UPDATE:
News

ഗുരുവായൂര്‍: തൈക്കാട് ആരംഭിച്ച മദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയസമര സമിതി ഗുരുവായൂരില്‍ നടത്തിയ ഹര്‍ത്താലില്‍ സംഘര്‍ഷം. രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. തുറന്ന് പ്രവര്‍ത്തിച്ച ബാങ്ക് അടപ്പിക്കാനെത്തിയ നാല് നഗരസഭ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാലയങ്ങള്‍ക്കും ആരാധനലായങ്ങള്‍ക്കും സമപീം പ്രവര്‍ത്തനമാരംഭിച്ച ബിവറേജ് ഔട്ട്‌ലെറ്റ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയസമര സമിതി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നഗരസഭ പരിധിയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താലനുകൂലികള്‍ നടത്തിയ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. നഗരസഭ അതിര്‍ത്തിയായ ചൊവ്വല്ലൂര്‍പ്പടിയില്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്ന ഏതാനും കടകള്‍ സമരക്കാര്‍ അടപ്പിച്ചു. ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന തൈക്കാട് സര്‍വീസ് സഹകരണ ബാങ്ക് അടപ്പിക്കാനെത്തിയപ്പോഴാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്. ഹര്‍ത്താലിനോട് സഹകരിക്കണമെന്നാവശ്യപ്പെട്ട് സമരാനുകൂലികളില്‍ ചിലര്‍ ബാങ്കിലെത്തിയെങ്കിലും സി.പി.എം ഭരണസമിതിയുടെ കീഴിലുള്ള ബാങ്ക് അടക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് കൂടുതല്‍ സമരക്കാരെത്തി വാക്ക് തര്‍ക്കമാകുകയായിരുന്നു. പോലീസെത്തി സമരക്കാരോട് പിരിഞ്ഞുപോകാനാവശ്യപ്പെട്ടതോടെ താഴെ നിന്നിരുന്നവര്‍ റോഡില്‍ കുത്തിയിരുന്ന് ഗതാഗതം ഉപരോധിച്ചു. ഇതിനിടെ ബാങ്കിന്റെ മൂന്ന് ജനല്‍ ചില്ലുകള്‍ തകര്‍ത്തു. സമരക്കാരാണ് തകര്‍ത്തതെന്ന് ബാങ്ക് അധികൃതരും ബാങ്ക് ജീവനക്കാര്‍ തകര്‍ത്തതാണെന്ന് സമരക്കാരും ആരോപിച്ചു. ബാങ്കിലെ കസേരകളും തകര്‍ത്തിട്ടുണ്ട്. ബാങ്കിനകത്തുണ്ടായിരുന്ന സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് പുറത്താക്കി. ഇതിനിടയിലാണ് നഗരസഭ പ്രതിപക്ഷ നേതാവ് ആന്റോ തോമസ്, കെ.എസ്.യു ജില്ലാ സെക്രട്ടറി ഗോകുല്‍ ഗുരുവായൂര്‍, മുന്‍ കൗണ്‍സിലര്‍ കെ.പി ഉദയന്‍, രാജേന്ദ്രന്‍ കണ്ണാത്ത് എന്നിവര്‍ക്ക് പരിക്കേറ്റത്. ഇവരെ ചെറുക്കുന്നതിനിടെ തൃശൂര്‍ എ.ആര്‍.ക്യാമ്പിലെ പോലീസുകാരായ കെ.പ്രശാന്ത്, വിമല്‍രാജ് എന്നിവര്‍ക്കും പരിക്കേറ്റു. ഇരുവരും ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ബാങ്കിന് മുന്നില്‍ ഉപരോധിച്ച നാല് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള 12 പേരെ സിറ്റി പോലീസ് കമ്മീഷണര്‍ ടി.നാരായണന്‍, തൃശൂര്‍ എ.സി.പി - പി.വാഹിദ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റ് ചെയ്ത സമരക്കാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഹര്‍ത്താലാനുകൂലികള്‍ ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. റോഡ് ഉപരോധിച്ചതു മൂലം രണ്ട് മണിക്കൂറോളം തൃശൂര്‍ ഗുരുവായൂര്‍ റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. അറസ്റ്റിലായവര്‍ക്ക് കോടതി ജാമ്യം നല്‍കി.

Published in News Highlights

ഗുരുവായൂര്‍: ആദര്‍ശ രാഷ്ട്രീയത്തിന്റെ പേരില്‍ പരസ്പരം പോരടിക്കുമെങ്കിലും നാടിന് ദോഷം ചെയ്യുന്ന മദ്യശാല അടച്ചു പൂട്ടിക്കാന്‍ തൈക്കാടില്‍ അവര്‍ കൈ കോര്‍ത്തു. ഇവിടെ കൊടി തോരണങ്ങളുടെ നിറം നോക്കാതെയായിരുന്നു ആ സമരം. തൈക്കാട് ആരംഭിച്ച ബിവറേജ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടിക്കാനാണ് രാഷ്ടീയ, ജാതി, മത ചിന്തകള്‍ വെടിഞ്ഞ് അവര്‍ ഒന്നായത്. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപം പ്രവര്‍ത്തനം ആരംഭിച്ച മദ്യശാല അടച്ചുപൂട്ടണമെന്ന കാര്യത്തില്‍ നാട്ടുകാര്‍ ഏകാഭിപ്രായക്കാരാണ്. കോണ്‍ഗ്രസ്, ബി.ജെ.പി, മുസ്ലീംലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ തുടങ്ങീ ഭരണകക്ഷി ഒഴികെയുള്ള പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായാണ് സമരത്തില്‍ അണി നിരക്കുന്നത്. വെള്ളിയാഴ്ചയിലെ ഹര്‍ത്താലിനോടനുന്ധിച്ച് നടന്ന സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചവരെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് പ്രകടനത്തിന്റെ മുന്‍ നിരയില്‍ ഈ പാര്‍ട്ടിക്കാരുടെയെല്ലാം കൊടികള്‍ ഉയര്‍ന്നു തന്നെയുണ്ടായിരുന്നു. ബി.ജെ.പിയുടെ കൊടിയുടെ തൊട്ടടുത്തായിരുന്നു മുസ്ലീം ലീഗിന്റെയും എസ്.ഡി.പി.ഐയുടെയും കൊടികള്‍ പാറിയത്. പരസ്പരം പോരടിക്കുന്ന രാഷ്ടീയ പാര്‍ട്ടികളുടെ കൊടികള്‍ ഒന്നിച്ച് കണ്ട് പലരും അന്തംവിട്ടു. തൈക്കാട് ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 17 ദിവസമായി നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന് ദിവസവും വിവിധ സംഘടനകള്‍ ഐദ്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തുന്നുണ്ട്. പ്രദേശത്തെ ക്രൈസ്തവ പള്ളികളിലേയും മുസ്ലീം പള്ളികളിലേയും കൂട്ടായ്മകളുടെയും വിവിധ രാഷ്ടീയ- സാമൂഹിക -സാംസ്‌കാരിക സംഘടനകളുടെയും പിന്തുണയും സമരത്തിനുണ്ടെന്നത് ശ്രദ്ധേയമാണ്.

Published in Special Reports

ചാലക്കുടി: തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥരുടെ തന്നിഷ്ടം അനുവദിക്കില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. ചാലക്കുടി നഗരസഭ 46 ലക്ഷം രൂപ ചിലവില്‍ സ്ഥാപിച്ച സോളാര്‍ സംവിധാനത്തിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങള്‍ക്ക് ഏറ്റവും കുറച്ചു സമയത്തിനുള്ളില്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കണം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയടക്കം സംസ്ഥാനത്തെ 12 ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്ത വിവരം കെ.ടി.ജലീല്‍ ചൂണ്ടിക്കാട്ടി. അഴിമതിയെ ഈ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. സംസ്ഥാനത്ത് ചരിത്രത്തില്‍ ആദ്യമായി ഇത്തവണ ജൂണ്‍ 15ന് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവയുടെ വികസന പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതികളില്‍ അവതരിപ്പിച്ച് അംഗീകാരം നേടി. മാലിന്യ സംസ്‌കരണ പ്ലാന്റുകളെ എതിര്‍ക്കുന്നതിനെ പൗരബോധമെന്ന് പറയാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ബി.ഡി.ദേവസി എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭയുടെ വിവിധ വിദ്യാഭ്യാസ അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു. ചെയര്‍പേഴ്‌സണ്‍ ഉഷാ പരമേശ്വരന്‍, വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പന്‍ എന്നിവര്‍ സംസാരിച്ചു.

Published in News Highlights

കൊടകര: കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ദേശീയ സെമിനാര്‍ - ട്രെന്‍ഡ്സ് 2017 തുടങ്ങി. സി.ടി.എസ് ലേണിംഗ് ആന്‍ഡ് മാനേജ്മെന്റ് സൊലൂഷന്‍സ് സീനിയര്‍ മാനേജര്‍ ജോണ്‍ എഡിസണ്‍ ഉദ്ഘാടനം ചെയ്തു. സഹൃദയ ഡയറക്ടര്‍ ഫാ.ഡോ.ജോസ് കണ്ണമ്പുഴ അദ്ധ്യക്ഷനായി. എന്‍ജിനീയറിംഗ്, സയന്‍സ് രംഗത്തെ ഗവേഷണ വികസന സാധ്യതകള്‍ വിലയിരുത്തല്‍ എന്ന വിഷയത്തിലാണ് സെമിനാര്‍. ഭാരതത്തിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളിലും കോളേജുകളിലും നിന്നുള്ള 60 പേര്‍ പ്രബന്ധങ്ങളവതരിപ്പിക്കും. പ്രിന്‍സിപ്പാള്‍ ഡോ. നിക്സണ്‍ കുരുവിള, ജോയിന്റ് ഡയറക്ടര്‍ ഡോ.സുധ ജോര്‍ജ് വളവി, പ്രോഗ്രാം കണ്‍വീനര്‍ ഡോ.വിന്‍സ് പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സഹൃദയയിലെ പി.ജി.വിഭാഗം വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ശനിയാഴ്ച സമാപിക്കും.

Published in Gramavarthakal

പുതുക്കാട്: വരന്തരപ്പിള്ളി കലവറക്കുന്ന് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് അപകട ഭീഷണിയായി കൂറ്റന്‍ മരം. ഏതു സമയവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള എലുവ് മരമാണ് ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിനും ജീവനക്കാര്‍ക്കും രോഗികള്‍ക്കും ഭീഷണിയായി നില്‍ക്കുന്നത്. നൂറിലേറെ ഇഞ്ച് വണ്ണമുള്ള മരത്തിന്റെ പല ചില്ലകളും ഉണങ്ങി വീഴാറായ നിലയിലാണ്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മരം മുറിച്ച് നല്‍കാനുള്ള ടെണ്ടര്‍ പഞ്ചായത്ത് വിളിച്ചെങ്കിലും തുക കൂടുതലാണെന്നു പറഞ്ഞ് ആരും ലേലം ചെയ്യാന്‍ എത്തിയില്ല. പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുകളിലേക്ക് ഏതുനിമിഷവും വീഴാറായി നില്‍ക്കുന്ന കൂറ്റന്‍ മരം എത്രയും വേഗം മുറിച്ചു മാറ്റാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിക്കാനൊരുങ്ങുകയാണ് പഞ്ചായത്ത് ഭരണ സമിതി.

Published in Gramavarthakal

കൊടകര: കൊടകര ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ പ്രത്യേക അസംബ്ലിയും സ്‌കൂളിലേക്ക് കൊടകര ഫാര്‍മേഴ്സ് സഹകരണ ബാങ്ക് അനുവദിച്ച ഭക്ഷണ പ്ലേറ്റുകളുടെ കൈമാറ്റവും നടത്തി.മുഖ്യമന്ത്രിയുടെ സന്ദേശ കത്തും നെയിം സ്ലിപ്പും കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ പി.ആര്‍. പ്രസാദന്‍ വിതരണം ചെയ്തു. ബാങ്ക് പസിഡണ്ട് എ.സി. വേലായുധന്‍, വിദ്യാഭ്യാസ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എല്‍. പാപ്പച്ചന് ഭക്ഷണ പ്ലേറ്റുകള്‍ കൈമാറി. പി.ടി.എ. പ്രസിഡണ്ട് കെ.എസ്.സന്തോഷ് കുമാര്‍, പ്രധാനാധ്യാപകന്‍ പി.എസ.് സുരേന്ദ്രന്‍, മാതൃസംഗമം പ്രസിഡണ്ട് സന്ധ്യ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Published in Gramavarthakal

ഗുരുവായൂര്‍: തൈക്കാട് ആരംഭിച്ച മദ്യവില്‍പ്പനശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി ഗുരുവായൂര്‍ യൂണിറ്റ് ധര്‍ണ നടത്തി. സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജോസ് പുലിക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.സി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. പി.ഐ. സൈമണ്‍, മേഴ്‌സി ജോയ്, തോമസ് ചിറമ്മല്‍ എന്നിവര്‍ സംസാരിച്ചു. തൈക്കാട് ജംങ്ഷനില്‍ നിന്നു ജപമാല ചൊല്ലിയാണ് പ്രവര്‍ത്തകര്‍ സമര വേദിയിലെത്തിയത്.

Published in Gramavarthakal

പുതുക്കാട്: കല്ലൂര്‍ ആലേങ്ങാട് പുതുവപ്പാടം പാടശേഖരത്തില്‍ സ്വകാര്യവ്യക്തി കമ്പിവേലി സ്ഥാപിച്ചതിനെ തുടര്‍ന്ന് മറ്റു കര്‍ഷകര്‍ കൃഷിയിടത്തില്‍ പ്രവേശിക്കാന്‍ ബുദ്ധിമുട്ടുന്നതായി പരാതി. പാടം അതിരു തിരിച്ച് കമ്പിവേലി തീര്‍ത്തതാണ് മറ്റ് കര്‍ഷകരെ ദുരിതത്തിലാക്കുന്നത്. ഇതുമൂലം പാടശേഖരത്തിലേക്ക് ടില്ലര്‍ ഉള്‍പ്പെടെയുള്ള യന്ത്രങ്ങളും വാഹനങ്ങളും പ്രവേശിപ്പിക്കാനാകാത്ത അവസ്ഥയാണ്. ഒരു വര്‍ഷം മുന്‍പ് ഇവിടെ കരിങ്കല്ല് അടിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ശ്രമം നാട്ടുകാരും പോലിസും ഇടപെട്ട് തടഞ്ഞിരുന്നു. സുഗമമായി കൃഷി ഇറക്കാനും വാഹനങ്ങള്‍ കടത്താനും കൃഷിയിടത്തില്‍ സ്ഥാപിച്ച തടസം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ കല്ലൂര്‍ കൃഷി ഓഫീസര്‍ക്ക് പരാതി നല്‍കി.

Published in Gramavarthakal

കൊടുങ്ങല്ലൂര്‍: അഴീക്കോട് കടലില്‍ മത്സ്യ ബന്ധനത്തിനിടയിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വാസുദേവ് എന്ന ഇന്‍ബോര്‍ഡ് എഞ്ചിന്‍ വള്ളമാണ് അപകടത്തില്‍പെട്ടത്. വള്ളത്തിലെ വലയും റോപ്പും ഘടിപ്പിച്ച ചക്ക് എന്ന ഉപകരണം ഒടിഞ്ഞ് തൊഴിലാളികളുടെ ദേഹത്ത് വീഴുകയായിരുന്നു. പരിക്കേറ്റ മത്സ്യത്തൊഴിലാളികളായ തൈക്കൂട്ട് പ്രദീപ്, വേലിയേറ്റ് ഉണ്ണികൃഷ്ണന്‍, ബംഗാള്‍ സ്വദേശി അക്ബറലി എന്നിവരെ കൊടുങ്ങല്ലൂര്‍ ഗൗരിശങ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയോടെ അഴീക്കോട് അഴിമുഖത്തിന് പത്ത് കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ തീരദേശ പോലീസും കടലോര ജാഗ്രതാ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Published in Gramavarthakal

പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം പഞ്ചായത്ത് റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന മതില്‍ വിണ്ടുകേറി അപകടാവസ്ഥയിലായി. നിരവധി വാഹനങ്ങളും, സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പോകുന്ന റോഡാണിത്. മതിലിന് സമീപം നില്‍ക്കുന്ന മൂന്ന് മഹാഗണി മരങ്ങള്‍ വളര്‍ന്ന് മതിലിനടിയിലേക്ക് വേരിറങ്ങിയിട്ടുണ്ട്. ശക്തമായ മഴയും, കാറ്റും ഉണ്ടായാല്‍ മതില്‍ പൂര്‍ണമായും തകര്‍ന്ന് വീണ് അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

Published in Gramavarthakal
  •  Start 
  •  Prev 
  •  1  2  3  4  5  6  7  8 
  •  Next 
  •  End 
Page 1 of 8

Other Head Lines

Go to top