അറിവിന്റെ ബാലപാഠങ്ങള്‍ ഇന്നലെവരെ തങ്ങള്‍ക്ക് സ്നേഹവായ്പോടെ പകര്‍ന്നു നല്കിയ പ്രിയ അധ്യാപകന്റെ മൃതദേഹത്തിന് വിറങ്ങലിച്ച മിഴികളോടെയാണ് കൂര്‍ക്കഞ്ചേരി ജെ.പി.ഇ.എച്ച്.എസ്. സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. കോവിലകത്തും പാടത്ത് നടുറോഡില്‍ അലഞ്ഞുതിരിഞ്ഞ പശു ബൈക്കില്‍ തട്ടി റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റാണ് വിയ്യൂര്‍ പടിക്കല വീട്ടില്‍ പരേതനായ ആന്റണി മകന് 54 വയസുള്ള സാജന് ആന്റോ കഴിഞ്ഞദിവസം രാത്രിയാണ് മരിച്ചത്. തന്റെ അരുമശിഷ്യര്‍ തന്നെയാണ് ഗുരുവിനെ അപകടസ്ഥലത്ത് കണ്ടെത്തിയതും ആശുപത്രിയില്‍ എത്തിക്കാന്‍ നേതൃത്വം നല്കിയതും. എങ്കിലും തങ്ങളുടെ അരുമ ഗുരുനാഥന്റെ ജീവന് രക്ഷിക്കനായില്ല. കഴിഞ്ഞ 18 വര്‍ഷത്തിലേറെയായി ജെ.പി.ഇ.എച്ച്.എസ് സ്കൂളിലെ പത്താം ക്ലാസിലെ ബയോളജി അധ്യാപകനായിരുന്നു സാജന് ആന്റോ. കുട്ടികള്‍ക്ക് എന്നും വഴികാട്ടിയും സുഹൃത്തും സ്നേഹസമ്പന്നനും പിതൃതുല്യനുമായിരുന്നു ഇദ്ദേഹം. അതുപോലെ തന്നെയായിരുന്നു സഹപ്രവര്‍ത്തകരോടുള്ള ഈ അധ്യാപകന്റെ പെരുമാറ്റം. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആ സൗഹൃദം എന്നും ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയമായിരുന്നു സാജനെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പൊതുദര്‍ശനത്തിനായി സ്കൂള്‍ അങ്കണത്തിലെത്തിച്ച മൃതദേഹത്തില്‍ ഹെഡ്മിസ്ട്രസ് സി.എസ്. വൃന്ദ, മാനേജര്‍ ഇ.ഡി. തോമസ്, പൂര്വവിദ്യാര്ത്ഥിസംഘടനയായ അച്ചൂസിന്റെ ഭാരവാഹികള്‍, അധ്യാപകന് സമീപ സ്കൂളുകളിലെ അധ്യാപകര്‍, വിരമിച്ച അധ്യാപകര്‍, നെടുപുഴ പോലീസ്, നിര്‍മ്മലപുരം ദേവാലയ വികാരി ഫാ. പോള്‍ പിണ്ടിയാന്‍ തുടങ്ങി നിരവധി പേര് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ചേറൂര് ദേവാലയത്തിലായിരുന്നു സംസ്കാര ശുശ്രൂഷകള്‍.