Print this page

കേരള സംഗീതനാടക അക്കാദമിയുടെ അന്താരാഷ്ട്ര നാടകോത്സവത്തിന്റെ പന്ത്രണ്ടാമത് പതിപ്പിന് ഈമാസം 20ന് തൃശൂരില്‍ തുടക്കമാകും

കേരള സംഗീതനാടക അക്കാദമിയുടെ അന്താരാഷ്ട്ര നാടകോത്സവത്തിന്റെ പന്ത്രണ്ടാമത് പതിപ്പിന് ഈമാസം 20ന് തൃശൂരില്‍ തുടക്കമാകും. ചിലവു ചുരുക്കലിന്റെ ഭാഗമായി പൊതുവേദികള്‍ ഒഴിവാക്കി നാടകാവതരണങ്ങള്‍ അക്കാദമിക്കുള്ളില്‍ മാത്രമായാണ് ഇക്കുറി ഇറ്റ്‌ഫോക്കില്‍ അരങ്ങേറുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്താരാഷ്ട്ര വിഭാഗത്തില്‍ ഏഴും ദേശീയവിഭാഗത്തിലും മലയാളത്തിലുമായി ആറും വീതവുമടക്കം ആകെ 19 നാടകങ്ങളാണ് പത്തുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ അരങ്ങേറുക. നാടകോത്സവത്തിന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ ഇക്കുറി ഒരു കോടി രൂപ അനുവദിച്ചു. കഴിഞ്ഞതവണ ഇത് 75 ലക്ഷമായിരുന്നു. എന്നാലും മേളയുടെ സുഗമമായ നടത്തിപ്പിന് ചുരുങ്ങിയത് മൂന്നു കോടിയെങ്കിലും വേണമെന്നാണ് അക്കാദമിയുടെ ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ തലത്തിലുള്ള ചിലവുചുരുക്കലിന്റെ ഭാഗമായി മറ്റ് പരിപാടികള്‍ ഒഴിവാക്കി നാടകാവതരണങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. 20ന് വൈകീട്ട് 5ന് നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ മേള ഉദ്ഘാടനം ചെയ്യും. നാടകോത്സവത്തിന്റെ ഭാഗമായി അക്കാദമി ഏര്‍പ്പെടുത്തിയിട്ടുള്ള അഞ്ചാമത് അമ്മന്നൂര്‍ പുരസ്‌കാരം എഴുത്തുകാരിയും വിവര്‍ത്തകയും നാടക നിരൂപകയും മാധ്യമ പ്രവര്‍ത്തകയുമായ ശാന്ത ഗോഖലേക്ക് സമ്മാനിക്കും. മൂന്ന് ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കേരള ലളിതകലാ സാഹിത്യ അക്കാദമികളുടെ സംയുക്ത സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. നാടകോത്സവത്തിന്റെ ലോഗോ പ്രകാശനം വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിത നിര്‍വഹിച്ചു. അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍നായര്‍, വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്, ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍ ജലീല്‍ ടി കുന്നത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Rate this item
(0 votes)