Print this page

ആന വിരണ്ടോടി

ചാവക്കാട് എടക്കഴിയൂര്‍ ചന്ദനക്കുടം നേര്‍ച്ചക്കെത്തിയ ആന വിരണ്ടോടി. 2 പാപ്പാന്‍മാര്‍ക്ക് പരിക്ക്.നിരവധി വീടുകളുടെ മതിലുകള്‍ തകര്‍ത്തു. കിലോമീറ്ററുകള്‍ ഓടിയതിന് ശേഷം ഗുരുവായൂര്‍ താമരയൂരില്‍ വെച്ചാണ് ആനയെ തളച്ചത്. പാപ്പാന്‍മാരായ കൊല്ലം സ്വദേശി രതീഷ് , കുന്നംകുളം കണ്ടുരുത്തിയില്‍ ഷിനോജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ വടക്കു ഭാഗം കാഴ്ചക്കായെത്തിയ കൊല്ലം മഹാദേവന്‍ എന്ന ആനയാണ് വിരണ്ടോടിയത് .എടക്കഴിയൂര്‍ ജുമാ മസ്ജിദിനു മുന്നില്‍ നിന്ന് ഓടിയ ആന ഇടവഴികളിലൂടെ കടന്ന് തിരുവത്ര ഗ്രാമകുളം റോഡ് വഴി ദേശീയ പാതയിലേക്ക് കടന്നു. അവിടെ നിന്ന് കുഞ്ചേരിയിലേക്ക് ഓടിയ ആന കനോലി കനാല്‍ കടന്നാണ് താമരയൂരില്‍ എത്തിയത്. പോകുന്ന വഴിയിലെ നിരവധി മതിലുകളും വേലികളും തകര്‍ത്തു. എന്നാല്‍ ആന ആരെയും ഉപദ്രവിച്ചില്ല. മണിക്കൂറുകള്‍ക്ക് ശേഷം എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് ആനയെ തളച്ചത്. പരിക്കേറ്റ പാപ്പാന്മാരെ എടക്കഴിയൂര്‍ ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ രതീഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Rate this item
(0 votes)