UPDATE:
News

കൊടുങ്ങല്ലൂര്‍: ദേശീയപാതയില്‍ ആലയ്ക്ക് സമീപം തണല്‍മരം കടപുഴകി വീണ് ചായക്കട തകര്‍ന്നു. ആല ഇരുപത്തിയാറില്‍ അശോകന്റെ ചായക്കടയാണ് തകര്‍ന്നത്. കനത്ത മഴയില്‍ റോഡരികിലെ വാകമരം കടപുഴകി വീഴുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടിയപ്പോള്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ വൈകിയത് ആശങ്ക പരത്തി. മതിലകം പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചു നീക്കി.

Published in Gramavarthakal

പുതുക്കാട്: ആലപ്പുഴയില്‍ വിനോദയാത്രയ്ക്കിടെ കായലില്‍ വീണ ചിറ്റിശേരി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചിറ്റിശേരി താനോലി വിജയന്റെ മകന്‍ വിനിത്ത് ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ വിനിത്ത് സുഹൃത്തുക്കളോടൊപ്പം കഴിഞ്ഞ ദിവസമാണ് വിനോദയാത്രക്ക് പോയത്. കൈനകരി കായലില്‍ ഹൗസിംഗ് ബോട്ട് യാത്രക്കിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഒഴുക്കില്‍പെട്ട വിനിത്തിന്റെ മൃതദേഹം ഫയര്‍ഫോഴ്‌സ് ജീവനക്കാരാണ് കണ്ടെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Published in Gramavarthakal

ദേശീയപാത കുതിരാനില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയില്‍ മല്ലിമരമാണ് കടപുഴകി വീണത്. ഇതേ തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ജെ.സി.ബി. ഉപയോഗിച്ച് മരം നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Published in Gramavarthakal

ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു. കഴിഞ്ഞ 3 മാസത്തിനിടെ ഇരുനൂറ്റി നാല്‍പതോളം പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമ്പോഴും ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നത് ആരോഗ്യ വകുപ്പ് അധികൃതര്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. നേരത്തെ ഡെങ്കിപ്പനി പടര്‍ന്ന്പടിച്ച മേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെ മറ്റു പ്രദേശങ്ങളിലേക്കും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത് ആരോഗ്യവകുപ്പിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ മാത്രം ജില്ലയില്‍ 40 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതില്‍ ശനിയാഴ്ച മാത്രം 10 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മണലൂര്‍, മേലൂര്‍, പറപ്പൂര്‍, മേലൂക്കര, ചാവക്കാട്, കൂര്‍ക്കഞ്ചേരി, വെള്ളാനിക്കര, നടത്തറ എന്നിവിടങ്ങളിലാണ് ശനിയാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ 3 മാസത്തിനിടെ മാത്രം 240-ഓളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 4 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ജില്ലയില്‍ മരിച്ചത്. ഡെങ്കിപ്പനി വ്യാപകമായി പടര്‍ന്നു പിടിച്ച മരത്താക്കര, പടവരാട്, എളനാട്, പെരിഞ്ഞനം മേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കോര്‍പ്പറേഷന്‍ പരിധിയില്‍ ഒല്ലൂക്കര, കാച്ചേരി, കൂര്‍ക്കഞ്ചേരി, രാമവര്‍മ്മപുരം എന്നിവിടങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ കോര്‍പ്പറേഷന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ഫോഗിങ്ങ് ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.

Published in News Highlights

സാമൂഹിക അനീതിക്കെതിരെ പോരാടാന്‍ മലയാള നാടകവേദിക്ക് കഴിയണെമെന്നും കച്ചവട താല്‍പര്യങ്ങള്‍ ജനകീയ നാടകവേദിയെ പിടിമുറുക്കുകയാണെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണല്‍ നാടക പുരസ്‌കാര സമര്‍പ്പണം തൃശൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ബാലന്‍. വര്‍ത്തമാനകാല പ്രൊഫഷണല്‍ നാടകങ്ങള്‍ കൂടുതല്‍ കരുതലോടേയും പുരോഗമന ചിന്തയിലൂടേയും മുന്നേറേണ്ടതുണ്ട്. സമൂഹത്തിന്റെ നീറുന്ന പ്രശ്‌നങ്ങളില്‍ നിന്ന് പുറംതിരിഞ്ഞു നില്‍ക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. കലാകാരന്‍മാര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന രണ്ടായിരം രൂപ പെന്‍ഷന്‍ മൂവായിരം രൂപയായി വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഉള്ള ആനുകൂല്യങ്ങള്‍ പോലും കലാകാരന്‍മാര്‍ നേടിയെടുക്കാത്ത സാഹചര്യമാണിന്നുള്ളത്. അടുത്ത കൊല്ലത്തോടെ പ്രൊഫഷണല്‍ നാടകങ്ങള്‍ക്കും തുക വര്‍ദ്ധിപ്പിക്കും. എഴുത്തച്ഛന്‍ പുരസ്‌കാരം 3 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രംഗത്ത് മാറ്റത്തിന്റെ ചാലകശക്തിയായി വര്‍ത്തിച്ചത് നാടകമാണെന്നും നാടകത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച ഒരു വലിയ സമൂഹം ഇപ്പോഴും നമുക്ക് ചുറ്റുമുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ കുമാര്‍ പറഞ്ഞു. മേയര്‍ അജിതാ ജയരാജന്‍ മുഖ്യാതിഥിയായിരുന്നു സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി. ലളിത, സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായര്‍, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്, എന്‍.ആര്‍.ഗ്രാമപ്രകാശ്, പി.മധു തുടങ്ങിയവര്‍ സംസാരിച്ചു. സമ്മാനര്‍ഹമായ നാടകങ്ങള്‍ക്കും കലാകാരന്‍മാര്‍ക്കുമുള്ള പുരസ്‌കാരം മന്ത്രി ബാലന്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് കോഴിക്കോട് കലിംഗ തിയറ്റേഴ്‌സിന്റെ 'ഇത് ഭൂമിയാണ്' എന്ന നാടകവും അരങ്ങേറി.

          തൃശൂരില്‍ വള്ളത്തോളിന്റെ പേരില്‍ സാംസ്‌കാരിക സമുച്ചയം ഈ വര്‍ഷം നിര്‍മ്മാണം ആരംഭിക്കുമെന്നും തൃശൂരില്‍ സ്ഥിരമായി നാടകവേദി സജ്ജമാക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. 40 കോടി ചെലവില്‍ എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയം ആരംഭിക്കുന്നുണ്ട്. പാലക്കാട് വി.ടി.ഭട്ടതിരിപ്പാടിന്റെ പേരിലും തിരുവനന്തപുരത്ത് അയ്യങ്കാളിയുടെ പേരിലുമാണ് സമുച്ചയം നിര്‍മ്മിക്കുക. സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് 5 ശതമാനം ബജറ്റ് വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്. വിവിധ സ്മാരകങ്ങള്‍ക്കുള്ള ഗ്രാന്റും കലാകാരന്മാര്‍ക്കുള്ള പെന്‍ഷനും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഗ്രാമങ്ങളില്‍ തിയേറ്റര്‍ ശൃംഖല ആരംഭിക്കാനും ഫിലിം സിറ്റി തിയ്യേറ്ററുകളില്‍ ഇ-ടിക്കറ്റിങ്ങ് സംവിധാനം നടപ്പാക്കാനും പദ്ധതി തയ്യാറായിട്ടുണ്ട്. തൃശൂരില്‍ ക്ലാസിക് നാടകങ്ങള്‍ അടക്കമുള്ളവയ്ക്കായി സ്ഥിരം നാടകവേദി ഒരുക്കാനാണ് ആലോചിക്കുന്നത്. അവശ കലാകാരന്മാര്‍ക്കുള്ള അനുകൂല്യവും സര്‍ക്കാര്‍ വര്‍ധിപ്പിച്ചതായും സിനിമാരംഗത്ത് സമഗ്ര നിയമനിര്‍മ്മാണം നടപ്പാക്കിയതായും ബാലന്‍ പറഞ്ഞു. സാറാജോസഫ്, യു.എ.ഖാദര്‍ എന്നിവര്‍ക്ക് സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം മന്ത്രി സമ്മാനിച്ചു. ഒ.വി.ഉഷ, മുണ്ടൂര്‍ സേതുമാധവന്‍, വി.സുകുമാരന്‍, ടി.ബി.വേണുഗോപാലപണിക്കര്‍, പ്രയാര്‍ പ്രഭാകരന്‍, ഡോ.കെ.സുഗതന്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവന പുരസ്‌കാരവും ചടങ്ങില്‍ സമര്‍പ്പിച്ചു. അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷത വഹിച്ചു. ഡോ.കെ.പി.മോഹനന്‍, ഖദീജ മുംതാസ്, ആലങ്കോട് ലീലാ കൃഷ്ണന്‍, പ്രൊഫ.വി.എന്‍.മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.

Published in News Highlights

അന്തിക്കാട്: പരമ്പരാഗത കള്ള് ചെത്ത് വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് കള്ളിനെ വീര്യം കൂടിയ മദ്യ ഗണത്തില്‍ നിന്ന് മാറ്റണമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. തൃശൂര്‍ താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ -എ.ഐ.ടി.യു.സി.യുടെ നേതൃത്വത്തില്‍ അന്തിക്കാട് ചടയന്‍മുറി സ്മാരക മന്ദിരത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുന്‍ മന്ത്രി കെ.പി.പ്രഭാകരന്റെ സ്മരണാര്‍ത്ഥം നടത്തിയ കെ.പി.സ്മൃതി വൃക്ഷതൈ നടീല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കള്ള് വീര്യം കൂടിയ മദ്യത്തിന്റെ പട്ടികയില്‍ പെട്ടതു കൊണ്ടാണ് പരമ്പരാഗത കള്ള് ചെത്ത് വ്യവസായം തകര്‍ച്ചയിലേക്ക് വരാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ.എം.ജയദേവന്‍ അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ചെത്തുതൊഴിലാളി നേതാവ് വി.കെ വാസുവിന്റെ സ്മരണാര്‍ത്ഥം ചടയന്‍മുറി സ്മാരക മന്ദിരത്തിന് മകള്‍ വി.വി.ശോഭന നല്‍കിയ മൈക്ക് സെറ്റ് മന്ത്രി ഏറ്റുവാങ്ങി. നേതാക്കളായ ടി.കെ.മാധവന്‍, കെ.എം.കിഷോര്‍ കുമാര്‍, സി.കെ.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Published in News Highlights

സ്പീഡ് ഗവേണര്‍ ഘടിപ്പിക്കാതെ സര്‍വ്വീസ് നടത്തിയ 73 സ്വകാര്യ ബസുകള്‍ക്കെതിരെ പോലീസ് നടപടിയെടുത്തു. റൂറല്‍ എസ്.പി- എന്‍.വിജയകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം 418 ബസുകള്‍ പരിശോധന നടത്തിയതിലാണ് സ്പീഡ് ഗവേണര്‍ ഇല്ലാതെ സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസുകള്‍ പിടിയിലായത്. ബസുകളില്‍ നിന്ന് 19,200 രൂപ പിഴയിടാക്കി.

Published in Thrissur Round Up

തൃപ്രയാര്‍: ആംബുലന്‍സ് കട്ടപ്പുറത്തായെങ്കിലും തന്നിലെ ജീവന്‍രക്ഷാ പ്രവര്‍ത്തകന്റെ ദൗത്യം മറക്കാതെ ഓട്ടോഡ്രൈവര്‍. വലപ്പാട് സ്വദേശി കണ്ണേങ്ങാട്ട് പോളിന്റെ സമയോജിതമായ ഇടപെടലാണ് അപകടത്തില്‍പ്പട്ടവര്‍ക്ക് ഏറെ അശ്വാസമായത്. കഴിഞ്ഞ പത്തുവര്‍ഷമായി വലപ്പാട് ഗവണ്‍മെന്റ് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറായിരുന്നു പോള്‍.ഇതിനിടെ ഒട്ടേറെ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.ഒരുവര്‍ഷം മുന്‍പ് ആംബുലന്‍സ് തകരാറിലായതോടെ പോള്‍ പഴയതുപോലെ ഓട്ടോഡ്രൈവറുടെ ജോലിയിലേക്ക് തിരികെയെത്തി. ആംബുലന്‍സ് മുന്‍ ഡ്രൈവറായ എടമുട്ടം ചൂലൂര്‍ സ്വദേശി ബുഹാരിയെ അമല ആശുപത്രിയില്‍ ഡയാലിസിസ് നടത്തി തിരികെ വരുന്നതിനിടെയാണ് വലപ്പാട് നടന്ന അപകടം പോളിന്റെ ശ്രദ്ധയില്‍പെടുന്നത്. തൃപ്രയാര്‍ സെന്ററില്‍ വെച്ച് പോള്‍ സഞ്ചരിച്ചിരുന്ന ഓട്ടോയെ അപകടത്തില്‍പെട്ട സ്വകാര്യബസ് മറികടന്ന് പോയിരുന്നു. മിനുട്ടുകള്‍ക്കുള്ളില്‍ അതേ ബസും, ചരക്കുലോറിയും തകര്‍ന്നുകിടക്കുന്നതിനാണ് പോള്‍ സാക്ഷിയായത്. യാത്രക്കാരുടെയും, ബസ് ജീവനക്കാരുടെയും കൂട്ടനിലവിളിയായിരുന്നു ഈ സമയം. ഓട്ടോ നിര്‍ത്തിയിട്ട ഇദ്ദേഹത്തോടൊപ്പം വൃക്ക രോഗിയായ ബുഹാരിയും രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങി.സ്ത്രീകള്‍ ഉള്‍പ്പെട്ട യാത്രക്കാരില്‍ പലരുടെയും കൈകാലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നു. ചിലര്‍ രണ്ടു കാലും, കയ്യും ഒടിഞ്ഞ് വേദനകൊണ്ട് നിലവിളിക്കുകയായിരുന്നു. ഇതിനിടെ പോള്‍ വിവരമറിയിച്ചതോടെ ആക്ട്‌സിന്റെ മൂന്ന് ആംബുലന്‍സുകള്‍ ഉള്‍പെടെ അഞ്ച് ആംബുലന്‍സുകളിലെ പ്രവര്‍ത്തകരും, വലപ്പാട്, ഹൈവേ, കണ്‍ട്രോള്‍ റൂം പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. പോളിനൊപ്പം നാട്ടുകാരില്‍ ചിലരും രക്ഷാപ്രവര്‍ത്തനം നടത്താന്‍ എത്തി. തകര്‍ന്ന സീറ്റുകള്‍ക്കും, പൊട്ടിപ്പൊളിഞ്ഞ ഫ്‌ളാറ്റ്‌ഫോമിനും ഇടയില്‍നിന്ന് യാത്രക്കാരെ പുറത്തെടുക്കുന്നത് ഏറെ ശ്രമകരമായിരുന്നെന്ന് പോള്‍ വലപ്പാട് പറഞ്ഞു. ലോറിയുടെ കാബിന്‍ പൊളിക്കാന്‍ ഫയര്‍ഫോഴ്‌സ് അത്യാധുനിക ഉപകരണങ്ങള്‍ കൊണ്ടുവന്നെങ്കിലും ശരിയായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ അല്‍പസമയം വൈകിയതായി പറയുന്നു. മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായപ്പോഴാണ് പോള്‍ ഓട്ടോയില്‍ രോഗിയെ തിരികെ വീട്ടിലെത്തിച്ചത്. കട്ടപ്പുറത്തിരിക്കുന്ന തന്റെ ആംബുലന്‍സിന്റെ തകരാര്‍ ഏതു വിധേനയും പരിഹരിച്ച് പുറത്തിറക്കി രക്ഷാപ്രവര്‍ത്തന രംഗത്ത് സജീവമാകാനാണ് പോള്‍ വലപ്പാടിന്റെ ലക്ഷ്യം.

Published in Special Reports

പുതുക്കാട്: പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്‍പില്‍ കള്ളിച്ചിത്ര കോളനിയിലെ ആദിവാസികള്‍ നടത്തുന്ന കുടില്‍കെട്ടി സമരം ശക്തമാകുന്നു. ഇരുപത് ദിവസം പിന്നിട്ട സമരത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധി രാഷ്ട്രീയ സംഘടനകളാണ് സമരപ്പന്തലില്‍ എത്തുന്നത്. ഭൂസമര ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ വരന്തരപ്പിള്ളിയില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ നിരവധി രാഷ്ടീയ,തൊഴിലാളി സംഘടന നേതാക്കള്‍ പങ്കെടുത്തു. ദേശീയ മനുഷ്യാവകാശ സംഘടന സംസ്ഥാന പ്രസിഡന്റ് ശിവന്‍കുട്ടി വിളയോടി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ഭൂസമര ജനകീയ മുന്നണി ജില്ലാ കണ്‍വീനര്‍ ടി.കെ.മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പ്രകടനവുമായി സമരപ്പന്തലിലെത്തിയ നേതാക്കള്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടത്തി. പുനരധിവാസത്തിന് വേണ്ടി ആദിവാസികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി തിങ്കളാഴ്ച വരന്തരപ്പിള്ളിയില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ തിങ്കളാഴ്ച സമരപന്തലില്‍ എത്തും. ബി.ജെ.പി.യുടെയും ഹിന്ദു ഐക്യവേദിയുടെയും സംസ്ഥാന നേതാക്കള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമരപ്പന്തലിലെത്തുമെന്ന് സമരസമിതി കോര്‍ഡിനേറ്റര്‍ എം.എം.പുഷ്പന്‍ അറിയിച്ചു.

Published in News Highlights

കൊടുങ്ങല്ലൂര്‍: കടലാക്രമണത്തിന്റെ മറവില്‍ എറിയാട് പഞ്ചായത്തില്‍ കടല്‍മണല്‍ക്കടത്ത് വ്യാപകമായി. പേബസാര്‍, ലൈറ്റ് ഹൗസ് കടപ്പുറങ്ങളിലാണ് മണല്‍കടത്ത് നടക്കുന്നത്. ശക്തമായ വേലിയേറ്റത്തെ തുടര്‍ന്ന് കടല്‍ഭിത്തി കടന്നെത്തിയ മണലാണ് രാപ്പകല്‍ ഭേദമില്ലാതെ കടത്തുന്നത്. പ്ലാസ്റ്റിക്ക് ചാക്കുകളില്‍ നിറച്ചും കുന്നു കൂട്ടിയും വെയ്ക്കുന്ന മണല്‍ പകല്‍ ഇരുചക്രവാഹനങ്ങളിലും രാത്രി വലിയ വാഹനങ്ങളിലും കടത്തുകയാണ്. ഈയിടെ പല തവണയായി ശക്തമായ വേലിയേറ്റമനുഭവപ്പെട്ട ഈ മേഖലയില്‍ കടല്‍ഭിത്തിക്ക് പുറത്തേക്ക് വന്‍തോതില്‍ മണല്‍ വന്നടിഞ്ഞിരുന്നു. നിയമം മൂലം നിരോധിച്ചിട്ടുള്ള കടല്‍മണല്‍ ഖനനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Published in Gramavarthakal
  •  Start 
  •  Prev 
  •  1  2  3  4  5  6 
  •  Next 
  •  End 
Page 1 of 6

Other Head Lines

Go to top