Print this page

ഫാസ്റ്റാഗിലെ ആശങ്ക

പാലിയേക്കര ടോള്‍പ്ലാസയില്‍ ഈ മാസം 15 മുതല്‍ ഫാസ്റ്റാഗ് നിര്‍ബന്ധമാക്കാനിരിക്കെ പ്രാദേശിക വാഹനങ്ങളുടെ സൗജന്യയാത്ര പ്രശ്‌നത്തിന് ഇപ്പോഴും തീരുമാനമായില്ല. ടോള്‍പ്ലാസയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന വാഹനഉടമകള്‍ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ്. സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും യാത്രാസൗജന്യം നിര്‍ത്തലാക്കില്ലെന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രശ്‌നത്തിന് പരിഹാരം കാണാത്തതാണ് തദ്ദേശിയരുടെ ആശങ്കക്ക് കാരണം. ഹൈക്കോടതി ഉത്തരവ് പ്രകാരം സര്‍ക്കാരാണ് പ്രശ്‌ന പരിഹാരം കാണേണ്ടതെന്ന് പറയുന്നുണ്ട്. തദ്ദേശീയര്‍ക്കുവേണ്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അടച്ചിരുന്ന സൗജന്യ സംഖ്യ ഈ സര്‍ക്കാര്‍ തുടര്‍ന്നും നല്‍കാമെന്നും കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ സാജന്യ പാസ് ആവശ്യപ്പെട്ടെത്തുന്ന വാഹന ഉടമകളോട് പ്രതിമാസം 150 രൂപയുടെ പാസ് എടുക്കാനാണ് ടോള്‍കമ്പനി അധികൃതരുടെ നിര്‍ദേശം. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാത്ത സാഹചര്യത്തില്‍ 43,000 വരുന്ന വാഹന ഉടമകളാണ് ഇതോടെ ദുരിതത്തിലായത്. ജനുവരി 15 മുതല്‍ പ്രാദേശിക വാഹനങ്ങള്‍ക്ക് ഇരുവശത്തും ഓരോ ട്രാക്ക് വീതമാക്കുമ്പോള്‍ ടോള്‍പ്ലാസയിലെ വാഹനത്തിരക്ക് ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങാവും. നിലവില്‍ കിലോമീറ്ററുകളോളം വരിനിന്നാണ് വാഹനങ്ങള്‍ ടോള്‍പ്ലാസ കടക്കുന്നത്. വര്‍ഷങ്ങളായി നാട്ടുകാര്‍ ഉപയോഗിച്ചിരുന്ന സമാന്തരപാത അടച്ചു കെട്ടിയതിന്റെ നഷ്ടപരിഹാരമായിട്ടാണ് നാട്ടുകാര്‍ക്ക് യാത്രാസൗജന്യം അനുവദിച്ചത്.പ്രശ്‌നത്തില്‍ ഇടപെടേണ്ട രണ്ട് മന്ത്രിമാര്‍, ചീഫ് വിപ്പ്, മൂന്ന് എം.എല്‍.എ എന്നിവര്‍ ഉള്‍പ്പെട്ട ടോള്‍പ്ലാസയുടെ പരിധിയിലുള്ള ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണമെന്ന് ഡി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.

Rate this item
(0 votes)