂഹിക-രാഷ്ടീയ- സാംസ്‌കാരിക മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച പി.ഐ.ലാസറിനെ ആദരിക്കും. എസ്.എസ്.എല്‍.സി- പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച നഗരസഭ പരിധിയിലുള്ള വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അനുമോദിക്കും. നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്കുള്ള അരി വിതരണം ഗുരുവായൂര്‍ ദേവസ്വം മുന്‍ ചെയര്‍മാന്‍ ടി.വിചന്ദ്രമോഹന്‍ നിര്‍വ്വഹിക്കും. ട്രസ്റ്റ് ഭാരവാഹികളായ ശശി വാറണാട്ട്, പാലിയത്ത് ചിന്നപ്പന്‍, പി.വി.ഗോപാലകൃഷ്ണന്‍, എന്‍.ഇസ്മയില്‍, ശിവന്‍ പാലിയത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പുതുക്കാട്: ഭൂമി വിട്ടു കൊടുക്കാന്‍ നാട്ടുകാരും വ്യാപാരികളും തയ്യാറായതോടെ വരന്തരപ്പിള്ളിക്കാരുടെ റോഡ് വികസനമെന്ന പതിറ്റാണ്ടുകളുടെ സ്വപ്നത്തിന് സാക്ഷാത്കാരമാകുന്നു. വരന്തരപ്പിള്ളി പഞ്ചായത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് ഭൂമി വിട്ടു നല്‍കാന്‍ വ്യാപാരികളും പരിസരവാസികളും തയ്യാറായത്. ഈ മാസം 27ന് പൊതുമരാമത്ത് അധികൃതരുടെ നേതൃത്വത്തില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തും. റോഡിന്റെ ഇരുവശങ്ങളില്‍ നിന്നുമായി ഒരു മീറ്റര്‍ വീതമാണ് വികസനത്തിനായി എടുക്കുന്നത്. ജൂലൈ 10-നകം സ്ഥലം വിട്ടുകൊടുത്തു കൊണ്ടുള്ള സമ്മതപത്രം ഉടമകള്‍ അധികൃതര്‍ക്ക് കൈമാറുവാനും ധാരണയായി. പഞ്ചായത്ത് പ്രസിഡന്റ് ഔസേഫ് ചെരടായി സര്‍വ്വകക്ഷി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.എല്‍.ജോസ്, വി.എസ്.ജോഷി, പി.കെ.ബാബു, പഞ്ചായത്തംഗങ്ങള്‍, വ്യാപാരി വ്യവസായി ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് മുഖ്യ രക്ഷാധികാരിയായി വികസന സമിതി രൂപീകരിച്ചു.

പുന്നയൂര്‍ക്കുളം: വടക്കേക്കാട് പഞ്ചായത്തിലെ 13-ാം വാര്‍ഡിലെ മൂന്നാംകല്ല് ഭാഗത്തെ വെള്ളക്കെട്ട് നാട്ടുകാര്‍ക്ക് ദുരിതമായി. കാലവര്‍ഷത്തിനു മുമ്പ് കാനകള്‍ വൃത്തിയാക്കാത്തതിനാലാണ് വെള്ളക്കെട്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഓടയിലുടെ വെള്ളം ഒലിച്ചുപോകാത്തതിനാല്‍ പ്രദേശത്ത് കൊതുകള്‍ പെരുകുന്നതിനും കാരണമായി. പഞ്ചായത്ത് അധികൃതരോട് പരാതി അറിയിച്ചെങ്കിലും കാന വൃത്തിയാക്കുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.

പാവറട്ടി: പാവറട്ടി ഗ്രാമപഞ്ചായത്തില്‍ ക്ഷീര കര്‍ഷക സംഗമം സംഘടിപ്പിച്ചു. ക്ഷീരവികസന വകുപ്പിന്റേയും ക്ഷീരോത്പാദക സഹകരണസംഘത്തിന്റേയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം വിമലാ സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. ക്ഷീര സംഘം പ്രസിഡന്റ് ഡേവീസ് പുത്തൂര്‍ അധ്യക്ഷത വഹിച്ചു. മുല്ലശേരി ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ എന്‍.വീണ, ഡയറിഫാം ഇന്‍സെപ്കടര്‍ കെ.ജി.ജിഷ, എന്‍.ടി.ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

ചേലക്കര: ചേലക്കര ശ്രീമൂലം തിരുനാള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും എസ്.പി.സി. കേഡറ്റുകളെയും അനുമോദിച്ചു. ചേലക്കര സി.ഐ-സി.വിജയകുമാരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം.ബേബി, എസ്.ഐ.-സിബീഷ്, എന്‍.സി.സി. ഓഫീസര്‍ എന്‍.എ.ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തൃപ്രയാര്‍: നാട്ടിക ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഉച്ചഭക്ഷണം വിഭവ സമൃദ്ധമാക്കാന്‍ ഇനി മുതല്‍ പായസവും. മാസത്തില്‍ രണ്ട് തവണയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പായസം വിളമ്പുക. പാലട, സേമിയ, പരിപ്പ്, ഗോതമ്പ് തുടങ്ങിയ വിവിധയിനം പായസങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം ചോറിന് പകരം ചിക്കന്‍ ബിരിയാണിയും നല്‍കും. സ്‌കൂള്‍ പി.ടി.എയാണ് ഉച്ചഭക്ഷണം കൂടുതല്‍ നവീകരിക്കുന്ന തീരുമാനമെടുത്തത്. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വിനു പദ്ധതിയുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടിഎ പ്രസിഡണ്ട് അനില്‍ പുളിക്കല്‍ അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പാള്‍ കെ.എച്ച്.സാജന്‍, പ്രധാനാധ്യാപകന്‍ എ.ആര്‍ രമേഷ്, പി.ടി.എ. വൈസ് പ്രസിഡണ്ട് വനജ സുനില്‍ എന്നിവര്‍ സംസാരിച്ചു. ആദ്യ ദിനത്തില്‍ സേമിയ പായസമാണ് ഉച്ചഭക്ഷണത്തോടൊപ്പം നല്‍കിയത്.

എരുമപ്പെട്ടി: പന്നിത്തടം ചിറമനേങ്ങാട് കോണ്‍കോര്‍ഡ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരിവിരുദ്ധ സന്ദേശങ്ങള്‍, നാടകങ്ങള്‍, പ്രസംഗം , നിശ്ചല ദൃശ്യം, പ്രതിജ്ഞ എന്നിവ ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി നടന്നു. കുന്നംകുളം എക്‌സൈസ് റേഞ്ച് ഓഫീസര്‍ അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ആര്‍.എം.ബഷീര്‍ അദ്ധ്യക്ഷനായി. പി.ടി.എ. പ്രസിഡന്റ് കെ.ടി.മണി, വെള്ളറക്കാട് സെന്റ് സേവ്യഴ്‌സ് ദേവാലയ വികാരി ഫാ.ലിന്റോ തട്ടത്ത് , തൂവാനൂര്‍ ശിവക്ഷേത്രം ശാന്തി ഹരിശങ്കരന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ജൂനിയര്‍ റെഡ്‌ക്രോസ്, ഗാന്ധിദര്‍ശന്‍, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ ലഘുലേഖ വിതരണം നടന്നു.

ചേലക്കര: ചേലക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന സംയുക്ത മെഡിക്കല്‍ ക്യാമ്പിന് തോന്നൂര്‍ക്കര തോട്ടേക്കോടില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗായത്രി ജയന്‍ അദ്ധ്യക്ഷയായിരുന്നു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബ ഇക്ബാല്‍, അംഗങ്ങളായ റുക്കിയ കരീം, പ്രസന്ന തുടങ്ങിയവര്‍ പങ്കെടുത്തു. ആയുര്‍വേദം, അലോപ്പതി, ഹോമിയോ വിഭാഗങ്ങളിലെ വിദഗ്ധരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

കൊടുങ്ങല്ലൂര്‍: ചില്ലറ മദ്യവില്‍പ്പന കേന്ദ്രത്തില്‍ നിന്നു വാങ്ങുന്ന മദ്യം ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം പൂവ്വത്തുംകടവ് കാരണത്ത് അജയനെയാണ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.പി.സുധാകരനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് ആറ് ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസം റിമാന്‍ഡ് ചെയ്തു. വിദേശ മദ്യം വിറ്റതിന് അജയനെ മുന്‍പും എക്‌സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടാഴ്ച്ചക്കിടയില്‍ സമാനമായ രീതിയില്‍ മൂന്ന് പേരെ എക്‌സൈസ് പിടികൂടിയിരുന്നു.

Page 1 of 140

Other Head Lines

Go to top