Print this page

കടത്തനാടന്‍ കളരി ഉപാസകന്‍

മാള: അമേരിക്കയില്‍ നാവിക ഉദ്യോഗം രാജിവെച്ച് കടത്തനാടന്‍ കളരിയുടെ ഉപാസകനായി മാറിയിരിക്കുകയാണ് ജോര്‍ജ്ജ് ഒബെങ് ഡ്യൂറോ. ലോകത്തെ ഏതൊരു ആയോധന കലയേക്കാളും മഹത്തരമാണ് കളരിയെന്ന തിരിച്ചറിവില്‍ അമേരിക്കയില്‍ യുദ്ധ തന്ത്രങ്ങള്‍ പയറ്റിയ നാവികന്‍ തീവ്ര പരിശീലനത്തിലാണ്.വയനാട്ടിലെ പുതുപ്പണത്തെ കടത്തനാട് കെ.പി.സി.ജി.എം.കളരി സംഘത്തില്‍ പരിശീലനം നടത്തുന്ന ഇദ്ദേഹം മാളയ്ക്കടുത്തുള്ള വാളൂര്‍ നായര്‍ സമാജം ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കളരിയുടെ അടിസ്ഥാന പാഠങ്ങള്‍ പകര്‍ന്നുനല്‍കാനെത്തി. കഴിഞ്ഞ ഏഴു വര്‍ഷമായി കളരി പരിശീലിക്കുന്ന വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി നന്ദന സുരേഷുമായി ജോര്‍ജ്ജ് ഒബെങ് ഡ്യൂറോ പയറ്റി. വടക്കന്‍ കളരി അഭ്യസിച്ച ജോര്‍ജ്ജ് തെക്കന്‍ കളരി പരിശീലിച്ച നന്ദനയുമായി പയറ്റ് നടത്തിയത് വ്യത്യസ്തമായ അനുഭവമായതായി പ്രധാനാദ്ധ്യാപകന്‍ ദീപു എന്‍.മംഗലം പറഞ്ഞു.ഹൃദയമിടിപ്പിന്റെ എണ്ണത്തില്‍ വ്യതിയാനം ഉണ്ടായിരുന്ന നന്ദനയ്ക്ക് കളരിപ്പയറ്റ് പരിശീലനത്തിലൂടെ സാധാരണ നിലയിലായി. രണ്ടാം ക്ളാസില്‍ പഠിക്കുമ്പോള്‍ മുരുകന്‍ ഗുരുക്കളുടെ ശിഷ്യന്മാര്‍ നന്ദനയെ തെക്കന്‍ കളരി പരിശീലിപ്പിക്കുകയാണ്. ജോര്‍ജ്ജ് ഒബെങ് ഡ്യൂറോ വടക്കന്‍ കളരിയുടെ പ്രത്യേകതകള്‍ വിശദീകരിച്ചു. വര്‍ഷങ്ങള്‍ കൊണ്ട് സ്വായത്തമാക്കേണ്ട കളരി അഭ്യാസങ്ങള്‍ മൂന്ന് മാസത്തെ കഠിന പരിശീനത്തിലൂടെയാണ് ഇദ്ദേഹം പഠിച്ചെടുത്തത്. ദിവസവും മണിക്കൂറുകള്‍ നീണ്ട പരിശീലനമാണ് നടത്തുന്നത്. ആചാര കൈകളും വണക്കങ്ങളും മെയ്യടവുമെല്ലാം കടന്ന് കോല്‍ത്താരിയും അങ്കത്താരിയും വരെ വേഗത്തില്‍ പരിശീലിച്ചാണ് ഈ മുന്‍ നാവികന്‍ വ്യത്യസ്തനാകുന്നത്. കളരി അഭ്യസിക്കുക മാത്രമല്ല കൂടുതല്‍ ഗവേഷണം നടത്തുകയെന്ന ലക്ഷ്യവും ജോര്‍ജ്ജിനുണ്ട്. യു.എസ്.എ. ടെക്സാസ് സ്വദേശിയായ ജോര്‍ജ്ജ് കടത്തനാടന്‍ കളരിയെ വിദേശത്ത് പ്രചരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

Rate this item
(0 votes)