UPDATE:
News

ജില്ലയില്‍ രണ്ട് മാസത്തെ ഇടവേളയക്ക് ശേഷം വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു. ഒല്ലൂക്കര, അവിണിശേരി എന്നിവിടങ്ങളിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. അതേസമയം ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. ബുധനാഴ്ച 9 പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചൂണ്ടല്‍, അവിണിശേരി, കയ്പമംഗലം, ഒല്ലൂക്കര, പുത്തൂര്‍, ആലൂര്‍ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനിക്ക് പുറമേ ജില്ലയില്‍ രണ്ട് പേര്‍ക്ക് മലേറിയായും സ്ഥിരീകരിച്ചു. ഇതിനിടെ കോര്‍പറേഷന്‍ പരിധിയില്‍ ഡെങ്കിപ്പനിക്ക് പിന്നാലെ പന്നിപ്പനിയും റിപ്പോര്‍ട്ട് ചെയ്തതോടെ മേയര്‍ ആരോഗ്യ വകുപ്പിന്റെയും, കൗണ്‍സിലര്‍മാരുടെയും അടിയന്തിര യോഗം വിളിച്ചു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കൗണ്‍സിലര്‍മാര്‍ക്കും, ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും മേയര്‍ നിര്‍ദേശം നല്‍കി, എല്ലാ ഡിവിഷനുകളിലും കൊതുക് നശീകരണത്തിനായി ഫോഗിംഗ് നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. കോര്‍പറേഷന്‍ പരിധിയില്‍ പകര്‍ച്ചാ വ്യാധികള്‍ പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രികളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അടിയന്തിരമായി വിളിച്ചു ചേര്‍ത്തു. പകര്‍ച്ചാ വ്യാധികളുമായി ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ വിവരങ്ങളും, രക്ത പരിശോധനാ സാമ്പിള്‍ റിപ്പോര്‍ട്ടും ഡി.എം.ഒ. ഓഫീസില്‍ അറിയിക്കാന്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

Published in News Highlights

അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിച്ചു നീക്കിയില്ലെങ്കില്‍ അപകടത്തിന്റെ നഷ്ട പരിഹാരം ഉടമകളില്‍ നിന്ന് ഈടാക്കുമെന്ന കളക്ടറുടെ ഉത്തരവിറങ്ങി മണിക്കൂറുകള്‍ക്കകം കളക്‌ട്രേറ്റ് വളപ്പിലെ മരം കടപുഴകി വീണു. ജില്ലയില്‍ അപകടഭീഷണി ഉയര്‍ത്തി നിലകൊള്ളുന്ന മരങ്ങള്‍ അനവധിയെന്ന് വിലയിരുത്തല്‍. കഴിഞ്ഞ ദിവസമാണ് ജില്ലാ ദുരന്തനിവാരണ അതോററ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എ.കൗശികന്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുനീക്കാന്‍ ഉത്തരവിട്ടത്. സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നിലകൊള്ളുന്ന അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു നീക്കുകയോ, ചില്ലകള്‍ വെട്ടിമാറ്റുകയോ ചെയ്യണമെന്ന നിര്‍ദ്ദേശമാണ് കളക്ടര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. നിര്‍ദ്ദേശം പാലിക്കാത്ത പക്ഷം അപകടത്തിന് കാരണാകുന്ന ഇടങ്ങളില്‍ സ്ഥലമുടമകള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നാണ് കളക്ടറുടെ നിര്‍ദ്ദേശം. ഉത്തരവ് പുറത്തിറങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കും മറുപടിയെത്തി. കളക്‌ട്രേറ്റ് വളപ്പിലെ സാമാന്യം വലിയ മരം മറിഞ്ഞു വീണത് രാവിലെ 10മണിക്കാണ്. കളക്‌ട്രേറ്റിലേക്ക് ജീവനക്കാരും മറ്റും വരുന്ന സമയത്താണ് അപകടമുണ്ടായതെങ്കിലും ദുരന്തം വഴിമാറുകയായിരുന്നു. സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നിലകൊള്ളുന്നതിനേക്കാളേറെ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ നിലകൊള്ളുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്ന് ഓര്‍മപ്പെടുത്തികൊണ്ടാണ് അപകടമുണ്ടായത്. കനത്ത മഴയും കാറ്റും വ്യാപകമായതോടെ മരങ്ങള്‍ കടപുഴകി വീണുണ്ടാകുന്ന അപകടങ്ങള്‍ ഫയര്‍ഫോഴ്‌സിന് തലവേദന സൃഷ്ടിക്കുകയാണ്. തൃപ്രയാറില്‍ ദേശീയപാതയില്‍ ആല്‍മരം മറിഞ്ഞു വീണുണ്ടായ അപകടവും വലിയ ദുരന്തമായി മാറേണ്ടതായിരുന്നു. 11 കെ.വി. വൈദ്യുതി ലൈന്‍ തകര്‍ത്ത് സ്വകാര്യ ബസിന് മുകളിലേക്കാണ് ആല്‍മരത്തിന്റെ കൂറ്റന്‍ കൊമ്പൊടിഞ്ഞു വീണത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് തൃശൂര്‍ ശക്തന്‍ നഗറിന് സമീപം കോര്‍പ്പറേഷന്റെ പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ കാറിനു മുകളിലേക്ക് മരം കടപുഴകി വീണ് അപകടമുണ്ടായത്. ഒന്നര വര്‍ഷം മുമ്പ് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ ഡിസോണ്‍ ആഘോഷത്തിനിടെ മരം മറിഞ്ഞുവീണ് വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു. സര്‍ക്കാര്‍ ഭൂമിയിലും വഴിയോരങ്ങളിലും അപകട ഭീഷണി ഉയര്‍ത്തി നിരവധി മരങ്ങളാണ് സ്ഥിതി ചെയ്യുന്നത്. മാലിന്യങ്ങള്‍ മരച്ചുവട്ടിലിട്ട് കത്തിക്കുന്നത് മൂലം മരത്തിന്റെ കടഭാഗം നശിച്ച നിലയിലാണ് ഇത്തരം മരങ്ങള്‍. പലതും സ്‌കൂളുകള്‍ക്കു സമീപവും ബസ് സ്റ്റോപ്പുകളിലും നിലകൊള്ളുന്ന ഇത്തരം അപകടങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ വനംവകുപ്പിന്റെ അനുമതിയടക്കമുള്ള സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടി അധികാരികള്‍ ഒഴിഞ്ഞുമാറുകയാണ് പതിവ്. അപകട ഭീഷണിയുടെ പേരില്‍ കച്ചവട കണ്ണോടെ മരങ്ങള്‍ മുറിച്ചുമാറ്റുന്ന പ്രവണതയും നിലവിലുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വിവേചന ബുദ്ധിയോടു കൂടിയുള്ള നടപടികള്‍ യാഥാര്‍ത്ഥ്യമാകൂ.

Published in Special Reports

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവറകളില്‍ നിന്നൊഴുകിയ സംഗീതം കേള്‍വിക്കാരുടെ മനം കവര്‍ന്നു. തടവിലിടാന്‍ കഴിയാത്ത സ്‌നേഹം പരത്തുന്ന ഗാനങ്ങളുമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തേവാസികളുടെ മ്യൂസിക് ബാന്റ് ഫ്രീഡം മെലഡി ജയിലില്‍ അരങ്ങേറി. വിയ്യൂര്‍ ജയിലിലെ അന്തേവാസികളിലെ സര്‍ഗാത്മക കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അത് വഴി അവരെ ഒരു പുതിയ പാതയിലേക്ക് നയിക്കുകയും ചെയ്യാനായാണ് ഫ്രീഡം മെലഡി എന്ന സംഗീത വിപ്ലവത്തിന് വിയ്യൂര്‍ ജയിലില്‍ തുടക്കമിട്ടത്. വിവിധ സാഹചര്യങ്ങളില്‍ അറിഞ്ഞോ അറിയാതെയോ തെറ്റുകളില്‍പ്പെട്ട് ജയിലിലെത്തിയ അന്തേവാസികള്‍ക്കിടയില്‍ പുതിയ ഒരുണര്‍വും വെളിച്ചവും പകര്‍ന്നു കൊണ്ടാണ് ഫ്രീഡം മെലഡി അരങ്ങേറിയത്. കരോക്കെ ഗാനമേളയില്‍ അരങ്ങേറിയ ഫ്രീഡം മെലഡിയിലെ ഓരോ ഗാനങ്ങളും നിറഞ്ഞ കയ്യടികളോടെയാണ് അന്തേവാസികളും മറ്റുള്ളവരും ഏറ്റുവാങ്ങിയത്. കാനന വാസാ എന്നു തുടങ്ങുന്ന അയ്യപ്പ ഭക്തിഗാനവും കാതലനിലെ എന്നവളേ എന്നുതുടങ്ങുന്ന മെലഡിയുമെല്ലാം ഏവരുടേയും മനം നിറച്ചു. നാടന്‍ കോല്‍ക്കളിയും സിനിമ സ്‌കിറ്റുകളുമെല്ലാം തടവറയ്ക്കുള്ളിലെ കലാകാരന്മാരെ വെളിച്ചം കാണിക്കുന്നതായിരുന്നു. മിമിക്രിയും മോണോ ആക്ടുമെല്ലാമായി ജയില്‍ അന്തരീക്ഷത്തെ ഏറെ നേരം ആനന്ദഭരിതമാക്കി. ജയില്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശ പ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എം.കെ.വിനോദ് കുമാറാണ് ഫ്രീഡം മെലഡി എന്ന സംഗീതവിരുന്നിന് യാഥാര്‍ത്ഥ്യമേകാന്‍ ഏറെ പ്രയത്‌നിച്ചത്. ജയില്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മധ്യമേഖല ജയില്‍ ഡി.ഐ.ജി. സാം തങ്കയ്യന്‍ ഫ്രീഡം മെലഡി ഉദ്ഘാടനം ചെയ്തു. ജയില്‍ സൂപ്രണ്ട് എം.കെ.വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ അഡ്വ.വി.സുരേഷ്‌കുമാര്‍, സുനില്‍കുമാര്‍., ടി.ബാബുരാജ്, ശ്യാമള കുമാരി, പി.വി.ജോഷി, പി.പി.ബെഞ്ചമിന്‍, സനോജ് ഡേവിസ് തുടങ്ങിയവര്‍ സംസാരിച്ചു.

Published in Special Reports

തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നതായി പരാതി. വെള്ളമില്ലാത്തതിന്റെ പേരിലാണ് ഡയാലിസിസ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നത്. ഇവിടേക്ക് വെള്ളം ശുദ്ധീകരിച്ച് എത്തിക്കുന്ന സംവിധാനത്തിലെ തകരാറാണ് രോഗികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഡയാലിസിസ് ചെയ്യാനെത്തുന്നവരെ ഈ കാരണം ചൂണ്ടിക്കാട്ടി തിരികെ അയയ്ക്കുകയാണെന്നാണ് ആക്ഷേപം. രണ്ടും മൂന്നും ദിവസം കഴിഞ്ഞ് വരാന്‍ നിര്‍ദേശിച്ചാണ് രോഗികളെ തിരികെ അയയ്ക്കുന്നത്. എന്നാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ആവശ്യമായി വരുന്ന പാവപ്പെട്ട രോഗികളാണ് ഇതുമൂലം വലയുന്നത്. ആര്‍.എസ്.ബി.വൈ. ഇന്‍ഷുറന്‍സ് ആനുകൂല്യമുണ്ടായിട്ടും ഡയാലിസിസ് ചെയ്യുന്നതിനാവശ്യമായ അനുബന്ധ സാമഗ്രികള്‍ രോഗികള്‍ വാങ്ങി നല്‍കണമെന്ന അധികൃതരുടെ നിര്‍ബന്ധത്തിനു പുറമെ വെള്ളമില്ലെന്ന കാരണത്താല്‍ ചികിത്സ നിഷേധിക്കുന്നത് പാവപ്പെട്ട രോഗികളോടുള്ള ക്രൂരതയാണെന്നാണാക്ഷേപം.

Published in Thrissur Round Up

തൃപ്രയാര്‍: ചെന്ത്രാപ്പിന്നിയില്‍ മലിന ജലം കെട്ടിക്കിടന്ന് ചീഞ്ഞ് നാറുന്നതിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം. അഴുകിയ വെള്ളക്കെട്ട് മൂലം ദേശീയപാതയിലൂടെയുള്ള യാത്രക്കാര്‍ ചെന്ത്രാപ്പിന്നിയിലെത്തിയാല്‍ ഇപ്പോള്‍ മൂക്കു പൊത്തേണ്ട അവസ്ഥയാണ്. പ്ലാസ്റ്റിക് കുപ്പികളും ചില വ്യാപാരികള്‍ തള്ളുന്ന മാലിന്യങ്ങളും വെള്ളക്കെട്ടിലുണ്ട്. കറുത്ത നിറത്തിലായ അഴുക്ക് വെള്ളത്തില്‍ പുഴുക്കളും കൂത്താടികളും കൊതുകും നിറഞ്ഞ് പ്രദേശം ദൂര്‍ഗന്ധപൂരിതമാണ് തൊട്ടരികിലൂടെ അറപ്പത്തോട് ഒഴുകുന്നുണ്ടെങ്കിലും ഇതിലേക്ക് വെള്ളം ഒഴുക്കിവിടാന്‍ സൗകര്യമില്ലാത്തതാണ് പ്രശ്‌നത്തിന് കാരണം.

Published in Gramavarthakal

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടറെ പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍-തിരൂര്‍ റൂട്ടിലോടുന്ന മെല്‍വിന്‍ ബസിലെ കണ്ടക്ടര്‍ ചാലിശേരി സ്വദേശി തെക്കേപുറത്ത് വീട്ടില്‍ വേണുഗോപാലനെയാണ് പോലീസ് അറസ്റ്റ് ചെയതത്. ജുവനൈല്‍ ജസ്റ്റീസ് കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമാണ് പോലീസ് കേസ് എടുത്തത്.

Published in Gramavarthakal

കൊടുങ്ങല്ലൂര്‍: കെ.എസ്.കെ.ടി.യു നാട്ടിക - കൊടുങ്ങല്ലൂര്‍ ഏരിയ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു. കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യ സെക്രട്ടറിയായിരുന്ന പി.കെ.കുഞ്ഞച്ചന്റെ അനുസ്മരണ ദിനത്തിന്റെ ഭാഗമായിട്ടായിരുന്നു ഉച്ചഭക്ഷണ വിതരണം. അമ്പാടി വേണു ഉദ്ഘാടനം ചെയ്തു. കെ.എ.വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു.

Published in Gramavarthakal

ചാവക്കാട്: അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘം ചാവക്കാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് ഓഫീസ് ധര്‍ണ സംഘടിപ്പിച്ചു. കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് മുരളി പെരുനെല്ലി എം.എല്‍.എ ധര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം. ഏരിയാ സെക്രട്ടറി എം.കൃഷ്ണദാസ്, എം.ആര്‍.രാധാകൃഷ്ണന്‍, മാലിക്കുളം അബ്ബാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Published in Gramavarthakal

വടക്കാഞ്ചേരി: കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ തലപ്പിള്ളി താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ബേബിജോണ്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി പി.എന്‍.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സേവ്യര്‍ ചിറ്റിലപ്പിള്ളി, ടി.വി.സുനില്‍കുമാര്‍, എം.എസ്.സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Published in Gramavarthakal

കൊടുങ്ങല്ലൂര്‍: അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘം കൊടുങ്ങല്ലൂര്‍ ഏരിയ കമ്മിറ്റി താലൂക്ക് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അമ്പാടി വേണു ധര്‍ണ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.കെ.അബീദലി അധ്യക്ഷത വഹിച്ചു. ടി.കെ.രമേഷ്ബാബു, അഡ്വ.ജ്യോതി പ്രകാശ്, ഇ.കെ.മല്ലിക എന്നിവര്‍ സംസാരിച്ചു.

Published in Gramavarthakal
  •  Start 
  •  Prev 
  •  1  2  3  4  5  6  7  8 
  •  Next 
  •  End 
Page 1 of 8

Other Head Lines

Go to top