Print this page

മൂക്കുപൊത്താതെ വയ്യ

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിന് സമീപമുള്ള കാനയില്‍ നിന്ന് ശുചിമുറി മാലിന്യം പുറത്തേക്കൊഴുകുന്നു. നടപടിയെടുക്കാതെ ദേവസ്വവും നഗരസഭയും. ദുരിതംപേറി ഭക്തജനം.വടക്കേനടയിലുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ഔദ്യോഗിക വസതിയായ പൂതേരി ബംഗ്ലാവിന് മുന്നിലുള്ള കാനയില്‍ നിന്നാണ് ശുചിമുറി മാലിന്യം പുറത്തേക്കൊഴുകുന്നത്. ഇതിന് സമീപമാണ് പ്രസാദ ഊട്ടിനുള്ള വരി. പ്രായമായവരും കുട്ടികളുമടക്കമുള്ള ആയിരങ്ങള്‍, ദിനംപ്രതി പ്രസാദ ഊട്ടിനായി ഇവിടെ വരി നില്‍ക്കുന്നത് ദുര്‍ഗന്ധം സഹിച്ചാണ്. അമൃത് പദ്ധതിയുടെ കാന നിര്‍മ്മാണത്തിനായി ഒഴുക്ക് തടസപ്പെടുത്തിയതോടെയാണ് മറുഭാഗത്തെ കാന നിറഞ്ഞൊഴുകാന്‍ തുടങ്ങിയത്. ക്ഷേത്രപരിസരത്തുള്ള സ്ഥാപനങ്ങളിലെ മാലിന്യമാണിതെന്നാണ് ഭക്തരുടെ ആരോപണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ്, ഒഴുക്ക് പൂര്‍വ്വസ്ഥിതിയിലായാലേ മാലിന്യം പുറത്തേക്കൊഴുകുന്നതിന് പരിഹാരമാകൂ. പൂതേരി ബംഗ്ലാവില്‍ നിന്നുള്ള മാലിന്യമാണിതെന്നും ആക്ഷേപമുണ്ട്. മാലിന്യമൊഴുകുന്നത് എവിടെ നിന്നാണെന്ന് കണ്ടെത്താനോ നടപടിയെടുക്കാനോ നഗരസഭ തയ്യാറായിട്ടില്ല. മാലിന്യം ക്ഷേത്രക്കുളത്തിലേക്ക് ഒലിച്ചിറങ്ങുന്ന സ്ഥിതിയിലാണ്. ഭക്തരുടെ പരാതിയില്‍, കഴിഞ്ഞ ദിവസം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സുജിതിന്റെ നേതൃത്വത്തില്‍ നഗരസഭ ആരോഗ്യവിഭാഗം സ്ഥലം സന്ദര്‍ശിച്ചിരുന്നു. മാലിന്യം മണ്ണിട്ട് മൂടി, ബ്ലീച്ചിംഗ് പൗഡര്‍ വിതറി, താത്കാലിക പരിഹാരം കാണുക മാത്രമാണ് ചെയ്തത്. മാലിന്യമൊഴുകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.മൂസകുട്ടി പറയുന്നത് .മാലിന്യമൊഴുകുന്ന സ്ഥലത്ത് നേരത്തെ ഇ-ടോയ്‌ലറ്റ് നിര്‍മ്മാണം തുടങ്ങിയിരുന്നു. ഇതിന് ഭക്തരുടെ പരാതിയില്‍ നഗരസഭ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചാവക്കാട് കോടതി, വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. പരിപാവനമായ ക്ഷേത്രക്കുളത്തിന് സമീപം മലിനപ്പെടുത്തരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇവിടെയാണ് ശുചിമുറിയേക്കാളും മോശപ്പെട്ട രീതിയില്‍ മാലിന്യമൊഴുകുന്നത്. നടപടിയെടുക്കേണ്ട നഗരസഭ തന്നെ ഒളിച്ച് കളിക്കുമ്പോള്‍, പവിത്രമായ ക്ഷേത്രക്കുളവും മലിനപ്പെടുമോയെന്ന ആശങ്കയിലാണ് ഭക്തര്‍.

Rate this item
(0 votes)