UPDATE:
News

കേച്ചേരി മണലിയില്‍ യുവതി ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ച കഞ്ചാവ് - ഗുണ്ടാ സംഘത്തിലെ നാല് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പറപ്പൂക്കാവ് പറപ്പൂപറമ്പില്‍ ദയാല്‍, പെരുമ്പിലാവ് നാലകത്ത് ചാപ്പു എന്ന ബാദുഷ, സഹോദരന്‍ ഷിഹാബ്, പറപ്പൂക്കാവ് ചോഴിയാട്ടില്‍ ദിലീപ് എന്നിവരെയാണ് എസ്.ഐ-യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ കഞ്ചാവ് - ഗുണ്ടാസംഘത്തിന്റെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള ആക്രമണങ്ങളില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. മണലി തെക്ക് പുതുവീട്ടില്‍ ബിലാലിന്റെ മകള്‍ നസീമ, പനംമ്പട്ട വീട്ടില്‍ പ്രദീപ്, കോട്ടോര്‍ വളപ്പില്‍ രാജേഷ് എന്നിവര്‍ക്കാണ് ലഹരി മാഫിയാ സംഘത്തിന്റെ മര്‍ദ്ദനമേറ്റത്. മയക്കുമരുന്നിന്റെ ലഹരിയില്‍ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു അക്രമ പരമ്പര. ബിലാലിന്റെ വീട്ടിലേക്ക് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായെത്തിയ സംഘം മകള്‍ നസീമയുടെ ദേഹത്തേക്ക് കൂറ്റന്‍ കരിങ്കല്ല് വലിച്ചെറിയുകയും സംഭവത്തില്‍ ഇടപെടാനെത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ പ്രദീപിനെ മര്‍ദ്ദിക്കുകയുമായിരുന്നു. ഈ സംഭവത്തിന് പിറ്റേ ദിവസമാണ് റോഡിലൂടെ നടന്നു പോകുകയായിരുന്ന രാജേഷിനെ മാരകായുധങ്ങളുമായി കഞ്ചാവ് ഗുണ്ടാസംഘം വീണ്ടും ആക്രമിച്ചത്. ജൂനിയര്‍ എസ്.ഐ. -ബിനുലാല്‍, സി.പി.ഒമാരായ ആരീഫ്, ആഷീഷ്, മനു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Published in Gramavarthakal

ചാലക്കുടി: മരത്തിന്റെ മുകളില്‍ മാങ്ങ പറിച്ചുകൊണ്ടിരുന്ന യുവാവ് ഷോക്കേറ്റ് മരിച്ചു. ചിറങ്ങര പൈനാടത്ത് തോമസിന്റെ മകന്‍ 39 വയസുള്ള വിനോജാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. തൊട്ടടുത്ത വീട്ടിലെ മാവില്‍ ഇരുമ്പ് പൈപ്പ് ഉപയോഗിച്ചാണ് വിനോജ് മാങ്ങ പറിച്ചത്. തോട്ടി തെന്നി അരികിലൂടെ കടന്നുപോയിരുന്ന 11 കെ.വി.ലൈനില്‍ മുട്ടുകയായിരുന്നു. ഷോക്കേറ്റു താഴെ വീണ വിനോജിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചിറങ്ങരയിലെ ഓട്ടോ ഡ്രൈവറാണ് വിനോജ്.

Published in Gramavarthakal

വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തില്‍ മഴക്കാല ശുചീകരണവും, പകര്‍ച്ചവ്യാധി നിയന്ത്രണവും എന്ന വിഷയത്തില്‍ അവലോകന യോഗം നടന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ഈമാസം 20-നകം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനും, സ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടത്തുന്ന ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളുടെ അവലോകനം ക്ലാസ് അധ്യാപകരെ ഏല്‍പ്പിക്കാനും യോഗം തീരുമാനിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അതത് സ്ഥലങ്ങളില്‍ നേരിട്ടെത്തി പരിശോധന കര്‍ശനമാക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഈമാസം 25ന് വൈദ്യ പരിശോധന ക്യാമ്പ് നടത്തും. ശുചിത്വ സമിതികള്‍ക്ക് പതിനായിരം രൂപ നഗരസഭ നല്‍കും. നഗരസഭാ വൈസ് ചെയര്‍മാന്‍ എം.ആര്‍. അനൂപ് കിഷോര്‍ യോഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയപ്രീത മോഹന്‍ അധ്യക്ഷത വഹിച്ചു.

Published in Gramavarthakal

മാള: കുഴൂര്‍ ഗ്രാമീണ വായനശാലയും കെ.പി.പത്രോസ് വൈദ്യന്‍സ് കണ്ടംകുളത്തി വൈദ്യശാലയും ചേര്‍ന്ന് വായനാ പ്രചാരണം സംഘടിപ്പിക്കുമെന്ന് പ്രതിനിധികള്‍ അറിയിച്ചു. ഈമാസം 19 മുതല്‍ ജൂലൈ 7 വരെ വായനാപക്ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി കണ്ടംകുളത്തി വൈദ്യശാലയിലെ മുഴുവന്‍ ജീവനക്കാരേയും വായനശാലയില്‍ അംഗങ്ങളാക്കും. വായനാ പ്രോത്സാഹനത്തിന്റെ ഭാഗമായി നൂറില്‍പരം ജീവനക്കാരെ അംഗങ്ങളാക്കി അവരുടെ കുടുംബങ്ങളിലേക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യും. കെ.പി.പത്രോസ് വൈദ്യന്‍സ് കണ്ടംകുളത്തി വൈദ്യശാല ഹാളില്‍ ഈമാസം 19 ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് നടക്കുന്ന ചടങ്ങ് കുഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. കെ.പി.പത്രോസ് വൈദ്യന്‍സ് കണ്ടംകുളത്തി വൈദ്യശാല മാനേജിംഗ് ഡയറക്റ്റര്‍ കെ.പി.വിത്സണ്‍ അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഐ.ബാലഗോപാല്‍, ടി.എന്‍.വിജയന്‍, ടി.എസ്.ഗോപി എന്നിവര്‍ പങ്കെടുത്തു.

Published in Press Conference

പുന്നയൂര്‍ക്കുളം: വടക്കേക്കാട് കല്ലൂര്‍ മഹല്ല് ജുമാ മസ്ജിദിലെ ശബ്ദ മലിനീകരണ പരാതിക്ക് പരിഹാരമായി.  മസ്ജിദിലെ കോളാമ്പി സ്പീക്കറിലുടെയുള്ള അമിത ശബ്ദത്തിനെതിരെ പരിസരവാസികള്‍ നല്‍കിയ പരാതിയിലാണ് ചാവക്കാട് സി.ഐ. - സുരേഷിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പരിഹാരമായത്. ശബ്ദശല്യം അസഹനീയമായപ്പോള്‍ നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതനുസരിച്ച് കളക്ടേറേറ്റില്‍ നിന്ന് നടപടിയെടുക്കാന്‍ ചാവക്കാട് സി.ഐക്ക് നിര്‍ദേശം ലഭിച്ചു. തുടര്‍ന്ന് പള്ളി കമ്മിറ്റിക്കാരെയും, പരാതിക്കാരെയും വിളിച്ചു വരുത്തി സി.ഐയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍, ബാങ്ക് ഒഴികെയുള്ള കര്‍മ്മങ്ങള്‍ക്ക് പരിസരവാസികള്‍ക്ക് ശല്യമാകാത്ത വിധത്തില്‍ ശബ്ദ നിയന്ത്രണം വരുത്തണമെന്ന് തീരുമാനിച്ചു.

Published in Gramavarthakal

ചെറുതുരുത്തി: ദേശമംഗലം ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനു വേണ്ടി യു.ആര്‍. പ്രദീപ് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് എം.മഞ്ജുള, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ഡോ.സുരേഷ്‌കുമാര്‍, ഡോ.സുബ്രഹ്മണ്യന്‍, ആരോഗ്യ സ്ഥിരം കമ്മിറ്റിയംഗം പി.എന്‍.സുധ, പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥര്‍, എച്ച്.എം.സി അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Published in Gramavarthakal

മാള: മാള നഗരത്തില്‍ റോഡ് തകര്‍ന്നത് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ജലനിധി പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കാനായി ഏതാനും നാള്‍ മുന്‍പാണ് റോഡ് പൊളിച്ചത്. പൊളിച്ച ഭാഗങ്ങള്‍ ഭാഗികമായി മാത്രമേ മണ്ണിട്ട് മൂടിയിട്ടുള്ളൂ. മിക്ക സമയത്തും ഇവിടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മാളയില്‍ വണ്‍വേ സൗകര്യം കൊണ്ടുവരാന്‍ പലതവണ ശ്രമിച്ചെങ്കിലും എതിര്‍പ്പുകളെയും തര്‍ക്കത്തേയും തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.

Published in Gramavarthakal

ഇരിങ്ങാലക്കുട: കാട്ടൂരില്‍ വീടിന്റെ മുകളില്‍ നിന്നു വീണ് വൃദ്ധന്‍ മരിച്ചു. കാട്ടൂര്‍ ഇല്ലിക്കാട് സ്വദേശി ആലപ്പാട്ട് വീട്ടില്‍ 67 വയസുള്ള ജോസ് ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് വാര്‍ക്ക വീടിന്റെ മേല്‍ക്കൂര വ്യത്തിയാക്കുന്നതിനിടയില്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടനെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published in Gramavarthakal

അമലയില്‍ നടത്തിയ രക്തദാത ദിനാചരണത്തില്‍ 133 പേര്‍ രക്തംദാനം ചെയ്തു. 103 തവണ രക്തദാനം നടത്തിയ ടൈനി ഫ്രാന്‍സിസിനെ ആദരിച്ചു. കൈപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.ജെ.ആന്റോ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അമല ആശുപത്രി ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കുരിശേരി അധ്യക്ഷനായി.

Published in Thrissur Round Up

കൊടകര: കളിമണ്ണിന്റെ ദൗര്‍ലഭ്യവും വിലവര്‍ധനവും പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ മേഖലക്ക് തിരിച്ചടിയാകുന്നു. ദൂരസ്ഥലങ്ങളില്‍ നിന്ന് വന്‍വില കൊടുത്ത് കളിമണ്ണു കൊണ്ടുവന്ന് പാത്രങ്ങള്‍ മെനഞ്ഞടുത്ത് വിറ്റാല്‍ ഇവര്‍ക്ക് കിട്ടുന്നത് തുച്ഛമായ വരുമാനമാണ്.  പരമ്പരാഗതമായി മണ്‍പാത്ര നിര്‍മ്മാണം നടത്തുന്ന നിരവധി കുടുംബങ്ങളാണ് കൊടകര പഞ്ചായത്തിലുള്ളത്. മണ്‍പാത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതും അസംസ്‌കൃത വസ്തുക്കളുടെ വിലകൂടിയതും അടക്കമുള്ള പ്രതികൂല സാഹചര്യങ്ങള്‍ ഈ പരമ്പരാഗത തൊഴിലിനെ വീര്‍പ്പുമുട്ടിക്കുകയാണ്. മണ്‍പാത്രങ്ങള്‍ക്ക് പഴയ പോലുള്ള ആവശ്യക്കാരില്ലാതായതോടെ പലരും ഈ തൊഴില്‍ ഉപേക്ഷിച്ച് മറ്റ് തൊഴില്‍ മേഖലകളിലേക്ക് ചേക്കേറി. പ്രതിസന്ധികള്‍ക്കിടയിലും പൂര്‍വ്വികര്‍ പഠിപ്പിച്ചു തന്ന തൊഴിലിനെ കൈവിടാതെ ചേര്‍ത്തു പിടിക്കുന്ന ചില കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോഴും മണ്‍പാത്ര നിര്‍മ്മാണവുമായി മുന്നോട്ടു പോകുന്നത്. ചട്ടി, കലം, കൂജ, ചെടിച്ചട്ടികള്‍ തുടങ്ങിയവയാണ് പ്രധാനമായും ഇവര്‍ മെനഞ്ഞെടുക്കുന്നത്. ആദ്യകാലത്ത് പറപ്പൂക്കര-ആമ്പല്ലൂര്‍ മേഖലയില്‍ നിന്ന് കളിമണ്ണെടുത്താണ് കൊടകരയിലെ കുംഭാര സമുദായക്കാര്‍ മണ്‍പാത്രങ്ങള്‍ ഉണ്ടാക്കിയിരുന്നത്. മറ്റത്തൂര്‍ പാടത്ത് നിന്ന് ഇതിനായി മണ്ണെടുത്തിരുന്നു. എന്നാല്‍ കളിമണ്‍ ഖനനത്തിന് കടുത്ത നിയന്ത്രണം കൊണ്ടുവന്നത് കുംഭാരസമുദായത്തിന്റെ പരമ്പരാഗത തൊഴിലിന് കനത്ത പ്രഹരമേല്‍പ്പിച്ചു. ഓട്ടു കമ്പനികള്‍ വന്‍തോതില്‍ നടത്തിയ കളിമണ്‍ ഖനനത്തിന് ഇരകളാകേണ്ടി വന്നത് കുംഭാര സമുദായക്കാരായ നിര്‍ധന കുടുംബങ്ങളാണ്. സമീപ പ്രദേശങ്ങളില്‍ കളിമണ്‍ ഖനനം നിലച്ചതോടെ ഉപജീവന മാര്‍ഗത്തിനായി കളിമണ്ണുതേടി ദൂരദിക്കുകളിലേക്ക് പോകേണ്ട ഗതികേടായി. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ മേഖലയില്‍ നിന്നാണ് മണ്‍പാത്ര നിര്‍മ്മാണത്തിനാവശ്യമായ കളിമണ്ണ് ഇപ്പോള്‍ കൊണ്ടുവരുന്നത്. അഞ്ച് ടണ്‍ വരുന്ന ഒരു ലോറി മണ്ണിന് 15,000 രൂപയോളമാണ് ഇപ്പോഴത്തെ വില. ഏതാനും മാസം മുമ്പ് 13,000 രൂപയായിരുന്നത് ഒറ്റയടിക്കാണ് വര്‍ദ്ധിച്ചതെന്ന് തൊഴിലാളികള്‍ പറയുന്നു. വന്‍വില കൊടുത്ത് കൊണ്ടുവരുന്ന മണ്ണ് ഓട്ടുകമ്പനികളില്‍ കൊണ്ടുപോയി അരച്ചു കൊണ്ടുവന്നാണ് പാത്രനിര്‍മ്മാണം നടത്തുന്നത്. പാത്രങ്ങള്‍ ചുട്ടെടുക്കുന്നതിനായി ഉപയോഗിക്കുന്ന നല്ലയിനം മരത്തിന്റെ വിറകിനും വില വര്‍ധിച്ചു. ഇടക്കാലത്ത് മണ്‍പാത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ തീരെ കുറഞ്ഞെങ്കിലും സ്റ്റീല്‍, അലൂമിനിയം പാത്രങ്ങള്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തിരി്ച്ചറിഞ്ഞ് പലരും മണ്‍പാത്രങ്ങള്‍ക്കു മുന്നില്‍ വീണ്ടും അടുക്കളവാതില്‍ തുറന്നിടാന്‍ തുടങ്ങിയിട്ടുണ്ടെന്ന് കൊടകരയില്‍ മണ്‍പാത്ര നിര്‍മ്മാണം നടത്തിവരുന്ന പുത്തന്‍വീട്ടില്‍ ശിവദാസന്‍ പറയുന്നു. കൊടകരയില്‍ നിര്‍മ്മിക്കുന്ന മണ്‍പാത്രങ്ങള്‍ക്ക് പട്ടണങ്ങളിലെ ഷോപ്പിംഗ് മാളുകളില്‍ നിന്ന് ഓര്‍ഡര്‍ ലഭിക്കുന്നത് ഈ തിരിച്ചറിവിന്റെ സൂചനയാണ് നല്‍കുന്നത്. എന്നാല്‍ പാത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ കളിമണ്ണിന്റെ ലഭ്യത നാള്‍ ചെല്ലുന്തോറും കുറഞ്ഞു വരുന്നത് ഈ പരമ്പരാഗത തൊഴില്‍ മണ്ണടിഞ്ഞു പോകാനിടയാക്കുമെന്നാണ് ആശങ്ക.

Published in Special Reports
Page 1 of 15

Other Head Lines

Go to top