Print this page

കൊറ്റമ്പത്തൂരില്‍ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് വനപാലകര്‍ വെന്തുമരിച്ചു; ജാഗ്രത പുലര്‍ത്തണമെന്ന് ഫയര്‍ഫോഴ്‌സ്, വനംവകുപ്പ് അന്വേഷണമാരംഭിച്ചു

ചെറുതുരുത്തി: ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീ അണക്കാന്‍ ശ്രമിക്കുന്നതിനിടെ പൂങ്ങോട് റേഞ്ച് ഫോറസ്റ്റ് സ്റ്റേഷനിലെ മൂന്ന് വനപാലകര്‍ വെന്തു മരിച്ചു. ട്രൈബല്‍ വാച്ചര്‍ ദിവാകരന്‍, തീപിടിത്തം ഉണ്ടാകുന്ന സമയത്ത് താല്‍ക്കാലികമായി ജോലിക്ക് വിളിക്കുന്ന എന്‍.എം.ആര്‍ വാച്ചര്‍ വേലായുധന്‍ മറ്റൊരു എന്‍.എം.ആര്‍ വാച്ചര്‍ ശങ്കരന്‍ എന്നിവരാണ് മരിച്ചത്. കൊറ്റമ്പത്തൂരിലെ എച്ച്.എന്‍.എല്‍ തോട്ടത്തിലാണ് തീ പടര്‍ന്നത്. പ്രദേശത്ത് രാവിലെ തുടങ്ങിയ തീ. അണച്ചു വരികയായിരുന്നു. മൂന്ന് പേരും തീയുടെ നടുക്കില്‍ അകപ്പെടുകയായിരുന്നു. രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെ ആണ് വാച്ചര്‍ ശങ്കരന്‍ മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ പുകയുയര്‍ന്നു പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പരിക്കേറ്റവരെയും മൃതദേഹങ്ങളും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയില്‍പ്പെടുന്ന വനമേഖലയില്‍ ഉള്‍ക്കാട്ടില്‍, കഴിഞ്ഞ അഞ്ച്ദിവസമായി കാട്ടുതീ ഉണ്ടായിരുന്നു. ദിവസവും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കെടുത്തുമായിരുന്നു. ഞായറാഴ്ച വനമേഖലയോടുചേര്‍ന്ന ഭാഗത്തേക്ക് കാട്ടുതീ പടര്‍ന്നതോടെ, രാവിലെ മുതല്‍ത്തന്നെ വനംവകുപ്പ് ജീവനക്കാര്‍ തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. അഗ്നിശമനസേനയ്ക്ക് എത്തിപ്പെടാന്‍ സാധിക്കാത്തതിനാല്‍, വനംവകുപ്പ് ജീവനക്കാര്‍ തന്നെയാണ് തീ നിയന്ത്രണവിധേയമാക്കിയിരുന്നത്. ഏഴുപേരാണ് തീ നിയന്ത്രണവിധേയമാക്കാന്‍ വനത്തില്‍ എത്തിയിരുന്നത്. തീ നിയന്ത്രണവിധേയമാക്കുന്നതിനിടെ നാലുഭാഗങ്ങളില്‍ നിന്നും തീ വ്യാപിച്ചു. ഒരാള്‍ക്ക് ഉയരത്തില്‍ തീ വന്നതോടെ ഏഴംഗസംഘത്തിലുള്ളവര്‍ പ്രാണനുംകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം കാട്ടുതീ ഉണ്ടായാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ പോകുന്ന രക്ഷാപ്രവര്‍ത്തകര്‍, ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം നിര്‍ബന്ധമായും ഒഴിവാക്കണം. കാട്ടുതീയില്‍ പുക ശ്വസിച്ചാല്‍, അബോധാവസ്ഥയിലാകാന്‍ സാധ്യതയുള്ളതിനാല്‍, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ആളുകള്‍, നനഞ്ഞ തുണി ഉപയോഗിച്ച്, മൂക്കും വായും കെട്ടണമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ കൊറ്റമ്പത്തൂരിലെ കാട്ടുതീ മനുഷ്യസൃഷ്ടിയാണെന്ന് പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറ്റു കൂടിയത് കാട്ടുതീ പടരാന്‍ കാരണമായതായും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍. തീ പൂര്‍ണമായും നിയന്ത്രണവിധേയമായതായി വനംവകുപ്പ് അറിയിച്ചു.

 

Rate this item
(0 votes)