മഴക്കാലരോഗങ്ങളേയും പകര്‍ച്ചവ്യാധികളേയും പ്രതിരോധിക്കുന്നതിനായി ജില്ലാ ഭാരതീയ ചികിത്സാവകുപ്പ് വിപുലമായ തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി ഭാരതീയ ചികിത്സാവകുപ്പ് ഡി.എം.ഒ. വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ വകുപ്പിന് കീഴിലുള്ള 147 സ്ഥാപനങ്ങളിലും പനി ക്ലിനിക്കുകള്‍ ആരംഭിക്കും. ആശുപത്രിയുടേയും ഡിസ്പെന്‍സറികളുടേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സീനിയര്‍ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ടാസ്ക്ഫോഴ്സിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്നും സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായും ഡി.എം.ഒ. അറിയിച്ചു. അന്താരാഷ്ട്രയോഗാ ദിനത്തിന്റെ ഭാഗമായി ജൂണ്‍ 14 മുതല്‍ 21 വരെ യോഗവാരമായി ആചരിക്കും. 21ന് രാവിലെ 7ന് സാഹിത്യഅക്കാദമിയില്‍ അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വ്വഹിക്കും. നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എന്‍.വി.ശ്രീവത്സ്, കണ്‍വീനര്‍ ഡോ.എം.കെ.റെനി, എ.എം.എ.ഐ. ജില്ലാ സെക്രട്ടറി ഡോ.കെ.പി.സജു, ഡോ.ജയകൃഷ്ണന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.