Print this page

അവാര്‍ഡ് പ്രഖ്യാപനം വിവാദത്തില്‍

കേരള ലളിത കലാഅക്കാദമിയുടെ അവാര്‍ഡ് പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി കെ.സി.ബി.സി രംഗത്ത്. ലളിത അക്കാദമി പ്രഖ്യാപിച്ച കാര്‍ട്ടൂണ്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. മതപ്രതീകങ്ങളെ അവഹേളിക്കുന്ന തരത്തില്‍ കെ.കെ.സുഭാഷ് വരച്ച കാര്‍ട്ടൂണ്‍, പുരസ്‌കാരത്തിനായി തിരഞ്ഞെടുത്ത നടപടി പിന്‍വലിക്കണെമന്നാവശ്യപ്പെട്ടാണ് കെ.സി.ബി.സി യും കത്തോലിക്ക കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ബിഷപ്പ് ഫ്രാങ്കോയുടെ പേര് പറഞ്ഞ് ക്രൈസ്തവ വിശ്വാസ പ്രതീകമായ അംശവടിയിലെ കുരിശിന് പകരം അപമാനകരമായ ചിഹ്നം വരച്ച് അവഹേളിച്ചുവെന്ന് കെ.സിബി.സി ചൂണ്ടിക്കാട്ടി. മതവികാരത്ത വ്രണപ്പെടുത്തുന്ന കാര്‍ട്ടൂണിന് നല്‍കിയ പുരസ്‌കാരം ലളിത കലാഅക്കാദമി പിന്‍വലിച്ച് മാപ്പ് പറയണമന്ന് കെ.സി.ബി.സി വക്താവ് ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് ആവശ്യപ്പെട്ടു. അവാര്‍ഡ് നിര്‍ണയം പുനപരിശോധിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. അവാര്‍ഡിനര്‍ഹമായ കാര്‍ട്ടൂണ്‍ മത പ്രതീകങ്ങളെ പ്രത്യക്ഷത്തില്‍ അവഹേളിക്കുന്നതാണെന്ന് മനസിലാക്കിയാണ് തീരുമാനം. അവാര്‍ഡ് നിര്‍ണയത്തില്‍ സര്‍ക്കാര്‍ ഇടപ്പെട്ടിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. അവാര്‍ഡ് നേടിയ കാര്‍ട്ടൂണിനെ ചൊല്ലിയുണ്ടായ വിവാദത്തില്‍ കഴമ്പുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അവാര്‍ഡ് നിര്‍ണയ സമിതിക്ക് തെറ്റ് പറ്റിയോ എന്ന് പരിശോധിക്കണമെന്നും മന്ത്രി പ്രസ്തവനയില്‍ പറഞ്ഞു. അതേ സമയം പുരസ്‌കാര നിര്‍ണയം പുനപരിശോധിക്കുമെന്ന് ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് പറഞ്ഞു.

Rate this item
(0 votes)