ലോകത്തിനാകെ മാതൃകയാകും വിധം നാടിനെ മാറ്റാനാണ് നാം ലക്ഷ്യമിടുന്നതെന്നും സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കെ.എസ്.എഫ്.ഇ. വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെയും സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോകത്താകെ സാമ്പത്തിക സ്ഥാപനങ്ങള്‍ ഒന്നൊന്നാകെ തകര്‍ന്നടിയുമ്പോഴാണ് ഇവിടെ കെ.എസ്.എഫ്.ഇ. ആരിലും അസൂയ ഉണ്ടാക്കുന്നവിധം മുന്നോട്ടു പോകുന്നത്. നാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സംഭാവനയായിട്ടാണ് കെ.എസ്.എഫ്.ഇ. ചിട്ടികള്‍ മാറുന്നതെന്നും നാടിന്റെ മുഖച്ഛായ തന്നെ മാറ്റാനുതകുന്നതാണ് ഇത്തരം പദ്ധതികളെന്നും മുഖ്യമന്ത്രി പറഞ്ഞു. 50 വര്‍ഷം കൊണ്ട് കെ.എസ്.എഫ്.ഇ.ക്ക് കേരളത്തിലെ ഏറ്റവും വലിയ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായി മാറാന്‍ കഴിഞ്ഞുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനകാര്യവകുപ്പു മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. 5 വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപയുടെ ടേണോവറുള്ള സ്ഥാപനമായി കെ.എസ്.എഫ്.ഇ.യെ മാറ്റുമെന്നും ഡോ.തോമസ് ഐസക് പറഞ്ഞു. മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് വിശിഷ്ട ഇടപാടുകാരെ ആദരിക്കലും കെ.എസ്.എഫ്.ഇ.യുടെ ചരിത്രപുസ്തകം പ്രകാശനവും നിര്‍വ്വഹിച്ചു. സുവര്‍ണജൂബിലി മെമ്മോറിയല്‍ പോസ്റ്റല്‍ സ്റ്റാമ്പ് പ്രദര്‍ശനം ധനമന്ത്രി ഡോ.തോമസ് ഐസക് നിര്‍വ്വഹിച്ചു. കെ.എസ്.എഫ്.ഇ. ചെയര്മാന് അഡ്വ.ഫിലിപ്പോസ് തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കെ.എസ്.എഫ്.ഇ. മാനേജിംഗ് ഡയറക്ടര്‍ എ.പുരുഷോത്തമന് തുടങ്ങിയവര്‍ സംസാരിച്ചു. പൊന്നോണ ചിട്ടി 2018ന്റെ സംസ്ഥാനതല വിജയികള്‍ക്കുള്ള സമ്മാനവിതരണവും ചടങ്ങില്‍ നടന്നു.