UPDATE:

ആവേശമായി മാറി സി.കെ.വിനീത്

കാല്‍പ്പന്തുകളിയില്‍ കേരളത്തിന്റെ ആവേശമായി മാറിയ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ.വിനീതിന് തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഏര്‍പ്പെടുത്തിയ കൊസൈന്‍ അവാര്‍ഡ് സമ്മാനിച്ചു. തൃശൂര്‍ കാല്‍ഡിയന്‍ സെന്ററില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ കാല്‍പ്പന്തുകളിയുടെ യുവതോഴന് അവാര്‍ഡ് സമ്മാനിച്ചത്. കളിക്കളത്തില്‍ മാത്രം കണ്ട താരത്തെ കണ്‍മുന്നില്‍ കാണാനായതോടെ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ വിദ്യാര്‍ത്ഥികള്‍ ആര്‍പ്പുവിളികളാല്‍ ആവേശം തീര്‍ത്തു. വേദിയില്‍ ഓരോ തവണയും വീനിതെന്ന പേര് മുഴങ്ങുമ്പോഴും ആരാധക വിദ്യാര്‍ത്ഥി കൂട്ടം ഐ.എസ്.എല്‍ ഫുട്‌ബോള്‍ ഗാലറി കണക്കെ ആര്‍ത്തിരമ്പി. ശില്‍പവും പ്രശസ്തി പത്രവും കാഷ് പ്രൈസും അടങ്ങിയ പുരസ്‌കാരം ഏറ്റുവാങ്ങിയ വിനീത്, സദസിനെ അഭിസംബോധന ചെയ്യാനെത്തിയതും കരഘോഷങ്ങള്‍ക്കിടയിലായിരുന്നു. തന്നില്‍ വിശ്വാസമര്‍പ്പിച്ചവരെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് പറഞ്ഞ വിനീത്, കേരള ഫുട്‌ബോളിനും ഇന്ത്യന്‍ ഫുട്‌ബോളിനും വേണ്ടി തന്നാലാവുന്നതെല്ലാം ചെയ്യുമെന്നും ഇതിനായി കഠിന പരിശ്രമം നടത്തുമെന്നും അഭിപ്രായപ്പെട്ടു. കാല്‍ഡിയന്‍ സിറിയന്‍ സ്‌കൂളിലെ ഫുട്‌ബോള്‍ ക്ലബിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ച വിനീത് തനിക്ക് സമ്മാനിച്ച പതിനായിരത്തൊന്ന് രൂപയുടെ പുരസ്‌കാര തുക ചടങ്ങില്‍ സ്‌കൂള്‍ ഫുട്‌ബോള്‍ അക്കാദമിക്കായി സമര്‍പ്പിച്ചു. തുടര്‍ന്ന് സ്വന്തം കയ്യൊപ്പു ചാര്‍ത്തിയ ഫുട്‌ബോള്‍, വേദിയെ ത്രസിപ്പിച്ചൊരു പ്രകടനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് വിനീത് അടിച്ചു കൊടുത്തു. മാര്‍ അപ്രേം മെത്രാപ്പോലീത്ത പുരസ്‌കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രഥമ കൊസൈന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണത്തിന് അവസരം ലഭിച്ച കാല്‍ഡിയന്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി അനക്‌സ് ജോസിന് സമ്മാനിച്ചു. മാര്‍ യോഹന്നാന്‍ യോസഫ് എപ്പിസ്‌കോപ്പ, ബോര്‍ഡ് ഓഫ് സെന്‍ട്രല്‍ ട്രസ്റ്റീസ് ചെയര്‍മാന്‍ എം.എ.തോമസ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.പി.സുരേന്ദ്രന്‍, തൃശൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ് സന്തോഷ് ജോണ്‍ തൂവല്‍, മുന്‍ ഫുട്‌ബോള്‍ താരം സി.വി.പാപ്പച്ചന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.അബി പോള്‍, പി.ടി.എ പ്രസിഡന്റ് ഷാജി ബി.വടക്കന്‍, ഫാ.ഡേവീഡ് കെ.ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Rate this item
(0 votes)

Other Head Lines

Go to top