UPDATE:
News

കൊടകര: കനത്തമഴയില്‍ കൊടകര പഞ്ചായത്തിലെ അഴകത്ത് വീട് തകര്‍ന്നു. അഴകം കടമ്പാട്ട് ബിജുവിന്റെ ഓടിട്ടവീടാണ് മഴയില്‍ ഭാഗികമായി തകര്‍ന്നുവീണത്. വീടിന്റെ അടുക്കള ഭാഗത്തെ ചുമരും മേല്‍ക്കൂരയുടെ ഒരു ഭാഗവുമാണ് മഴയില്‍ വീണത്. ആളപായമുണ്ടായില്ല. അവശേഷിക്കുന്ന ഭാഗം ഏതു സമയവും നിലംപൊത്താറായ നിലയിലാണ്.

Published in Gramavarthakal

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ശൃംഗപുരം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റിന് ലഹരി മാഫിയയുടെ വധഭീഷണി. പി.ടി.എ. പ്രസിഡന്റ് നവാസ് പടുവിങ്ങലിനാണ് തപാല്‍ മാര്‍ഗം വിദ്യാലയത്തിന്റെ മേല്‍വിലാസത്തില്‍ ഭീഷണി കത്ത് ലഭിച്ചത്. ടൈപ്പ് ചെയ്ത ഭീഷണി കത്ത് തൃശൂരില്‍ നിന്നുമാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് നവാസ് പടുവിങ്ങലും സ്‌കൂള്‍ അധികൃതരും കൊടുങ്ങല്ലൂര്‍ പോലീസില്‍ പരാതി നല്‍കി. വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പി.ടി.എയുടെ നേതൃത്വത്തില്‍ പോലീസും എക്‌സൈസുമായി സഹകരിച്ച് പ്രതിരോധ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി വരികയാണ്. ഇതിനെതിരെയുള്ള പ്രതികരണമാണ് വധഭീഷണിയെന്നാണ് സൂചന.

Published in Gramavarthakal

സര്‍ക്കാരിന്റെ പുതിയ മദ്യനയം ചര്‍ച്ചയാകുമ്പോള്‍ മദ്യാസക്തര്‍ക്ക് പുനര്‍ജന്മമൊരുക്കുന്ന പൂമലയിലെ ഡി അഡിക്ഷന്‍ സെന്ററായ പുനര്‍ജനി പുതിയ ഉദ്യമങ്ങളിലേക്ക് പ്രതീക്ഷയോടെ ചുവടുവെയ്ക്കുകയാണ്. പൂമലയിലെ പുനര്‍ജനിയിലേക്ക് വരുന്നവരെ സ്വാഗതം ചെയ്യുന്ന ഫീനിക്‌സ് ശില്‍പം ഒരു പ്രതീകമാണ്. വീണടിഞ്ഞ ചാരക്കൂനയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവന്റെ ജീവിത സ്വപനമാണ് ശില്‍പം. ഇത് വെറുമൊരു ശില്‍പം മാത്രമല്ല പുനര്‍ജനിയുടെ എല്ലാമെല്ലാമായ ഡോ.ജോണ്‍സ് കെ.മംഗലത്തിന്റെ ജീവിത ചിത്രം കൂടിയാണ്. പഠനത്തില്‍ മിടുക്കനായി റാങ്കുകളുടെ തോഴനായവന്‍ വീണുപോയത് മദ്യക്കുപ്പിക്കു മുന്നിലായിരുന്നു. ജീവിത ദുരന്തങ്ങളില്‍ ഇടറി വീണവന്റെ തിരിച്ചറിവാണ് പിന്നീട് പുനര്‍ജനിയായി രൂപം കൊണ്ടത്. മരുന്നും മന്ത്രവുമില്ലാതെ കൗണ്‍സിങ്ങിലൂടെയും ഗ്രൂപ്പ് തെറാപ്പിയിലൂടെയും ഇവിടെയെത്തുന്ന വരെ ജീവിതത്തിന്റെ പുതിയ ലഹരിയിലേക്ക് വീണ്ടെടുക്കുകയാണ് തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ ഫിലോസഫി വിഭാഗം തലവന്‍ കൂടിയായ ജോണ്‍സ് മംഗലത്തിന്റെയും പുനര്‍ജനിയുടേയും ജീവിത ദൗത്യം. കുടിയന്റെ കുമ്പസാരമെന്ന ജോണ്‍സന്‍ മാഷുടെ ജീവിതകഥയും മദ്യപാനി ഒരു രോഗിയാണെന്ന അവബോധവും പകര്‍ന്നുകൊണ്ട് കുടുംബവുമൊത്തുള്ള 21 ദിവസത്തെ കോഴ്‌സാണ് പുനര്‍ജനി പ്രദാനം ചെയ്യുന്നത്. കൗണ്‍സിലിനും സൗഹൃദ കൂട്ടായ്മയും സ്വന്തം ജീവിതത്തെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന അനുഭവങ്ങളും പിന്നിട്ട് ഇവിടെ നിന്നു പടിയിറങ്ങുന്നവര്‍ പുതിയ ജീവിതത്തിലെക്കാണ് ചുവടുവെക്കുന്നത്. തുടര്‍ച്ചയായ സമാഗമങ്ങളൊരുക്കി തങ്ങളുടെ പുതിയ ജീവിത വീക്ഷണങ്ങളെ സൗഹൃദത്തിലൂടെ ഊട്ടിയുറപ്പിക്കാന്‍ മാസത്തില്‍ ഒരു തവണയെങ്കിലും മിക്കവരും വീണ്ടുമെത്തും. ഒറ്റക്കല്ല കുടുംബവുമായി 13 വര്‍ഷം പിന്നിടുന്ന ഈ സേവന മാതൃക കേരളത്തില്‍ മറ്റൊരു ഡി അഡിക്ഷന്‍ സെന്ററുകള്‍ക്കും അവകാശപ്പെടാനാകില്ല. മദ്യപാനികളായവരെ പൂട്ടിയിടുകയോ മരുന്നു നല്‍കുകയോ ചെയ്യാതെയാണ് ഈ മനപരിവര്‍ത്തനം സാധ്യമാക്കുന്നതെന്ന സവിശേഷത പുനര്‍ജനിയെ വേറിട്ടതാക്കുന്നു. ഒരു ഗേറ്റോ, കാവല്‍ക്കാരനോ ഇല്ലാതെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നുവരാവുന്ന അന്തരീക്ഷമാണിവിടെയുള്ളത്. ഫിനിക്‌സ് ശില്‍പവും പുതുതായി സജ്ജമാക്കിയ ലാഫിങ്ങ് ബുദ്ധയുമെല്ലാം ഇവിടെ വന്നെത്തി ജീവിതം തിരിച്ചുപിടിച്ചവരുടെ ഗുരുദക്ഷിണ കൂടിയാണ്. 13 വര്‍ഷം കൊണ്ട് പുനര്‍ജനി നൂണ്ട് പുതു ജീവിതം തിരിച്ചുപിടിച്ചവര്‍ പതിനായിരത്തോളം പേരാണ്. പതിനായിരം പേരല്ല.പതിനായിരം കുടുംബങ്ങള്‍ അവരാണ് ഈ സ്ഥാപനത്തിന്റെ ബ്രാന്റ് അംബാസിഡര്‍മാര്‍.

Published in Special Reports

ഒമ്പതാമത് ഭരത് പി.ജെ.ആന്റണി സ്മാരക ദേശീയ നാടകരചന - ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം അവാര്‍ഡ് സമര്‍പ്പണ ചടങ്ങുകള്‍ക്ക് തൃശൂരില്‍ തുടക്കമായി. പുരസ്‌കാര സമര്‍പ്പണത്തോടനുബന്ധിച്ചുള്ള ഫിലിം ഫെസ്റ്റ് ചലച്ചിത്ര നിരൂപകന്‍ ജി.പി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിനിമയും ഫാസിസവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി അദ്ദേഹം പ്രഭാഷണവും നടത്തി. സംവിധായകന്‍ ഫറൂക്ക് അബ്ദുള്‍ റഹ്മാന്‍ ഫിലിം ഫെസ്റ്റ് ബുക്ക് പ്രകാശനം ചെയ്തു. പാര്‍ട്ട് ഒ.എന്‍.ഒ.രക്ഷാധികാരി ബിന്നി ഇമ്മട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ചാക്കോ ഡി.അന്തിക്കാട്, സംവിധായകരായ ഡോ.എസ്.സുനില്‍, റഷീദ് പാറയ്ക്കല്‍, വിനയ്‌ലാല്‍ ക്രിയ, കെ.ടി.ശ്രീജ എന്നിവര്‍ സംസാരിച്ചു. ഫിലിം ഫെസ്റ്റിന്റെ ഉദ്ഘാടന ചിത്രമായി മറുഭാഗവും തുടര്‍ന്ന് നെല്ലിക്ക, കനല്‍ എന്നീ ഷോര്‍ട്ട് ഫിലിമുകളും പ്രദര്‍ശിപ്പിച്ചു.

Published in Thrissur Round Up

തൃശൂര്‍-പൊന്നാനി കോള്‍ വികസന പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകണമെന്നും കര്‍ഷകര്‍ക്കു മനസ്സിലാകുന്ന വിധം പൂര്‍ത്തിയാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ മലയാള ഭാഷയില്‍ പദ്ധതി പ്രദേശത്ത് ബോര്‍ഡെഴുതി പ്രദര്‍ശിപ്പിക്കണമെന്നും തൃശൂര്‍-പൊന്നാനി കോള്‍ വികസന സമിതി ചെയര്‍മാന്‍ സി.എന്‍.ജയദേവന്‍ എം.പി. അയ്യന്തോളില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സമിതി യോഗത്തിലാണ് എം.പി ഇക്കാര്യം ആവശ്യപ്പെട്ടത്. അടുത്ത കൃഷിക്ക് മുന്‍പ് ജൂലൈ അവസാന വാരം തൃശൂര്‍-പൊന്നാനി കോള്‍ വികസന സമിതി യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ക്ക് അന്തിമ രൂപം നല്‍കണമെന്ന് സി.എന്‍.ജയദേവന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. തൃശൂരില്‍ 67-ഉം പൊന്നാനിയില്‍ 65-ഉം പ്രവൃത്തികള്‍ക്കായി 300 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 85 ദശാംശം 2,4 ശതമാനം പദ്ധതികള്‍ പൂര്‍ത്തീകരിച്ചെന്നും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഷീല പ്രസാദ് യോഗത്തില്‍ അറിയിച്ചു. രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ കാര്‍ഷിക യന്ത്രവല്‍ക്കരണത്തിന് 71 കോടി രൂപ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന് അനുവദിച്ചു. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ 5,050 പേര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പരിശീലനം നല്‍കും. മത്‌സ്യ സമ്പത്ത് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കൃഷി ഭുമി രൂപാന്തരപ്പെടുത്തുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് കര്‍ഷര്‍ ആവശ്യപ്പെട്ടു. കോള്‍ പടവുകളിലെ പൊതു ജലാശയങ്ങളില്‍ മത്സ്യങ്ങളെ നിക്ഷേപിച്ചാല്‍ മതിയെന്നുളള കര്‍ഷകരുടെ ആവശ്യം സമിതി അംഗീകരിച്ചു. തൃശൂര്‍ പൊന്നാനി കോള്‍ വികസന പദ്ധതിയുടെ ഫണ്ട് വിനിയോഗം തൃപ്തികരമാണെന്നും വീഴ്ച പറ്റിയിട്ടില്ലെന്നും പുതുതായി ഇനി പണം ലഭിക്കില്ലെന്നും അനുവദിച്ച പണം കൊണ്ട് പ്രവര്‍ത്തിക്കുമെന്നും സി.എന്‍.ജയദേവന്‍ പറഞ്ഞു. സമിതി യോഗം കൃത്യമായി ചേരണമെന്ന കോള്‍ കര്‍ഷക സംഘത്തിന്റെ ആവശ്യം നടപ്പിലാക്കുമെന്നും എം.പി. അറിയിച്ചു. അതേ സമയം അനാസ്ഥ പുലര്‍ത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം യോഗത്തില്‍ ഉയര്‍ന്നു. ഫണ്ട് ചിലവഴിക്കുന്നതല്ലാതെ ചണ്ടി അവിടെതന്നെ കിടക്കുകയാണെന്ന് പി.കെ.ബിജു എം.പി. പറഞ്ഞു. സമിതി അംഗങ്ങളും എം.എല്‍.എ മാരുമായ കെ.രാജന്‍, ഗീത ഗോപി, കെ.വി.അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി, ഇ.ടി.ടൈസണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍, സ്പീക്കറുടെ പ്രതിനിധി കെ.എ.ജയാനന്ദന്‍, കര്‍ഷക സമിതി പ്രതിനിധികളായ പി.ആര്‍.വര്‍ഗീസ്, എന്‍.കെ.സുബ്രഹ്മണ്യന്‍, കെ.കെ.കൊച്ചുമുഹമ്മദ്, ജില്ലാതല നിര്‍വ്വഹണോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Published in News Highlights

വടക്കാഞ്ചേരി: വടക്കാഞ്ചേരി സഹകരണ എഞ്ചിനീയറിങ്ങ് കോളേജിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവെയ്ക്കുന്നതിന് കോ-ഓപ്പറേറ്റീവ് അക്കാദമി ഫോര്‍ പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ഉത്തരവിട്ടു. മുന്‍ സഹകരണ വകുപ്പ് മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ കാലത്ത് മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്ത് നല്‍കിയ 5 ഏക്കര്‍ 40 സെന്റ് സ്ഥലത്താണ് ആധുനിക സംവിധാനങ്ങളുള്ള എഞ്ചിനീയറിങ്ങ് കോളേജിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വിവിധ വകുപ്പുകള്‍ വഴി ലഭിച്ച 48 കോടി രൂപയാണ് ഒന്നാംഘട്ട എസ്റ്റിമേറ്റ്. സഹകരണ എഞ്ചിനീയറിങ്ങ് കോളേജ് കെട്ടിടത്തിന്റെ ഏറെ മുന്നോട്ട് പോയ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഏകദേശം പത്തരകോടി രൂപയോളം ചിലവഴിച്ച സന്ദര്‍ഭത്തില്‍ വന്ന ഈ ഉത്തരവ് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അറിയുന്നു. എന്നാല്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികളുടെ കുറവല്ല, മറിച്ച് വടക്കാഞ്ചേരി മേഖലയില്‍ വരുന്ന ഒട്ടേറെ സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജുകളുടെ സമ്മര്‍ദ്ദമാണ് ഇത്തരമൊരു തീരുമാനത്തിന് പുറകിലെന്നാണ് ആക്ഷേപം. കോടികള്‍ തുലച്ച് സര്‍ക്കാരിന് നഷ്ടം വരുത്തുന്ന ഇത്തരം തീരുമാനങ്ങള്‍ അനുവദിക്കാനാകില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. അക്കാദമിയുടെ കീഴിലുള്ള കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ച് മറ്റ് പ്രൊഫഷണല്‍ വിഷയങ്ങള്‍ക്കായി കോളേജ് ആരംഭിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. എഞ്ചിനീയറിങ്ങ് കോളേജിന്റെ നിര്‍മ്മാണം നിര്‍ത്തുന്നതോടെ വടക്കാഞ്ചേരിയുടെ വികസനപാതയില്‍ തടസം നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

Published in News Highlights

കുന്നംകുളം: മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കുന്നംകുളത്ത് ക്ഷേമനിധിയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കുന്നംകുളം നഗരസഭ ചെയര്‍പഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേരള മോട്ടോര്‍ തഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എ എം. നൗഷാദ് അധ്യക്ഷനായിരുന്നു. ക്ഷേമനിധി അംഗത്വമുള്ള തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്ബുക്ക് എന്നിവയും, പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള പുരസ്‌കാര വിതരണവും നടന്നു. ക്ഷേമനിധിബോര്‍ഡ് ഡി.ഇ.ഒ -ബേബി ജോസഫ് സെമിനാറിന് നേതൃത്വം നല്‍കി. ബോര്‍ഡ് ഡയറക്ടര്‍ ടി ഗോപിനാഥ് വിദ്യാര്‍ഥികളെ ആദരിച്ചു. ബസ് ഓപ്പററ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് ടി.എ.ഹരിദാസ്, ട്രേഡ് യൂണിയന്‍ നേതാക്കളായ പി.ജി.ജപ്രകാശ്, അഡ്വ. സി.ബി രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

Published in Gramavarthakal
Monday, 12 June 2017 17:20

ബദര്‍ ദിനം

കൊടുങ്ങല്ലൂര്‍: വിശ്വാസം പടച്ചട്ടയാക്കിയ സമൂഹത്തിന്റെ ത്രസിപ്പിക്കുന്ന വിജയക്കഥയാണ് ബദര്‍ നമുക്ക് പറഞ്ഞു തരുന്നത്. ഇന്നാണ് ബദര്‍ ദിനം. പരിശുദ്ധമായ റംസാനില്‍ വിശ്വാസ സംരക്ഷണത്തിനായി പോരാടി വീരമൃത്യുവരിച്ചവരുടെ ഓര്‍മ്മദിനം കൂടിയാണ് ബദര്‍ ദിനം. ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ പോരാട്ടമായിരുന്നു ബദര്‍ യുദ്ധം. ക്രിസ്തുവര്‍ഷം 624ല്‍ റംസാന്‍ 17നായിരുന്നു യുദ്ധം. മദീനയ്ക്ക് 70 മൈല്‍ തെക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ബദര്‍ എന്ന സ്ഥലത്തു വെച്ചാണ് വിശ്വാസികളും അവിശ്വാസികളും തമ്മില്‍ ഏറ്റുമുട്ടിയത്. ആള്‍ ബലത്തിലും ആയുധ ബലത്തിലും നിസാരരായിരുന്ന പ്രവാചക സൈന്യം പക്ഷേ യുദ്ധം ജയിച്ചു. തൊള്ളായിരത്തോളം വരുന്ന ശത്രുപക്ഷത്തെ നേരിട്ട 313 വിശ്വാസി സൈന്യത്തിലെ പതിനാല് പേര്‍ രക്തസാക്ഷികളായി. ഇസ്ലാം മതത്തിന്റെ വളര്‍ച്ചയില്‍ ബദര്‍ യുദ്ധം നല്‍കിയ സംഭാവന വളരെ വലുതാണ്. റംസാന്‍ 17, വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുണ്യദിനമാണ്. ബദ്‌രിങ്ങള്‍ എന്ന് വിളിക്കുന്ന ബദര്‍ യുദ്ധ രക്താസാക്ഷികളുടെ അചഞ്ചലമായ വിശ്വാസത്തിന്റ ഓര്‍മ്മപുതുക്കുന്ന ഈ ദിവസം മസ്ജിദുകളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും. ജീവിത യാത്രയില്‍ തളരുമ്പോള്‍ വിശ്വാസം മുറുകെ പിടിച്ച് മുന്നേറാനുള്ള ആത്മബലം നല്‍കുന്നു ബദര്‍ ഓരോ വിശ്വാസിക്കും.

Published in Special Reports

നാളെ യു.ഡി.എഫ് ഹര്‍ത്താലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശദമാക്കി. സാമൂഹിക മാധ്യമങ്ങളിലാണ് ഹര്‍ത്താല്‍ വാര്‍ത്ത പ്രചരിച്ചത്. ചാനലുകളിലെ ഫ്‌ളാഷ് ന്യൂസിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഹര്‍ത്താല്‍ പ്രചാരണം വ്യാപകമായത്. പത്രമാധ്യമ ഓഫീസുകളില്‍ ഹര്‍ത്താല്‍ വാര്‍ത്ത വിളിച്ചന്വേഷിച്ചവരും ഏറെയായിരുന്നു.

Published in Thrissur Round Up

പുതുക്കാട്: വരാക്കര പൂക്കോടില്‍ തീപ്പൊള്ളലേറ്റ് ഗൃഹനാഥന്‍ മരിച്ചു. പൂക്കോട് വെള്ളപ്പാടി പരേതനായ കുഞ്ചു മകന്‍ 55 വയസുള്ള സുരേഷ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലിന് വീടിന്റെ പുറകുവശത്ത് വെച്ച് സുരേഷ് സ്വയം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മരിച്ചു. വരന്തരപ്പിള്ളി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Published in Gramavarthakal
  •  Start 
  •  Prev 
  •  1  2  3  4  5  6 
  •  Next 
  •  End 
Page 1 of 6

Other Head Lines

Go to top