Print this page

ഗതാഗതകുരുക്കിന് ശമനമായില്ല

തൃശൂര്‍ -കുന്നംകുളം റോഡിലെ മുതുവറയില്‍ തകര്‍ന്ന റോഡിന്റെ ഒരു ഭാഗം കട്ടവിരിക്കല്‍ പൂര്‍ത്തിയായെങ്കിലും ശേഷിക്കുന്ന റോഡ് റീ ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കുന്നത് വൈകുന്നതിനാല്‍ ഗതാഗതകുരുക്കിന് ശമനമായില്ല. പുഴയ്ക്കല്‍ മുതുവറ ഭാഗത്ത് തകര്‍ന്ന റോഡിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് എം.എല്‍.എ.ഫണ്ടും പൊതുമരാമത്ത് വകുപ്പ് ഫണ്ടും ഉപയോഗിച്ച് കട്ടവിരിച്ചിരിക്കുന്നത്. മുതുവറ പമ്പ് മുതല്‍ മോസ്‌കോ റോഡ് വരെയുള്ള 120 മീറ്റര്‍ മാത്രമാണ് കട്ടവിരിക്കല്‍ പൂര്‍ത്തിയാക്കിയത്. കട്ടവിരിക്കല്‍ പൂര്‍ത്തിയായെങ്കിലും മോസ്‌കോ റോഡ് മുതല്‍ മുതുവറ സെന്റര്‍ വരെയുള്ള നൂറു മീറ്ററിലധികം വരുന്ന റോഡ് പൂര്‍ണമായും തകര്‍ന്ന് ചളിക്കുണ്ടായാണ് കിടക്കുന്നത്. മുതുവറ പമ്പ് വരെയുള്ള ഭാഗത്തും റോഡ് തകര്‍ന്നിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കനിഞ്ഞാല്‍ മാത്രമേ ഇനി ശേഷിക്കുന്ന ഭാഗങ്ങള്‍ കൂടി റീ ടാറിംഗ് നടത്തി ഇതുവഴിയുള്ള ഗതാഗതം സുഗമമാക്കി മാസങ്ങളായി തുടരുന്ന ദുരിതത്തിന് അവസാനമാകൂ. മുണ്ടൂര്‍, പേരാമംഗലം ഭാഗത്തെ റോഡുകളിലെ കുഴികളടക്കാന്‍ ആരംഭിച്ചതോടെ തൃശൂര്‍ കുന്നംകുളം റോഡിലെ യാത്ര കൂടുതല്‍ ദുരിതപൂര്‍ണമാക്കി. മുതുവറ ഭാഗത്ത് കട്ടവിരിക്കാന്‍ തുടങ്ങിയതു മുതല്‍ ഇവിടെ ഒരു വശത്തു കൂടി മാത്രമാണ് ഇരുഭാഗത്തേക്കുള്ള വാഹനങ്ങള്‍ കടത്തി വിടുന്നത്. ഈ ഭാഗത്തെ റോഡിലും വലിയ കുഴികളുള്ളതിനാല്‍ യാത്ര കൂടുതല്‍ ദുരിതപൂര്‍ണമാകുകയാണ്. കൂടുതല്‍ തിരക്കുള്ള കാലത്തും വൈകീട്ടും ഇതുവഴിയുള്ള യാത്രാ ദുരിതത്തോടൊപ്പം സമയ നഷ്ടവും വരുത്തുന്നു. കട്ടവിരി തുടങ്ങിയതോടെ പ്രതിഷേധങ്ങള്‍ക്ക് അല്‍പം ശമനമായെങ്കിലും ശേഷിക്കുന്ന റോഡിന്റെ കാര്യത്തില്‍ നടപടി വൈകുന്നത് പരിസരവാസികളിലും യാത്രക്കാരിലും അമര്‍ഷത്തിനിടയാക്കുന്നുണ്ട്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ഈ പ്രധാന പാതയുടെ കാര്യത്തില്‍ അടിയന്തിര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ യാത്രാദുരിതം അസഹനീയമാകും. ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നുള്ള തണുപ്പന്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

Rate this item
(0 votes)