മാസങ്ങളായി മിഴി തുറക്കാത്ത പുഴയ്ക്കല്‍ സിഗ്നലിന് ഇനിയും ശാപമോക്ഷമായില്ല. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ഇവിടുത്തെ സിഗ്നല്‍ പ്രവര്‍ത്തിക്കാത്തത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. തൃശൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്കും തിരിച്ചുമുള്ള പ്രധാന പാത കൂടിയാണ് ഈ സംസ്ഥാനപാത. ദിനംപ്രതി ചെറുതും വലതുമായ ആയിരക്കണക്കിന് വാഹനങ്ങളാണ് രാവും പകലും ഇതുവഴി കടന്ന് പോകുന്നത്. മാസങ്ങളായി ഇവിടുത്തെ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തന രഹിതമായിട്ടും അധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ല. ഇതു മൂലം പുഴയ്ക്കല്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് അയ്യന്തോള്‍ ഭാഗത്തേക്ക് തിരിയാനോ, അയ്യന്തോള്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പൂങ്കുന്നം ഭാഗത്തേക്ക് തിരിയാനോ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഇരുചക്രവാഹനങ്ങള്‍ അടക്കമുള്ള ചെറുവാഹനങ്ങളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. സ്വകാര്യ ബസുകളും കെ.എസ്.ആര്.ടി.സി. ബസുകളും ചീറിപ്പായുന്ന ഈ പാതയിലൂടെ ചെറുവാഹനങ്ങള്‍ക്ക് മറുഭാഗത്തേക്ക് കടക്കുകയെന്നത് ഏറെ ശ്രമകരമാണ്. ദിനംപ്രതിയെന്നോണം നിരവധി അപകടങ്ങള്‍ക്കും ഇവിടം സാക്ഷ്യംവഹിക്കുന്നുണ്ട്. സിഗ്നല്‍ ലൈറ്റുകള്‍ കാടുകയറിയിട്ടും മരച്ചില്ലകള്ക്കിടയിലുമായതിനാല് വാഹനയാത്രികര്‍ക്ക് നേരാവണ്ണം സിഗ്നലുകള്‍ ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് ഉണ്ടായിരുന്ന സിഗ്നല്‍ കൂടി പ്രവര്‍ത്തനരഹിതമായത്. കാലങ്ങളായി ഇവിടുത്തെ സിഗ്നല്‍ പതിവായി പണിമുടക്കുന്ന സാഹചര്യം ഉണ്ടായിട്ടും ബന്ധപ്പെട്ടവരാരും ശാശ്വതപരിഹാരം കാണാന്‍ ശ്രമിച്ചില്ലെന്നതാണ് വാസ്തവം. മിഴിയടച്ച സിഗ്നല്‍ ലൈറ്റിനോടൊപ്പം കണ്ണടച്ച് ഇരുട്ടാക്കുകയാണ് അധികാരികള്‍