UPDATE:

സമരം അനിശ്ചിതകാലം; രോഗികള്‍ ദുരിതത്തിൽ

ശമ്പള വര്‍ദ്ധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ തൃശൂര്‍ കളക്‌ട്രേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. കഴിഞ്ഞ ദിവസം കളക്ടറുടെ അധ്യക്ഷതയില്‍ നടത്തിയ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമരം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി തൃശൂര്‍ വിദ്യാര്‍ത്ഥി കോര്‍ണറില്‍ നിന്ന് കളക്‌ട്രേറ്റിലേക്ക് നൂറുകണക്കിന് നഴ്‌സുമാര്‍ പങ്കെടുത്ത മാര്‍ച്ചും പ്രതിഷേധ ധര്‍ണയും നടന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉദ്ഘാടനം ചെയ്തു. യാതൊരുവിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറല്ലെന്നും സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വേതനം ലഭ്യമാക്കുന്നത് വരെ സമരം തുടരുമെന്നും ജാസ്മിന്‍ഷാ പറഞ്ഞു. ഈമാസം 27 വരെ സമരം തുടരുമെന്നും എന്നിട്ടും തീരുമാനനായില്ലെങ്കില്‍ ജില്ലയിലെ മുഴുവന്‍ നഴ്‌സുമാരും സമരത്തിനിറങ്ങുമെന്നും ഒപ്പം ഈ സമരം കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്നും ജാസ്മിന്‍ഷാ പറഞ്ഞു. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജോബി ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി.സുദീപ്, ജില്ലാ പ്രസിഡന്റ് സെയ്ഫിന്‍ ഡേവിസ്, സംസ്ഥാന ട്രഷറര്‍ ബിബിന്‍ എന്‍.പോള്‍, ജില്ലാ സെക്രട്ടറി സിനി തുടങ്ങിയവര്‍ സംസാരിച്ചു.

            അതേസമയം ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം മൂലം ചികിത്സയ്‌ക്കെത്തിയ രോഗികള്‍ ദുരിതത്തിലായി. ആശുപത്രികളിലെത്തിയ പുതിയ രോഗികളെ കിടത്തി ചികിത്സിക്കാനാകാത്ത അവസ്ഥയും ഉണ്ടായി. സ്വകാര്യ ആശുപത്രികളില്‍ നിന്ന് പല രോഗികളെയും തിരിച്ചയച്ചതിനാല്‍ അവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നു. ഡെങ്കിപ്പനി അടക്കമുള്ള മാരകരോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുമ്പോള്‍ നഴ്‌സുമാരുടെ സമരം രോഗികളെ ഏറെ വലച്ചു. യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നടത്തുന്ന നഴ്‌സുമാരുടെ സമരം തൃശൂരിലെ മുപ്പതോളം വന്‍കിട ആശുപത്രികളേയാണ് സാരമായി ബാധിച്ചത്. അതേസമയം 50-ല്‍ താഴെ കിടത്തി ചികിത്സാ സൗകര്യമുള്ള ചെറുകിട ആശുപത്രികളേയും സഹകരണ ആശുപത്രികളേയും സമരത്തില്‍ നിന്ന് അസോസിയേഷന്‍ ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ കിടത്തി ചികിത്സയില്‍ തുടരുന്ന രോഗികള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അത്യാഹിത വിഭാഗത്തില്‍ മിനിമം നഴ്‌സുമാരെ ഡ്യൂട്ടിയ്ക്ക് നല്‍കിയിട്ടുണ്ടെന്നും അടിയന്തിര ഘട്ടമുണ്ടായാല്‍ ഇനിയും നഴ്‌സുമാരെ വിട്ടു നല്‍കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഈ വിഷയത്തില്‍ ഈ മാസം 27ന് തിരുവന്തപുരത്ത് ലേബര്‍ കമ്മീഷനുമായി ചര്‍ച്ച നടക്കും. ചര്‍ച്ചയ്ക്ക് ശേഷം അന്തിമതീരുമാനം എടുക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

Rate this item
(0 votes)

Other Head Lines

Go to top