UPDATE:

'വേദാന്ത ദര്‍ശനങ്ങൾ പങ്കുവെയ്ക്കണം'

എല്ലാ വേദാന്ത ദര്‍ശനങ്ങളും ജാതി-വര്‍ണ- ലിംഗ വ്യത്യാസമില്ലാതെ പ്രപഞ്ചത്തിലെ മുഴുവന്‍ ജീവജാലങ്ങള്‍ക്കും ഉപകാരപ്രദമാകും വിധം പങ്കുവെയ്ക്കണമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. തൃശൂര്‍ തെക്കേ മഠത്തിലെ വേദാര്‍ത്ഥ വിചിന്തന കേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി എ.സി. മൊയ്തീന്‍. വേദാര്‍ത്ഥ വിചിന്തന കേന്ദ്രം വഴി എല്ലാ വിഭാഗം ജനങ്ങളിലേക്കും വേദപഠനം സാധ്യമാക്കുന്നത് ഏറെ പ്രശംസനീയമായ കാര്യമാണ്. സംസ്‌കാരവും പൈതൃകവും നിറഞ്ഞ തെക്കേമഠത്തിന്റേയും, 1200-ലധികം വര്‍ഷം പഴക്കമുള്ള ചിറയുടേയും സംരക്ഷണത്തിനാവശ്യമായ എല്ലാവിധ സാമ്പത്തികമടക്കമുള്ള സഹായങ്ങളും സര്‍ക്കാര്‍ ചെയ്യും. ചിറയുടെ സംരക്ഷണം ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉറപ്പുവരുത്തും. ആവശ്യമെങ്കില്‍ ധനമന്ത്രി തോമസ് ഐസക്കിനെ മഠത്തിലെത്തിച്ച് കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടുത്തുമെന്നും മൊയ്തീന്‍ കൂട്ടിച്ചേര്‍ത്തു. ലക്ഷ്മീ മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വേദപഠനം എല്ലാവര്‍ക്കും സാധ്യമാക്കുന്ന മഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപ്ലവാത്മകമാണെന്ന് അഭിപ്രായപ്പെട്ട സുനില്‍കുമാര്‍ സര്‍ക്കാരിന്റെ സഹായങ്ങള്‍ ഒരിക്കല്‍ കൂടി ഉറപ്പുനല്‍കി. മഠത്തില്‍ നടന്ന വേദാന്ത സപ്താഹയജ്ഞത്തിന്റെ സി.ഡി. പ്രകാശനം മന്ത്രിമാര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. കുറൂര്‍ ദാമോദരന്‍ നമ്പൂതിരിപ്പാട്, ഡോ.പി.സി.മുരളീമാധവന്‍, വടക്കുമ്പാട്ട് നാരായണന്‍, കൗണ്‍സിലര്‍ എം.എസ്. സമ്പൂര്‍ണ, അഡ്വ. പി. പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു.

Rate this item
(0 votes)

Other Head Lines

Go to top