Print this page

കരിഞ്ചന്തയില്‍ മദ്യം

അവധി ദിനങ്ങളില്‍ വില്‍പ്പനക്കായി സൂക്ഷിച്ച മദ്യ ശേഖരവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മണത്തല ചിന്നാലി വീട്ടില്‍ അനില്‍കുമാറാണ് ചാവക്കാട് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ചാവക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. വേഷം മാറിയെത്തിയ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ പ്രതിയുടെ വീട്ടില്‍ നിന്നും പരിസരങ്ങളില്‍ നിന്നുമായി 115 കുപ്പികളിലായി ഒളിപ്പിച്ചിരുന്ന 87 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമാണ് പിടികൂടിയത്. മദ്യം കൊണ്ടു വരുന്നതിനായി ഉപയോഗിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ദിവസങ്ങളിലും ഡ്രൈ ഡേകളിലുമാണ് മദ്യവില്‍പ്പന നടത്തിയിരുന്നത്. അന്വേഷണത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ജീന്‍ സൈമണ്‍, ടി.കെ.സുരേഷ്‌കുമാര്‍, ഒ.പി.സുരേഷ്‌കുമാര്‍, ടി.ആര്‍.സുനില്‍കുമാര്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

ഇരിങ്ങാലക്കുട : അവധി ദിനങ്ങള്‍ ലക്ഷ്യമാക്കി ചാരായം വാറ്റിയിരുന്ന രണ്ടുപേരെ എക്സൈസ് ഇന്‍സ്പക്ടര്‍ കെ.കെ. ഷിജില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തു. മറ്റത്തൂര്‍ ചെമ്പൂചിറ മുണ്ടക്കല്‍ വീട്ടില്‍ ബാബു , ചെമ്പൂച്ചിറ ഐപ്പുട്ടിപടി കോളനി നിവാസി ആലുക്കപറമ്പില്‍ അനില്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നത്. ഇരുവരുടേയും വീടുകളിലാണ് ചാരായനിര്‍മ്മാണം നടന്നുകൊണ്ടിരുന്നത്. ബാബുവിന്റെ വീട്ടില്‍ നിന്നും പത്ത് ലിറ്റര്‍ ചാരായവും ചാരായം ഉല്‍പ്പാദിപ്പിക്കാനാവശ്യമായ മൂന്നൂറ് ലിറ്റര്‍ വാഷും ഗ്യാസ് സിലിണ്ടറും വാറ്റ് ഉപകരണങ്ങളും അനില്‍കുമാറിന്റെ വീട്ടില്‍ നിന്നും പത്ത് ലിറ്റര്‍ ചാരായവും സംഘം പിടിച്ചെടുത്തു. ബാബുവിന്റെ വീട്ടിലാണ് വാറ്റ് ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്നത്.ഒരു ലിറ്റര്‍ ചാരായത്തിന് 1500 രൂപ വരെ ഈടാക്കിയിരുന്നു. വിദൂരസ്ഥലങ്ങളിലുള്ള ആവശ്യക്കാര്‍ക്ക് ചാരായം എത്തിച്ചുനല്‍കുന്ന രീതിയാണ് ഇയാള്‍ പിന്‍തുടര്‍ന്നിരുന്നത്. 2 ദിവസം തുടര്‍ച്ചയായി ഡ്രൈ ഡേ ആയതിനാല്‍ ഉണ്ടായേക്കാവുന്ന വര്‍ദ്ധിച്ച ആവശ്യം കണക്കിലെടുത്തായിരുന്നു ഇയാള്‍ ചാരായം വാറ്റിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദ്യോഗസ്ഥരായ കെ.ആര്‍. അനില്‍കുമാര്‍, അനുകുമാര്‍, ഉല്ലാസ്, പിങ്കി മോഹന്‍ദാസ്, എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി. ചാലക്കുടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ചേലക്കര : വിദേശമദ്യഷോപ്പുകളുടെ അവധി ദിവസങ്ങളില്‍ വില്‍പ്പന നടത്തുന്നതിന് സൂക്ഷിച്ചിരുന്ന 20 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി യുവാവിനെ പഴയന്നൂര്‍ എക്സ്സൈസ് പിടികൂടി. എളനാട് തേക്കിന്‍കാട് കോളനി വീട്ടില്‍ അജീഷ് ആണ് അറസ്റ്റിലായത്. പഴയന്നൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ശ്രീജേഷിന്റെ നേതൃത്വത്തിലാണ് മദ്യം പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ എം.വി ബിനോയ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്. ഷിജു, എം.എസ് ജിതേഷ്‌കുമാര്‍, കെ.ലത്തീഫ് എന്നിവര്‍ അന്വേഷണസംഘത്തോടൊപ്പം ഉണ്ടായിരുന്നു.

തൃശൂര്‍ വെള്ളാട്ട് ലെയിനിലെ വീട്ടില്‍ അനധികൃതമായി വില്‍പ്പനക്കായി സൂക്ഷിച്ച 24 കുപ്പി മദ്യവുമായി തമിഴ്‌നാട് സ്വദേശിയെ തൃശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.കലഞ്ജര്‍ സ്ട്രീറ്റില്‍ വടിവേലാണ് അറസ്റ്റിലായത്. 170 ഓളം പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളും ഇവിടെ നിന്ന് പോലീസ് കണ്ടെടുത്തു.

Rate this item
(0 votes)