Print this page

അന്തിയുറങ്ങാനൊരിടം..

കാറ്റില്‍ മരം വീണ് വീട് തകര്‍ന്നതിനെ തുടര്‍ന്ന് അന്തിയുറങ്ങാന്‍ അയല്‍ വീടുകളെ അഭയം പ്രാപിച്ചിരിക്കുകയാണ് നെടുപുഴ ശ്രീ ദുര്‍ഗ്ഗാ ദേവി ക്ഷേത്ര ഗ്രൗണ്ടിന് സമീപത്തുള്ള കൊമ്പത്ത് ഉണ്ണികൃഷ്ണന്റെ കുടുംബം; സുമനസ്സുകളുടെ കനിവി ലാണ് ഈ കുടുംബത്തിന്റെ ഇനിയുള്ള പ്രതീക്ഷ. പൊരി വേനലില്‍ ഇക്കഴിഞ്ഞ ദിവസം നാടിന് കുളിരായെത്തിയ കാറ്റും മഴയും ഉണ്ണികൃഷ്ണന്റെ കുടുംബത്തിന് ദുരന്തമാണ് സമ്മാനിച്ചത്. ശക്തമായ കാറ്റില്‍ നെടുകെ പിളര്‍ന്ന മാവ് വീഴുമ്പോള്‍ വീടിന് അകത്തുണ്ടായിരുന്ന ഒമ്പതാം ക്ലാസുകാരി അതുല്യ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വീടിനകത്തേക്ക് പ്രവേശിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു മരം വീണതിനു ശേഷം ഉള്ള സ്ഥിതി. പത്തു വര്‍ഷത്തിലേറെയായി കാഴ്ചശക്തി നഷ്ടപ്പെട്ട ഭാര്യ വിനീതയും പതിനഞ്ച് കാരനായ മകനും 13 കാരിയായ മകളും അടങ്ങുന്ന ഉണ്ണിക്കൃഷ്ണന്റെ കുടുംബം ദയനീയ സ്ഥിതിയിലാണിപ്പോള്‍. വീടിന് മേല്‍ വീണ മരച്ചില്ലകള്‍ മുറിച്ച് മാറ്റാന്‍ പോലും ഇനിയും കഴിഞ്ഞിട്ടില്ല. പ്രളയത്തില്‍ വീടിന് വിള്ളലുണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സഹായത്തിനായി ആഫീസുകള്‍ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. മരം വീണ് വീട് തകര്‍ന്നതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ക്കും കോര്‍പ്പറേഷന്‍ അധികൃതര്‍ക്കും വീട് നിര്‍മ്മിക്കാനുള്ള സഹായത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പ്രളയ സമയത്തുണ്ടായ അനുഭവം ആവര്‍ത്തിക്കുമോ എന്ന ആശങ്കയുണ്ടെങ്കിലും കോര്‍പറേഷന്റെയൊ സര്‍ക്കാരിന്റെയൊ സുമനസ്സുകളുടെയൊ കനിവിന് മാത്രമേ ഉണ്ണിക്കൃഷ്ണന്റെ കുടുംബത്തെ കരകയറ്റാനാവൂ.

Rate this item
(0 votes)