UPDATE:

മുഖം മാറാനൊരുങ്ങി ജനറല്‍ ആശുപത്രി

മുഖച്ഛായ മാറാനൊരുങ്ങി തൃശൂര്‍ ജനറല്‍ ആശുപത്രി. പുതിയ ആറുനില കെട്ടിട സമുച്ചയം ഉള്‍പ്പെടെയുള്ള മാസ്റ്റര്‍പ്ലാനാണ് ജനറല്‍ ആശുപത്രി വികസനത്തിനായി തയ്യാറാക്കുന്നത്. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ മാസം നാല്‍പത്തിയയ്യായിരത്തോളം പേരാണ് ചികില്‍സ തേടുന്നത്. 360 ഓളം കിടക്കകളുള്ള ജനറല്‍ ആശുപത്രി കഴിഞ്ഞ സെപ്തംബറിലാണ് കോര്‍പറേഷന്‍ ഏറ്റെടുത്തത്. പരിമിതിക്കുള്ളില്‍ നിന്നാണ് സംസ്ഥാനത്തെ മറ്റു സര്‍ക്കാരാശുപത്രികള്‍ക്ക് മാതൃകയാക്കാവുന്ന തരത്തില്‍ ജനറല്‍ ആശുപത്രി വികസന കുതിച്ചു ചാട്ടത്തിനൊരുങ്ങുന്നത്. നിലവില്‍ വ്യത്യസ്ത കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഒ.പി ബ്ലോക്കുകള്‍ എല്ലാം ഒറ്റക്കെട്ടിടത്തിലാക്കി മാറ്റും. കിടത്തിചികിത്സയ്ക്ക് വിധേയരാകുന്ന രോഗികളുടെ കൂട്ടിയിരിപ്പുകാര്‍ക്ക് ആറ് നില കെട്ടിടത്തില്‍ വിശ്രമ മുറിയടക്കമുള്ള എല്ലാവിധ അത്യാധുനിക ചികില്‍സ സൗകര്യങ്ങളും ഒരുക്കുന്ന തരത്തിലാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനിയറിങ്ങ് കോളേജാണ് മാസ്‌ററര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. ജനറല്‍ ആശുപത്രി വികസവുമായി ബന്ധപ്പെട്ട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള അവലോകന യോഗം മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന മുറയ്ക്ക് ആദ്യ ഘട്ടത്തില്‍ രണ്ട് കോടി രൂപ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് മന്ത്രി അറിയിച്ചു. പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തില്‍ ഫാര്‍മസി കൗണ്ടറുകളുടെ എണ്ണം ആറായി വര്‍ദ്ധിപ്പിക്കും.നിലവില്‍ രണ്ട് കൗണ്ടറുകളാണ് പ്രവര്‍ത്തിക്കുന്നത്. ജനറല്‍ സര്‍ജറി ഉള്‍പ്പെടയുളള തസ്തികകളിലെ ഒഴിവുകള്‍ ഉടന്‍ നികത്തും. ട്രോമാ കെയര്‍ സംവിധാനം കാര്യക്ഷമാക്കും. തകരാര്‍ പരിഹരിച്ച് സി.ടി സ്‌കാന്‍ ഒരാഴ്ചയ്ക്കകം പ്രവര്‍ത്തന ക്ഷമമാക്കും. ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം 24 മണിക്കൂറാക്കി മാറ്റാനും നടപടിയുണ്ടാകും. ജനറല്‍ ആശുപത്രി മുഖച്ഛായ മാറ്റുന്നതിന്റെ ഭാഗമായി ആശുപത്രിക്ക് മുന്നിലെ കോമ്പൗണ്ട് കോണ്‍ക്രീറ്റ് ഇഷ്ടിക വിരിക്കലും ചുറ്റുമതിലിന്റെ നിര്‍മ്മാണവും ഒരുമാസത്തിനകം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കോര്‍പ്പറേഷന്‍ തുടങ്ങിക്കഴിഞ്ഞു.

Rate this item
(0 votes)

Other Head Lines

Go to top