UPDATE:

മദ്യപാനം ആരംഭിക്കുന്നത് 12-14 വയസിൽ

മലയാളിയുടെ മദ്യപാന ശീലം ആരംഭിക്കുന്നത് 12-14 വയസിലേക്ക് ചുരുങ്ങിയതായി പുതിയ സര്‍വ്വേകള്‍. മദ്യപാനം ശീലമാക്കിയ സ്ത്രീകളുടെ എണ്ണവും വര്‍ദ്ധിക്കുന്നതായും പഠനങ്ങള്‍. നേരത്തെ കുട്ടികളില്‍ ശരാശരി 14നും 16നും ഇടയിലാണ് മദ്യപാന ശീലം ആരംഭിക്കുന്നതെന്നായിരുന്നു പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കുട്ടികളുടെ ഇടയില്‍ ചെറിയ പ്രായത്തില്‍ തന്നെ മദ്യപാനശീലം ആരംഭിക്കുന്നതായാണ് പുതിയ സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്. മദ്യപാനത്തേക്കാള്‍ ഭീകരമായി കുട്ടികളില്‍ മറ്റ് ലഹരി ഉപഭോഗം വര്‍ദ്ധിച്ചതായാണ് വിലയിരുത്തല്‍, സ്ത്രീകളില്‍ 4 ശതമാനം പേര്‍ മദ്യപിക്കുന്നതായാണ് വിലയിരുത്തല്‍. സ്ത്രീകളിലെ മദ്യപാനം മുന്‍പത്തേക്കാള്‍ വര്‍ദ്ധിച്ചതായും മദ്യത്തിന് അടിമകളായി ഡി അഡിക്ഷന്‍ സെന്ററുകളെ ആശ്രയിക്കുന്ന സ്ത്രീകളുടെ എണ്ണം ഏറി വരികയാണെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ.ജോണ്‍സ് കെ.മംഗലം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ 3 ഗകോടി ജനസംഖ്യയില്‍ 80 ലക്ഷം പേര്‍ മദ്യപിക്കുന്നതായാണ് കണക്ക്. ഇതില്‍ 6 ലക്ഷം പേര്‍ മദ്യപാനം ശീലമാക്കിയവരാണ്. ആകെ ജനസംഖ്യയുടെ 32 ശതമാനം പേരും ഈവിധം സ്ഥിര മദ്യപാനികളാണെന്നാണ് കണക്ക്. സോഷ്യല്‍ ഡ്രിങ്കെന്ന ഓമനപേരില്‍ കുടുംബമൊത്ത് ആരംഭിക്കുന്ന മദ്യപാനശീലമാണ് പതുക്കെ പതുക്കെ സ്ത്രീകളേയും കുട്ടികളേയും മദ്യാസക്തരാക്കുന്നത്. പുതിയ സാമൂഹിക സാഹചര്യങ്ങളും ജോലി സമ്മര്‍ദ്ദങ്ങളുമാണ് സ്ത്രീകളേയും മദ്യപാന ശീലത്തിലേക്ക് നയിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുടുംബ ബന്ധങ്ങളിലെ ശിഥീലികരണത്തിനും ഇത്തരം ശീലങ്ങള്‍ കാരണമാകുന്നതായി വിലയിരുത്തപ്പെടുന്നു. മാറിയ സാഹചര്യത്തില്‍ മദ്യപാനശീലം തെറ്റല്ലെന്ന പൊതുധാരണ സമൂഹത്തില്‍ പടര്‍ന്നതാണ് സ്ത്രീകളേയും കുട്ടികളേയും മദ്യാസക്തിയിലേക്ക് നയിക്കുന്നതിന്റെ കാരണമായി പറയപ്പെടുന്നത്. ന്യൂജന്‍ സിനിമകളിലും മറ്റും മദ്യത്തേയും ലഹരികളേയും മഹത്വവല്‍ക്കിരിക്കുന്നതും പുതിയ പ്രവണതകളിലേക്ക് മലയാളിയെ വഴി നടത്തുന്നുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഒപ്പം സര്‍ക്കാരിന്റെ പുതിയ മദ്യനയങ്ങളും മദ്യസൂപ്പര്‍മാര്‍ക്കറ്റുകളുമെല്ലാം പുതിയ തലമുറയുടെ മദ്യപാന ശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നവയായി മാറിത്തീരുകയാണ്.

Rate this item
(0 votes)

Other Head Lines

Go to top