Print this page

ഉദ്യാനമൊരുക്കി കെജിഎംഎല്‍പി സ്‌കൂള്‍

അന്തിക്കാട്: ഒരു അധ്യയന വര്‍ഷം കൂടി കടന്നു വരുമ്പോള്‍ കൊച്ചു മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കുമായി ജൈവ വൈവിധ്യ ഉദ്യാനമൊരുക്കി ശ്രദ്ദേയമാകുകയാണ് അന്തിക്കാട് കെ.ജി.എം എല്‍ .പി സ്‌കൂള്‍. അറുനൂറില്‍ പരം കുട്ടികള്‍ പഠിക്കുന്ന അന്തിക്കാട് കെ.ജി.എം.എല്‍ .പി സ്‌കൂളിലേക്ക് പുതിയതായി എത്തുന്ന നൂറ്റി ഇരുപതോളം കുരുന്നുകളെ കാത്തിരിക്കുന്നത് വിസ്മയങ്ങളുടെ കൂടാരമാണ്. വാനില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഹെലികോപ്റ്റര്‍ കണ്ട് അന്തം വിട്ടാണ് സ്‌കൂളിലേക്ക് കയറാനാകുക. സ്‌കൂളിന്റെ മുകളിലത്തെ നിലയില്‍ ഒരുക്കിയിരിക്കുന്ന തീവണ്ടി മാതൃകത്തിലെ നിരവധി ബോഗികളും കുരുന്നുകളെ ആകര്‍ഷിക്കാന്‍ ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍ കോമ്പൗണ്ടില്‍ സിമന്റില്‍ തീര്‍ത്ത പക്ഷി മൃഗാദികളും വീണയുമെല്ലാം കുട്ടികളുടെ ഉല്ലാസത്തിന് വേണ്ടി പ്രത്യേകം രൂപ കല്‍പ്പന ചെയ്തവയാണ്. ജൈവ വൈവിധ്യ ഉദ്യാനവും, അലങ്കാര ചെടികള്‍ ഉള്‍പ്പെടുന്ന പാര്‍ക്കും ഇവിടെ ഒരുക്കിയിരിക്കുന്നു. വിദ്യാലയം ഒരു പാഠ പുസ്തകം എന്ന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ സ്വപ്നം പൂവണിയും വിധം ജീവജാലങ്ങളുടെ വളര്‍ച്ചയും, ജീവിത രീതിയും കുട്ടികള്‍ക്ക് അനുഭവിച്ചറിയുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളതെന്ന് പ്രധാനാധ്യാപകന്‍ ജോഷി. ഡി കൊള്ളന്നൂര്‍ പറഞ്ഞു. അരയന്ന വാത്ത്, സില്‍വര്‍ ഫെസന്റ്, ഫ്‌ളയിങ്ങ് ഡക്ക്, ഗിനിക്കോഴി, മയില്‍ പ്രാവ്, അമേരിക്കന്‍ മുയല്‍, ഗിനിപ്പന്നി, കോക്ക്‌ടെയ്ല്‍ തത്ത, ആഫിക്കന്‍ ലൗ ബേഡ്‌സ്, ഫിഞ്ചസ്, ജാവ തുടങ്ങി വിവിധ തരം പക്ഷികളും, ആമ്പല്‍ക്കുളം, വിവിധ തരം ഓര്‍ക്കിഡ് ശേഖരവും സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

Rate this item
(0 votes)