തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രസവ വാര്‍ഡിന് സമീപം മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടുന്നു. ടണ്‍കണക്കിന് മാലിന്യങ്ങള്‍ ആശുപത്രി വാര്‍ഡിനു സമീപം കൂട്ടിയിട്ടുന്നത് ഗുരുതരമായ ആരോഗ്യ പ്രശന്ങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് ആശങ്ക. മെഡിക്കല്‍ കോളേജിലെ ഒന്നാം വാര്‍ഡിലെ പ്രസവ വാര്‍ഡിനും , ഐ.സി.യു.കള്‍ക്കും സമീപമുള്ള വരാന്തയിലാണ് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. ആശുപത്രിയിലെ ഉപയോഗ ശൂന്യമായ മരുന്നുകളും ഭക്ഷണ പദ്ധാര്ത്ഥങ്ങളുടെ അവശിഷ്ടങ്ങളുമാണ് പ്രസവ വാര്‍ഡിലെ വരാന്തയില്‍ കൂട്ടിയിട്ടിരിക്കുന്നത്. പ്രസവ വാര്‍ഡിന് പുറമേ സര്‍ജറി, മെഡിസിന് ഐ.സിയുകളണ് മാലിന്യകുമ്പാരത്തിന് സമീപം പ്രവര്‍ത്തിക്കുന്നത്. കോണി വരാന്തയില്‍ മുക്കാല്‍ കിലോമീറ്റര്‍ നീളത്തില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ടിട്ടുണ്ട്. പുതിയ ആശുപത്രി കെട്ടിടത്തിലെ മുഴുവന്‍ വാര്‍ഡുകളിലെ ഖരമാലിന്യങ്ങള്‍ പ്രസവ വാര്‍ഡിന് സമീപമുള്ള കോണിവരാന്തയോട് ചേര്‍ന്നാണ് തള്ളിയിരിക്കുന്നത്. മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ഈ ഭാഗത്ത് രാത്രികാലങ്ങളില്‍ മല- മൂത്ര വിസര്‍ജനം നടത്തുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
തൃശൂര്‍ വിവേകോദയം ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവം നവാഗതര്‍ക്ക് വിളക്ക് സമ്മാനമായി നല്കി ആഘോഷിച്ചു. 1994-95 കാലഘട്ടത്തിലെ പൂര്വവിദ്യാര്ത്ഥികളാണ് നവാഗതരായ വിദ്യാര്‍ത്ഥികള്‍ക്ക് വിളക്ക് സമ്മാനമായി നല്‍കിയത്. കോര്പ്പറേഷന് കൗണ്‍സിലര്‍ എം.എസ്.സമ്പൂര്‍ണ, സ്കൂള്‍ മാനേജരും മുന്‍ സ്പീക്കറുമായ അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്, പ്രധാനാധ്യാപകന് കെ.രാജേഷ് ശര്‍മ്മ, എല്‍.പി വിഭാഗം പ്രധാനാധ്യാപിക കെ.സുസ്മിത, പ്രിന്‍സിപ്പാള്‍ എന്‍.വേണുഗോപാലന്‍, മുന്‍ പ്രധാനാധ്യാപികമാരായ കുമാരി ലത, ഒ.സതി എന്നിവര്‍ സംസാരിച്ചു.
എന്‍.സി.പി സംസ്ഥാന കമ്മിറ്റി അംഗവും സാമൂഹ്യ -സാസ്കാരിക- വിദ്യഭ്യാസ രംഗത്ത് സജീവ സാന്നിദ്ധ്യവുമായിരുന്ന പ്രൊഫ.കെ.ബി ഉണ്ണിത്താന് അന്തരിച്ചു. എണ്‍പത് വയസായിരുന്നു. തൃശൂര്‍ ശങ്കരയ്യര്‍ റോഡിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നടത്തി. പ്രൊഫസര്‍ കെ.ബി ഉണ്ണിത്താന്റെ നിര്യാണത്തില്‍ മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി, മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് തുടങ്ങിയവര്‍ അനുശോചിച്ചു. തൃശൂരിന്റെ കലാസാംസ്കാരികസാമൂഹ്യരാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞു നിന്ന ഉണ്ണിത്താന് സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉപാസകനായിരുന്നുവെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ച് അവയ്ക്കു പുറകേ പോകാന്‍ മാഷ് ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
അന്തിക്കാട്: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസ് മര്‍ദ്ദനമേറ്റ് മരിക്കാനിടയായ സംഭവത്തില്‍ പ്രതിയായ വ്യവസായി മുഹമ്മദ് നിഷാമിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് നിഷാമിന്റെ ജന്മനാടായ മുറ്റിച്ചൂരില്‍ നാട്ടുകാര്‍ യോഗം ചേര്‍ന്നു. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നൂറ്റി അമ്പതോളം പേര് യോഗത്തില്‍ പങ്കെടുത്തതായി പറയുന്നു. ഇവര്‍ എല്ലാവരും, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, മനുഷ്യാവകാശ കമ്മീഷന് എന്നിവര്‍ക്ക് നല്കുന്ന ദയാഹര്‍ജിയില്‍ ഒപ്പിടുകയും ചെയ്തു. നിഷാമിന് പരോള്‍ അനുവദിക്കുക, മതിയായ ചികിത്സ നല്‍കുക, ജീവപര്യന്തം കഠിന തടവ് എന്ന ശിക്ഷ ഇളവ് ചെയ്യുക തുടങ്ങിയവയാണ് പ്രധാനമായും യോഗത്തില്‍ ഉന്നയിച്ച ആവശ്യം. അതേസമയം നിഷാമിന്റെ വീട്ടുകാര്‍ ആരും യോഗത്തില്‍ പങ്കെടുത്തില്ല . ജാതി, മത, രാഷ്ട്രീയത്തിന് അപ്പുറം സൗഹൃദ കൂട്ടായ്മയോടെ നിഷാമിന്റെ നീതിക്കായി പോരാടുമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ഇരിങ്ങാലക്കുട: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാകുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍. തൊട്ടിപ്പാള്‍ പുതുപ്പുള്ളി വീട്ടില്‍ രഞ്ജിത്തിനെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി - കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട കോമ്പാറ സ്വദേശിനിയായ യുവതിയാണ് ഒരുമാസം മുമ്പ് ആത്മഹത്യ ചെയ്തത്. മാവേലിക്കരയില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവിന് അവിടെയുള്ള മറ്റൊരു യുവതിയുമായി ഉണ്ടായിരുന്ന ബന്ധം അറിഞ്ഞ യുവതി അത് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മിലുണ്ടായ വഴക്കാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. എസ്.ഐ - പ്രദീപ്, സി.പി.ഒ മാരായ മുഹമ്മദ് അഷറഫ്, ഗോപി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
തൃപ്രയാര്‍: ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ നേഴ്സറിയാക്കാന് അനുവദിക്കില്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. നാട്ടിക എസ്.എന്‍. കോളേജില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പണികഴിപ്പിച്ച ശ്രീനാരായണ ഗുരുദേവ പ്രതിമ ഉള്‍പ്പെട്ട മണ്ഡപത്തിന്റെ സമര്‍പ്പണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിട്ടയായും, ഭംഗിയായും പ്രവര്‍ത്തിക്കുന്നതാണ് ശ്രീനാരായണ വിദ്യാലയങ്ങള്‍. ഇവിടെ രാഷ്ട്രീയ ബാലപാഠങ്ങള്‍ പഠിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇതൊരിക്കലും അനുവദിക്കുകയില്ലെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എസ്.എന്‍.ഡി.പി. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി സദാനന്ദന് അധ്യക്ഷനായിരുന്നു. ഡോ. എം.എം. ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.എന്‍.ഡി.പി നാട്ടിക യൂണിയന് പ്രസിഡണ്ട് ഉണ്ണികൃഷ്ണന് തഷ്ണാത്ത്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വിനു, വാര്‍ഡംഗം വി.ആര് പ്രമീള എന്നിവര്‍ സംസാരിച്ചു.
കൊടുങ്ങല്ലൂര്‍ എടതിരുത്തിയില് എക്സൈസ് സ്പെഷല്‍ സ്ക്വാഡും എക്സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ റെയ്ഡില്‍ വില്‍പ്പനയ്ക്ക് സൂക്ഷിച്ച ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എടത്തിരുത്തി കൊണ്ടപ്പശേരി മകന് രാമകൃഷ്ണനെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ജി.പ്രകാശ്, ഇന്‍സ്പെക്ടര്‍ എസ്.ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. മകന് രോഹന് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. രാമകൃഷ്ണനും മകന് രോഹനും ചേര്‍ന്ന് കഞ്ചാവ് പൊതികളിലാക്കി വീട് കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, പ്രിവിന്റീവ് ഓഫീസര്‍ തോമസ്, ഡേവീസ്, ഒ.എസ്.സതീഷ്, ജിന്റോ, ഐ.ബി പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ വഹാബ്, കെ.സി. അനന്തന്, റിന്റോ ആന്റണി, എം.സി. അനൂപ്, എ.എസ്.ഷിബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
എരുമപ്പെട്ടി: എരുമപ്പെട്ടിയില്‍ സ്കൂളില്‍ നിന്ന് മടങ്ങുകയായിരുന്ന യുവതിയും കുട്ടികളും സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തെ അശ്രദ്ധയോടെ പുറകോട്ടെടുത്ത ലോറി ഇടിച്ച് വീഴ്ത്തി. ലോറിക്കടിയില്‍ കുടുങ്ങിയ യുവതിയും കുഞ്ഞുങ്ങളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. നെല്ലുവായ് കള്ളിക്കാട്ടില്‍ ബിജുവിന്റെ ഭാര്യയായ നിത്യയും കുട്ടികളുമാണ് അപകടത്തില്‍പെട്ടത്. സ്കൂളില്‍ നിന്നു കുട്ടികളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു നിത്യ. ആശുപത്രിക്ക് സമീപമുള്ള പമ്പില്‍ നിന്നു പെട്രോള്‍ അടിച്ച് വരുമ്പോള്‍ മുന്നില്‍ സഞ്ചരിച്ചിരുന്ന എരുമപ്പെട്ടി പഞ്ചായത്തിന്റെ കുടിവെള്ളം വിതരണം ചെയ്യുന്ന മിനി ലോറി പെട്ടെന്ന് നിര്‍ത്തി പുറകോട്ടെടുത്തു. ഇത് കണ്ട് നിത്യ ഇരുചക്രവാഹനം നിര്‍ത്തിയെങ്കിലും അശ്രദ്ധയോടെ പുറകോട്ടെടുത്ത ലോറി ഇടിക്കുകയായിരുന്നു. ലോറിക്കടിയിലേക്ക് വീണ ഇരുചക്രവാഹനമടക്കം നിത്യയേയും മക്കളേയും ലോറി കുറച്ച് ദൂരം പുറകിലോട്ട് നിരക്കികൊണ്ട് പോയി. ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ബഹളം വെച്ചപ്പോഴാണ് ലോറി ഇടിച്ചത് ഡ്രൈവര്‍ അറിയുന്നത്. ലോറിയുടെ ടയറിനടിയില്‍ നിന്ന് നൂലിട വ്യത്യാസത്തില്‍ നിത്യയും കുട്ടികളും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നിസാര പരുക്കുകള്‍ പറ്റിയ ഇവര്‍ എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
തൃപ്രയാര്‍: ചേറ്റുവ പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ചേറ്റുവ പുഴയുടെ തെക്കുഭാഗത്ത് പഴയ ബോട്ട് ജെട്ടിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.പുഴയോരത്ത് ചെളിയില്‍ പുതഞ്ഞ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. അറുപത്തിരണ്ട് വയസ് തോന്നിക്കുന്ന ഇയാള്‍ കള്ളിമുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിട്ടുള്ളത്. കയ്യില്‍ വഴിപാട് നൂലും കെട്ടിയിട്ടുണ്ട് വിവരമറിഞ്ഞ് വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ചാലക്കുടി: ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തുമ്പൂര്‍മുഴി വിനോദസഞ്ചാരകേന്ദ്രത്തിന്റെ മൂന്നാംഘട്ട നവീകരണം ശനിയാഴ്ച രാവിലെ 10ന് മന്ത്രി കടകംപിള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യുമെന്ന് ബി.ഡി. ദേവസി എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാലര കോടി രൂപ ചെലവില്‍ അതിരപ്പിള്ളിയില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ഇന്നസെന്റ് എം.പി. മുഖ്യാതിഥിയായിരിക്കും. കുട്ടികളുടെ പാര്‍ക്ക് നവീകരണം, കര്ട്ടന് ഫൗണ്ടന്, ജനറേറ്റര്‍, നടപ്പാതക്കായി മേല്‍പ്പാലം, ഇരിപ്പിടങ്ങള്‍ എന്നിവയാണ് തുമ്പൂര്‍മുഴിയില്‍ പുതിയതായി ഒരുക്കുക. ഇന്‍ഫര്‍മേഷന്‍ സെന്റര്‍, അസംബ്ലി ഹാള്‍, ഗേറ്റ്വേ, പര്‍ഗോള നടപ്പാത, കുട്ടികള്‍ക്കായി പാര്‍ക്കും പൂന്തോട്ടവും, പുഴയോര നടപ്പാത, ടോയ്ലറ്റ് കോപ്ലക്സ് എന്നിവയാണ് അതിരപ്പിള്ളിയില്‍ പുതിയതായി നിര്‍മ്മിക്കുന്നത്. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, ഹൗസിംഗ്ബോര്‍ഡ് റീജണല്‍ എന്‍ജിനീയര്‍ കെ.കെ.ഗോപാലന്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എ.ഷാഹുല്‍ഹമീദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.