Print this page

ക്രൈംബ്രാഞ്ച് എസ്.പി.ക്ക് ലോകായുക്തയുടെ വിമര്‍ശനം

ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്റെ ദുരൂഹ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് എസ്.പി.ക്ക് ലോകായുക്തയുടെ നിശിത വിമര്‍ശനം. കേസ് അടുത്ത മാസം നാലിന് വീണ്ടും പരിഗണിക്കും.
      വാദത്തിനിടയില്‍ ഡി.ജി.പിയെ കേസില്‍ പ്രതി ചേര്‍ക്കേണ്ടി വരുമോയെന്ന് കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. വെള്ളിയാഴ്ച ഉപലോകായുക്ത ജസ്റ്റിസ് കെ.പി.ബാലചന്ദ്രനാണ് കേസില്‍ വാദം കേട്ടത്. പട്ടികജാതി അതിക്രമം തടയല്‍ നിയമവും, ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്താത്തത് എന്തെന്ന് ലോകായുക്ത ചോദിച്ചു. പൊലീസുകാരെ പ്രതി ചേര്‍ക്കാതെയുള്ള അന്വേഷണം, സഹപ്രവര്‍ത്തകരെ രക്ഷപ്പെടുത്താനായിട്ടാണോയെന്നും, അന്വേഷണത്തില്‍ താങ്കള്‍ മുന്‍ഗാമിയെ പിന്തുടരുകയാണോയെന്നും കോടതി വിമര്‍ശിച്ചു. മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഫിറോസ് എം.ഷഫീഖിനെ ലോകായുക്ത നേരത്തെ കേസില്‍ പ്രതിയാക്കിയിരുന്നു. ഇരുവരെയും വെള്ളിയാഴ്ച കോടതി വിളിച്ചു വരുത്തുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ വിനായകന്റെ കുടുംബം അതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് എസ്.പിക്ക് കൈമാറുകയായിരുന്നു. എന്നാല്‍ അന്വേഷണം കൈമാറിയ ഡി.ജി.പിയുടെ ഉത്തരവ് ഹാജരാക്കാന്‍ ലോകായുക്ത ആവശ്യപ്പെട്ടിരുന്നതില്‍ തെക്കന്‍ മേഖല ഐ.ജിയുടെ ഉത്തരവ് മാത്രം ഹാജരാക്കിയതിനെയും കോടതി വിമര്‍ശിച്ചു. ഡി.ജി.പി പുറപ്പെടുവിച്ച യഥാര്‍ഥ ഉത്തരവ് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വര്‍ഷം ജൂലായ് 17നാണ് പാവറട്ടി പൊലീസ് വിനായകനെയും സുഹൃത്ത് ശരത്തിനെയും കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്. 18ന് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ വിനായകനെ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിനായകന് ക്രൂരമര്‍ദ്ദനമേറ്റതായി കണ്ടെത്തിയിരുന്നു. അതിനിടെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അതൃപ്തിയറിച്ച വിനായകന്റെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുകയാണ്. കേസ് ഏപ്രില്‍ നാലിന് ലോകായുക്ത വീണ്ടും പരിഗണിക്കും.

Rate this item
(0 votes)