Print this page

കലക്കവെള്ളത്തില്‍ കലഹം

തൃശൂര്‍ നഗരത്തിലെ കലങ്ങിയ കുടിവെള്ള വിതരണത്തെ ചൊല്ലി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വീണ്ടും പ്രതിപക്ഷ ബഹളം. പ്രത്യക്ഷ സമരത്തിന് തുടക്കംകുറിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. നഗരത്തില്‍ കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ ചെളിനിറഞ്ഞതുമായി ബന്ധപ്പെട്ട പ്രശ്‌നം വീണ്ടും കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തെ പ്രക്ഷുബ്ധമാക്കി. കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഗിരീഷ് കര്‍ണാടടക്കമുള്ളവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി തുടങ്ങിയ യോഗത്തില്‍ മലിന്യം നിറഞ്ഞ കുടിവെള്ള വിതരണ പ്രശ്‌നത്തില്‍ അടിയന്തിര പ്രമേയം ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാരായ എം.എസ്.സമ്പൂര്‍ണ്ണയും പൂര്‍ണിമ സുരേഷും കുപ്പിയില്‍ കരുതിയ കലക്കവെള്ളവുമായി രംഗത്തെത്തി. എന്നാല്‍ അടിയന്തിര പ്രമേയാവശ്യം നിഷേധിച്ച ഭരണപക്ഷം അജണ്ടകളുമായി മുന്നോട്ടുപോയി. ഇതോടെ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി കുത്തിയിരുന്നു. ഇതോടൊപ്പം കുടിവെള്ളം റോഡിന്റെ ശോച്യാവസ്ഥ എന്നീ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ ഉപനേതാവ് ജോണ്‍ ഡാനിയേലിന്റെ നേതൃത്തിലുള്ള ചില കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി കുത്തിയിരിപ്പ് നടത്തി. ജനങ്ങള്‍ക്ക് ചെളിവെള്ളവും ചെളി റോഡും സമ്മാനിക്കുന്ന എല്‍ഡിഎഫ് ഭരണസമിതി ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി നടത്തിയ പ്രഹസനമാണ് കഴിഞ്ഞ ദിവസം നടത്തിയ പീച്ചി സന്ദര്‍ശനമെന്നും ജോണ്‍ ഡാനിയേല്‍ കുറ്റപ്പെടുത്തി. ശുദ്ധജല വിതരണം ഉറപ്പ് വരുത്താത്ത വാട്ടര്‍ അതോറിറ്റിയെ സ്തംഭിപ്പിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായി മുന്നേട്ടു വരണമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ.എം.കെ.മുകുന്ദന്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ വെള്ളം, വെളിച്ചം, സഞ്ചാരം എന്നിവയുടെ നിര്‍വ്വഹണത്തിലെല്ലാം ഭരണസമിതി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രതിപക്ഷാംഗങ്ങള്‍ പ്രത്യക്ഷ സമരം തുടങ്ങിയതായും പ്രതിപക്ഷ നേതാവ് അറിയിച്ചു. ചെളിവെള്ള പ്രശ്‌നത്തിന് പിന്നില്‍ സ്വകാര്യ കുടിവെള്ള വിതരണ മാഫിയയാണോയെന്ന സംശയം ഉള്ളതായും ഇത് പരിശോധിക്കണമെന്നും ബിജെപി കൗണ്‍സിലര്‍ സി.രാവുണ്ണി ആവശ്യപ്പെട്ടു. അതേസമയം ജലവിതരണ പദ്ധതിയുടെ ഭാഗമായി 32 കോടിയോളം രൂപയാണ് കേരള വാട്ടര്‍ അതോറിറ്റിയില്‍ കോര്‍പ്പറേഷന് കുടിശികയുള്ളതെന്ന് ധനകാര്യ ചുമതലയുള്ള ഡെപ്യൂട്ടി മേയര്‍ റാഫി.പി.ജോസ് ആദ്യ അജണ്ടയായി യോഗത്തില്‍ അറിയിച്ചത് നീണ്ട ചര്‍ച്ചയ്ക്ക് വഴിവെച്ചു. മുന്‍ ഭരണസമിതി വരുത്തിവെച്ച ബാധ്യത നിലവിലെ കൗണ്‍സിലര്‍മാര്‍ക്ക് ബാധ്യതയായി വന്നേക്കുമോയെന്ന ആശങ്കയും ഭരണസമിതി പങ്കുവെച്ചു. എന്നാല്‍ ഈ വിഷയത്തില്‍ കുറ്റക്കാരെ കണ്ടെത്തുന്നതിന് പകരം ബാധ്യത ഒഴിവാക്കുന്നതിനാവശ്യമായ നടപടിയാണ് എടുക്കേണ്ടതെന്ന് പ്രതിപക്ഷം പ്രതികരിച്ചു. കൂടാതെ നഗരപരിധിയിലെ ഫ്‌ളാറ്റ്, ഹോട്ടല്‍, ഹോസ്റ്റല്‍, മണ്ഡപങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം സെപ്റ്റിക് മാലിന്യമടക്കമുള്ള ജലം പൊതു കാനയിലേക്ക് തുറന്നുവിടന്നത് പതിവായെന്നും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഈ വിഷയത്തില്‍ ഇത്തരക്കാര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയംഗം കെ.മഹേഷ് കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് കത്ത് നല്‍കി. 95 അജണ്ടകളാണ് യോഗം പരിഗണിച്ചത്.

Rate this item
(0 votes)