Print this page

വഴിമുട്ടിയ വികസനം

ഏറെ കാത്തിരിപ്പിനൊടുവില്‍ ആരംഭിച്ച പുതുക്കാട് ബസാര്‍ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ വീണ്ടും നിലച്ചു. പാതി നിര്‍മ്മിച്ച കാനകള്‍ വഴി മുടക്കുന്നതിനൊപ്പം പൊടിശല്യം കൂടി രൂക്ഷമായതോടെ ബസാര്‍ റോഡിലെ കച്ചവടക്കാരും വീട്ടുകാരും ഏറെ പ്രതിസന്ധിയിലായി.നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങിയപ്പോള്‍ തന്നെ കച്ചവടക്കാരും ബസാര്‍ റോഡിലെ താമസക്കാരും ഏറെ ബുദ്ധിമുട്ടിലായിരുന്നു. നിര്‍മ്മാണ സാമഗ്രികള്‍ റോഡില്‍ നിക്ഷേപിച്ചതോടെ ഗതാഗതം തടസപ്പെട്ടതായിരുന്നു ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചത്. എന്നാല്‍ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാകുന്നതോടെ പ്രതിസന്ധികള്‍ മാറുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. എന്നാല്‍ നിര്‍മ്മാണം എങ്ങുമെത്താതെ നിലച്ചതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. റോഡ് വീതി കൂട്ടി കാന നിര്‍മ്മിക്കുന്ന പ്രവൃത്തി തുടരുന്നതിനിടെ നിര്‍മ്മാണം നിലച്ചതോടെ പലയിടത്തും കാനക്ക് മുകളില്‍ സ്ലാബ് ഇടാനായിട്ടില്ല. പലയിടത്തും കാന മൂടാതെ കിടക്കുകയാണ്. ഇതുമൂലം കച്ചവട സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും ഏറെ പ്രയാസപ്പെട്ടുവേണം എത്താന്‍. ചിലയിടങ്ങളില്‍ ചാക്കില്‍ മണ്ണു നിറച്ച് കാനക്ക് മുകളിലിട്ടാണ് തല്‍ക്കാലം കടകളിലേക്ക് പ്രവേശിക്കാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. പലയിടത്തും കടകളിലേക്ക് കടക്കാനാകാതെ ആളുകള്‍ തിരിച്ച് പോകുന്ന സാഹചര്യമുണ്ട്. വ്യാപാരം കുറഞ്ഞതോടെ കച്ചവടം നിര്‍ത്തേണ്ട അവസ്ഥയിലാണെന്ന് വ്യാപാരികള്‍ പറയുന്നു. ബസാര്‍ റോഡിലെ വികസന പ്രവൃത്തികള്‍ ആരംഭിച്ചത് മുതലുള്ള പൊടിശല്യവും നിലവില്‍ രൂക്ഷമായിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങളിലെ പലര്‍ക്കും പൊടി മൂലമുള്ള അനുബന്ധ രോഗങ്ങള്‍ ബാധിച്ച് ചികിത്സ തേടേണ്ടി വന്നതായും കച്ചവടക്കാര്‍ പറയുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പ്, പഞ്ചായത്ത് അധികൃതര്‍ക്ക് വ്യാപാരികള്‍ പരാതി നല്‍കിയിട്ടുണ്ട്. ബസാര്‍ റോഡില്‍ നിര്‍ത്തിവെച്ച നിര്‍മ്മാണം ഉടന്‍ പുനരാരംഭിച്ച് വികസനം പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യം.

Rate this item
(0 votes)