തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിനോടനുബന്ധിച്ച് വാഹന പാര്‍ക്കിംഗ് സൗകര്യമില്ലാത്തത് കെഎസ്ആര്‍ടിസി യാത്രികരെ വലയ്ക്കുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും പഴക്കമേറിയ സ്റ്റാന്റുകളില്‍ ഒന്നാണ് തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റ്. സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന ഇവിടെ ദിനംപ്രതി നൂറുകണക്കിന് ബസുകളാണ് വന്നുപോകുന്നത്. എന്നാല്‍ ഇവിടെയെത്തുന്ന യാത്രികരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തതാണ് വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും അടക്കമുള്ള സ്ഥിരം യാത്രികരെ ബുദ്ധിമുട്ടിക്കുന്നത്. സ്റ്റാന്റിലോ പരിസരങ്ങളിലോ പാര്‍ക്കിംഗ് സൗകര്യമില്ലാത്തതിനാല്‍ സ്റ്റാന്റിന് പുറത്തെ നോ പാര്‍ക്കിംഗ് ഏരിയയായ നടപ്പാതയിലാണ് ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. എന്നാല്‍ വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്ത് ജോലിക്കും മറ്റുമായി പോയി വൈകീട്ട് തിരിച്ചുവരുമ്പോഴേക്കും പോലീസിന്റെ ചങ്ങലപ്പൂട്ട് ഈ വാഹനങ്ങളില്‍ വീണിട്ടുണ്ടാകും. പിന്നീട് സ്റ്റേഷനില്‍ ചെന്ന് ഫൈന്‍ അടച്ച് രസീത് കാണിച്ചാല്‍ മാത്രമേ വാഹനം കൊണ്ടുപോകാനാകു. അല്ലെങ്കില്‍ റെയില്‍വേസ്റ്റേഷനിലോ ശക്തന്‍നഗര്‍ പോലുള്ള സ്ഥലങ്ങളിലോ പാര്‍ക്ക് ചെയ്ത് സ്റ്റാന്റില്‍ എത്തേണ്ട സ്ഥിതിയാണ്. ഇതിനാല്‍ തന്നെ പലരും കെഎസ്ആര്‍ടിസിയെ വിട്ട് സ്വകാര്യബസിനെ ആശ്രയിച്ചുതുടങ്ങി. സ്ഥലപരിമിതി കൊണ്ട് വീര്‍പ്പുമുട്ടുന്ന സ്റ്റാന്റില്‍ രാത്രികാലങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പോലും പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ഇല്ലാത്തതുമൂലം പാതയോരത്താണ് ഇടുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്കും ഇടവരുത്തുന്നു. കെഎസ്ആര്‍ടിസി വിപുലീകരണവുമായി ബന്ധപ്പെട്ട് മാസ്റ്റര്‍പ്ലാനില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും ഒന്നും വെളിച്ചും കണ്ടില്ല. കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ തൃശൂര്‍ കെഎസ്ആര്‍ടിസിയുടെ വികസന സ്വപ്നങ്ങള്‍ മാത്രമാകുമോയെന്നാണ് ആശങ്ക. വികസനത്തിന്റെ മണിമുഴക്കത്തിനായി ജില്ലയിലെ മന്ത്രിമാരുടെ ശക്തമായ സമ്മര്‍ദ്ദം ഉണ്ടാവണമെന്ന ആവശ്യവും ഉയരുന്നുണ്ടെങ്കിലും വികസനത്തിന്റെ ഭാഗമായി പൊളിച്ചിട്ട പാലക്കാടിലേയും ആലുവായിലേയും സ്റ്റാന്റുകളുടെ ഗതി വരുമോയെന്ന ആശങ്കയും പൊതുജനത്തിനുണ്ട്.