UPDATE:
News

തൃശൂര്‍ എം.ജി.റോഡിലെ കോട്ടപ്പുറം റെയില്‍വേ മേല്‍പ്പാലം വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ ഉദ്യോഗസ്ഥരും കോര്‍പ്പറേഷന്‍ അധികൃതരും സ്ഥലം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. പാലത്തിന്റെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വേയെടുത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. റെയില്‍വേയുടെ ഫോര്‍ ലൈന്‍ ട്രാക്കിനുള്ള സ്ഥലം കണക്കാക്കി 30 മീറ്റര്‍ നീളത്തില്‍ പാലം പണിയാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. 25 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ചാലും കുഴപ്പമില്ലായെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ കോര്‍പ്പറേഷന്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്. പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് 4 മീറ്റര്‍ വീതിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിലും മാരിയമ്മന്‍കോവില്‍ ഉള്ളതുകൊണ്ട് അതനുസരിച്ചാകും സ്ഥലം എടുക്കുക. അതിനനുസൃതമായി തെക്ക് ഭാഗത്ത് 8 മുതല്‍ 10 മീറ്റര്‍ വരെ വീതിയെടുക്കേണ്ടി വരും. റെയില്‍വേയാണ് പാലം പണിയുന്നത്. എം.ജി.റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിര്‍ത്തിക്കൊണ്ടായിരിക്കും പാലം പണിയുന്നതെന്നും അതിനു മുമ്പായി പൂത്തോള്‍ പാലത്തിന്റെ പണി പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എറണാകുളത്തു നിന്ന് റെയില്‍വേ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഹരിദാസന്‍, സീനിയര്‍ സെക്ഷന്‍ എഞ്ചിനിയര്‍ കെ.സുനില്‍കുമാര്‍, മേയര്‍ അജിതാ ജയരാജന്‍, ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, കോര്‍പ്പറേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കെ.ഡി.അജയഘോഷ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എച്ച്. ടൈറ്റസ്, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പി.എ. മഹേന്ദ്ര, കൗണ്‍സിലര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. അതേ സമയം പാലത്തിന്റെ തെക്ക് ഭാഗത്ത് കൂടുതല്‍ വീതിയില്‍ സ്ഥലമെടുക്കാനുള്ള നീക്കത്തിനെതിരെ സമീപത്തെ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തങ്ങള്‍ പാലം പണിക്കും റോഡ് വികസനത്തിനും എതിരല്ലെന്നും രണ്ട് വശങ്ങളില്‍ നിന്ന് ഒരുപോലെ സ്ഥലം ഏറ്റെടുക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. പാലം പണിക്കുള്ള തുക മുടക്കുന്നത് തൃശൂരിലെ പ്രമുഖ വിദേശ വ്യവസായിയാണ്.

Published in Thrissur Round Up

കുന്നംകുളം: കുത്തകകള്‍ക്കെതിരെയുള്ള ജനകീയ ചെറുത്തുനില്‍പ്പിന്റെ മാതൃകയാണ് കേരളത്തിലെ പ്രാദേശിക കേബിള്‍ ശൃംഖലകളെന്ന് കെ. വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. പറഞ്ഞു. കുന്നംകുളത്ത് 12 -ാമത് സി.സി.ടി.വി. വിദ്യാഭ്യാസ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ സാധാരണക്കാരന്റെ ഹൃദയം കവര്‍ന്ന ചാനലുകളാണ് ടി.സി.വി.യും, സി.സി.ടി.വി.യും. മാധ്യമങ്ങള്‍ കുത്തകകള്‍ അടക്കിവാഴുന്ന കാലത്ത് സാധാരണക്കാന്റെ ശബ്ദം പൊതുധാരയിലെത്തിക്കാനുള്ള ഏക ആശ്രയമാണ് ഇത്തരം ചാനലുകള്‍. ഇവ സംരക്ഷിക്കപെടേണ്ടത് പൊതു സമൂഹത്തിന്റെ ബാധ്യതയാണ്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആഗോള ഭീമന്‍മാര്‍ ഈ മേഖലയില്‍ കടന്നുകയറുമ്പോള്‍ ഇതിനെ ജീവന്‍ മരണ പോരാട്ടത്തിലൂടെ ചെറുത്ത് തോല്‍പിച്ചവരാണിവര്‍. ഇന്നാണ് അതെന്തിനായിരുന്നുവെന്ന് പൊതു സമൂഹം തിരിച്ചറിയുന്നത്. മലയാള ചാനലുകളേയും, പത്രങ്ങളേയും ദേശീയ - അന്തര്‍ദേശീയ ഭീമന്‍മാര്‍ നിയന്ത്രിക്കുന്ന വര്‍ത്തമാനകാലത്തില്‍ മലയാളം സംസാരിക്കാനും, മലയാളം സംരക്ഷിക്കാനും, സാധാരണക്കാരന്റെ ശബ്ദം പുറലോകത്തെത്തിക്കാനും ആകെയുള്ളത് ഇത്തരം ചില കൂട്ടായ്മകളും മാധ്യമങ്ങളും മാത്രമാണ്. ഇവ സംരക്ഷിക്കാന്‍ സര്‍ക്കാരിനും ബാധ്യതയുണ്ട്. കുത്തകള്‍ക്ക് നല്‍കുന്ന അതേ അനുമാനത്തില്‍ തന്നെ ഇത്തരം കൂട്ടായ്മകളേയും കാണാതെ പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ആവശ്യമായ പരിഗണനയും ആനുകൂല്യവും നല്‍കണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെടുമെന്നും കെ.വി. അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

Published in News Highlights

കുന്നംകുളം: കേരളത്തില്‍ പൊതുവിദ്യാഭ്യാസ രംഗം കൂടുതല്‍ ശക്തിപ്പെടുകയാണെന്നും, വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാഭ്യാസ രംഗത്ത് 6000 കോടി രൂപയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും വ്യവസായവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കുന്നംകുളത്ത് 12 -ാമത് സി.സി.ടി.വി. വിദ്യാഭ്യാസ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി എ.സി. മൊയ്തീന്‍. സി.സി.ടി.വി. വിദ്യാഭ്യാസ പുരസ്‌ക്കാരം ഒരു ചടങ്ങുമാത്രമല്ല. പൊതു വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുന്നതും പൊതു സമൂഹത്തിന്റ ബാധ്യത ഏറ്റെടുത്ത് നടത്തുന്നതുമായ പ്രവര്‍ത്തനമാണ്. പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങുന്ന കുട്ടികള്‍ തങ്ങള്‍ക്ക് ലഭിച്ച അംഗീകാരങ്ങള്‍ സമൂഹത്തിന് തിരിച്ചു നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് മന്ത്രി പറഞ്ഞു. എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്സ് നേടിയ 350 ഓളം വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌ക്കാരവും, ക്യാഷ് അവാര്‍ഡും മന്ത്രി സമ്മാനിച്ചു. കുന്നംകുളം നഗരസഭ ചെയര്‍പഴ്‌സണ്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷയായി. എസ്.എസ്.എല്‍.സി. പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ - പ്ലസ് കരസ്ഥമാക്കിയ സി.സി.ടി.വി. വരിക്കാര്‍ക്കാരുടെ മക്കളെയാണ് അനുമോദിച്ചത്. സി.ബി.എസ്.സി., ഐ.സി.എസ്.ഐ. സിലബസില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെയും ചടങ്ങില്‍ ആദരിച്ചു. എം.എല്‍. എ. മാരായ കെ.വി. അബ്ദുള്‍ഖാദര്‍, അനില്‍ അക്കര, മുരളി പെരുനെല്ലി, വിവിധ ജനപ്രതിനിധികള്‍, ഫാ. സോളമന്‍ ഒ.ഐ.സി. എസ്.എം.എസ്. ഗോള്‍ഡ് മെഡലിസ്റ്റ് അനക്‌സ് ജോസ്, ഫാ. പത്രോസ് ഒ.ഐ.സി., സി.ഒ.എ. സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കെ. വി. രാജന്‍, കെ.സി.സി.എല്‍. ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ദിഖ്, മാനേജിംഗ് ഡയറക്ടര്‍ പി.പി. സുരഷ്‌കുമാര്‍, സി.ഒ.എ. ജില്ലാ പ്രസിഡന്റ് അമ്പലപ്പാട്ട് മണികണ്ഠന്‍, സെക്രട്ടറി പി.ബി. സുരേഷ്, കേരള വിഷന്‍ ചെയര്‍മാന്‍ കെ.ബി. ബൈജു, മാനേജിംഗ് ഡയറക്ടര്‍ പി.എം. നാസര്‍, സി.സി.ടി.വി. ചെയര്‍മാന്‍ ടി.വി. ജോണ്‍സണ്‍, മാനേജിംഗ് ഡയറക്ടര്‍ കെ.ടി. സഹദേവന്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക, മാധ്യമ മേഖലകളിലെ പ്രമുഖര്‍ സംസാരിച്ചു. പി.ജെ. ആന്റണി സ്മാരക ഷോര്‍ട്ട് ഫിലിം അവാര്‍ഡ് നേടിയ പച്ചില ഷോര്‍ട്ട് ഫിലിം അണിയറ പ്രവര്‍ത്തകരായ രാജേഷ് നാരായണന്‍, ബാബു നാസര്‍, നിഖില്‍ പ്രഭ എന്നിവരെയും, കാലിക്കറ്റ് യൂണിവേഴ്സിറ്റി കൗണ്‍സിലിംഗ് സെന്റേഴ്സ് അസോസിയേഷന്‍ നടത്തിയ കലോത്സവത്തില്‍ തുടര്‍ച്ചയായ 2-ാം വര്‍ഷവും കലാതിലകപട്ടം സ്വന്തമാക്കിയ നമിത നന്ദകുമാര്‍, കായിക രംഗത്ത് നേട്ടങ്ങള്‍ കൊയ്ത എരുമപ്പെട്ടി ഗവണ്‍മെന്റ്ഹയര്‍സെക്കന്ററി സ്‌കൂളിലെ ടി.ജെ. ജംഷീല, പന്നിത്തടം കോണ്‍കോഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പി.ജെ. മുഹമ്മദ് അസ്ലം എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. സി.സി.ടി.വി. യുടെ മികച്ച റിപ്പോര്‍ട്ടറായി തിരഞ്ഞെടുത്ത റഷീദ് എരുമപെട്ടിയ്ക്ക് പുരസ്‌ക്കാരം നല്‍കി. അന്തരിച്ച കേബിള്‍ ഓപ്പറേറ്റര്‍ കെ.എല്‍. ജോസിന്റെ സ്മരണാര്‍ത്ഥം ഏര്‍പെടുത്തിയ എക്‌സലന്‍സി പുരസ്‌ക്കാരം കോട്ടപ്പടി സ്വദേശി റോസ് മുട്ടം, ചൂണ്ടല്‍ കെ. അക്ഷയ് എന്നിവര്‍ക്ക് സമ്മാനിച്ചു. പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ ഇരുവര്‍ക്കും ഫലകവും, ക്യാഷ് അവാര്‍ഡും നല്‍കി.

Published in Gramavarthakal

അന്തിക്കാട്: കോള്‍ നിലങ്ങളില്‍ ഗെയില്‍ പൈപ്പുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവൃത്തികളില്‍ ഫാം റോഡുകള്‍ അടക്കമുള്ള കോള്‍ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഗീതാ ഗോപി എം.എല്‍.എ. അന്തിക്കാട് കോള്‍ നിലങ്ങളില്‍ ഗെയില്‍ പൈപ്പുകള്‍ സ്ഥാപിച്ചതു മൂലം കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ സാധിക്കാതെ വന്ന ബുദ്ധിമുട്ടിനെ കുറിച്ച് ടി.സി.വി. ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഇതേക്കുറിച്ച് നേരിട്ട് മനസിലാക്കാനായി എം.എല്‍.എ. നേരിട്ട് സ്ഥലം സന്ദര്‍ശിച്ചത്. കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിച്ച് ഗെയില്‍ കമ്പനി നടത്തിയ പ്രവൃത്തികള്‍ ബോധ്യപ്പെടുത്താനായി കളക്ടറെ ഉടനെ സ്ഥലത്ത് കൊണ്ട് വരുമെന്ന് എം.എല്‍.എ. അറിയിച്ചു. കൃഷിയിറക്കാന്‍ പറ്റാത്ത സാഹചര്യം വന്നതോടെ കര്‍ഷകര്‍ക്ക് വന്ന നഷ്ടങ്ങള്‍ പരിഹരിക്കാന്‍ കളക്ടര്‍, ഗെയില്‍ കമ്പനി അധികൃതര്‍, പാടശേഖര സമിതി ഭാരവാഹികള്‍ എന്നിവരുടെ യോഗം വിളിച്ച് ചേര്‍ക്കും. വിഷയത്തെ കുറിച്ച് കൃഷി മന്ത്രിയുടേയും സര്‍ക്കാരിന്റേയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും എം.എല്‍.എ. പറഞ്ഞു. അന്തിക്കാട് പാടശേഖരത്തില്‍ പലയിടത്തും സ്ഥാപിച്ച ഗെയില്‍ പൈപ്പുകള്‍ പൊന്തി നില്‍ക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഫാം റോഡുകള്‍ തകര്‍ന്ന് കൃഷിക്ക് ആവശ്യമായ വെള്ളമെത്തിക്കുന്ന ഇട ചാലുകള്‍ പലതും മണ്ണിട്ട് മൂടുകയും ചെയ്തിട്ടുണ്ട.് അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.കിഷോര്‍ കുമാര്‍, വൈസ് പ്രസിഡന്റ് ജ്യോതി രാമന്‍, കൃഷി ഓഫിസര്‍ ഏ.ജെ.ഗ്രേയ്‌സി, പാടശേഖര കമ്മിറ്റി ഭാരവാഹികള്‍, പഞ്ചായത്ത് അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവരും എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു.

Published in Gramavarthakal

ഗുരുവായൂര്‍: ഗുരുവായൂരിലെ മാന്‍ഹോളുകള്‍ യാത്രക്കാര്‍ക്ക് തീരാദുരിതമാകുന്നു. അഴുക്ക്ചാല്‍ പദ്ധതിക്കായി ഔട്ടര്‍ റിംഗ് റോഡില്‍ സ്ഥാപിച്ചിട്ടുള്ള മാന്‍ഹോളുകളാണ് അപകടം വിളിച്ചു വരുത്തുന്നത്. വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് സ്ഥിരമായതിനെ തുടര്‍ന്ന് അറ്റകുറ്റപണി നടത്തിയ ഗുരുവായൂരിലെ മാന്‍ഹോളുകള്‍ വീണ്ടും അപകടക്കെണിയായിരിക്കുകയാണ്. മാന്‍ഹോളുകളുടെ മൂടിയായി ഉപയോഗിച്ചിരിക്കുന്ന ഇരുമ്പ് ഷീറ്റ് ഇളകിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവായിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയതിനെ തുടര്‍ന്ന് ഒരു മാസം മുന്‍പ് അറ്റകുറ്റപണി നടത്തി. മൂടിയായി ഉപയോഗിച്ചിരുന്ന ഇരുമ്പ്ഷീറ്റിന്റെ കനം ഇരട്ടിയാക്കി ഉറപ്പിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ആഴ്ച തികയുന്നതിന് മുന്‍പ് മൂടികള്‍ പഴയപടിയായി. ഇതേ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡും പൊതുമരാമത്ത് വകുപ്പ് ഓഫീസും ഉപരോധിച്ചിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപണി നടത്തിയ മാന്‍ഹോളുകളാണ് വീണ്ടും പഴയപടിയായിരിക്കുന്നത്. വലിയ തോതില്‍ കുഴി രൂപപ്പെട്ടതില്‍ കോണ്‍ക്രീറ്റ് നടത്തുകയും, ഇളകിക്കിടക്കുന്ന ഇരുമ്പ് ഷീറ്റുകള്‍ വെല്‍ഡിംഗ് നടത്തി ഉറപ്പിക്കുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍ മാസം ഒന്ന് തികയും മുന്‍പ് വെല്‍ഡിംഗുകള്‍ അടര്‍ന്ന് തുടങ്ങി. ഷീറ്റുകള്‍ ഉറപ്പിച്ചിരുന്ന ബോള്‍ട്ട് ഇളകി വീണ്ടും അപകടം വിളിച്ചു വരുത്തുന്ന അവസ്ഥയിലാണ്. പല ഷീറ്റുകളും ഇളകിപോയതിനെ തുടര്‍ന്ന് ഒരടിയോളം പോന്ന കുഴിയും രൂപപ്പെട്ടിട്ടുണ്ട്. മഴപെയ്ത് വെള്ളംകെട്ടി നില്‍ക്കുന്നതിനാല്‍ വാഹനങ്ങള്‍ ആഴം അറിയാതെ കുഴിയില്‍ വീണ് അപകടത്തില്‍ പെടുകയാണ്. മാന്‍ഹോളുകളുടെ മൂടികള്‍ ഉറപ്പിച്ചിട്ടുള്ള ഭാഗത്ത് റോഡ് ഇടിഞ്ഞു തുടങ്ങിയിട്ടുമുണ്ട്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.. മാന്‍ഹോളുകള്‍ അപകടം വരുത്തുന്നതിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമര പരിപാടിയുമായി രംഗത്തിറങ്ങുമെന്ന് ബി.ജെ.പി മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ആര്‍.ചന്ദ്രന്‍ പറഞ്ഞു. പ്രതിഷേധം കനക്കുമ്പോള്‍ മാത്രം അറ്റകുറ്റപണി നടത്തുന്നതിന് പകരം അപകടം ഉണ്ടാക്കുന്ന മാന്‍ഹോളുകളുടെ കാര്യത്തില്‍ ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Published in Gramavarthakal

മാള: മാള പോസ്റ്റോഫിസ് റോഡ് വികസനവുമായി ബന്ധപ്പെട്ട സര്‍വ്വകക്ഷി ആലോചനാ യോഗത്തില്‍ പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷമായ വിമര്‍ശനം. മാള നഗര റോഡ് വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. പോസ്റ്റോഫീസ് റോഡ് വികസനവുമായി ബന്ധപ്പെട്ട് പദ്ധതി തയ്യാറാക്കുന്നതിന് മുന്നോടിയായാണ് വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. യോഗങ്ങളില്‍ ഉണ്ടാകുന്ന തീരുമാനങ്ങള്‍ പദ്ധതി നടത്തിപ്പില്‍ അവഗണിക്കുന്നതായി വിമര്‍ശനം ഉയര്‍ന്നു. മാള നഗരവികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യാപാരികള്‍ക്കുണ്ടായ പ്രയാസങ്ങള്‍ വ്യാപാരി വ്യവസായി ഏകോപന സമിതി മാള യൂണിറ്റ് ഭാരവാഹികള്‍ പരാതിയായി ഉന്നയിച്ചു. ജലനിധി പദ്ധതിയ്ക്കായി റോഡ് പൊളിച്ച ഭാഗങ്ങള്‍ അപകടം ഉണ്ടാക്കുന്ന വിധത്തില്‍ തകര്‍ന്ന് കിടക്കുന്നതും രൂക്ഷമായ വിമര്‍ശനത്തിനിടയാക്കി. അതേസമയം പൈപ്പ് സ്ഥാപിക്കാന്‍ പൊളിച്ച റോഡ് താല്‍ക്കാലികമായി സഞ്ചാരയോഗ്യമാക്കുന്നതിനുള്ള ചുമതല ജലനിധിക്ക് ആണെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. അപകടാവസ്ഥയിലായ റോഡ് സഞ്ചാരയോഗ്യമാക്കാന്‍ പ്രാഥമിക നടപടികള്‍ പോലും സ്വീകരിക്കാതെ പൊതുമരാമത്ത് വകുപ്പും ജലനിധിയും പരസ്പരം പഴി ചാരുകയാണെന്ന് യോഗത്തില്‍ ആരോപണമുണ്ടായി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്ന നിലപാടുകളാണ് ഉണ്ടായിട്ടുള്ളതെന്നും റോഡ് വെട്ടിപ്പൊളിക്കുന്നതും മൂടുന്നതും രാത്രി വേണമെന്ന സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനം അവഗണിച്ചാണ് ജലനിധി പദ്ധതിക്ക് പൈപ്പ് സ്ഥാപിച്ചിരിക്കുന്നതെന്നും വ്യാപാരികള്‍ പരാതിപ്പെട്ടു.

Published in Gramavarthakal

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ സലഫി സെന്ററില്‍ ചുമരെഴുത്ത് നടത്തിയ സംഭവത്തില്‍ പിടിയിലായ രാജഗോപാല്‍ എന്ന മുഹമ്മദ് നഗരത്തിലെ പാരലല്‍ കോളേജില്‍ അദ്ധ്യാപകന്‍. സംഭവ ദിവസം ക്ലാസ് കഴിഞ്ഞിറങ്ങിയ രാജഗോപാല്‍ എന്ന മുഹമ്മദ് പിറ്റേ ദിവസം പതിവുപോലെ കോളേജില്‍ എത്തി. ഇതിനിടെ ബൈക്കപകടത്തില്‍ ഇയാള്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രതി മുടങ്ങാതെ ജോലിക്കെത്തി. നാടുനീളെ പോലീസ് പ്രതിയെ തേടിയലയുമ്പോള്‍ ,ഇയാള്‍ എല്ലാ ദിവസവും പോലീസ് സ്‌റ്റേഷന് എതിര്‍വശത്ത് കോടതി വളപ്പിലുള്ള മില്‍മ ബൂത്തില്‍ ചായ കുടിക്കാനെത്താറുണ്ട്. കഴിഞ്ഞ ദിവസം പാരലല്‍ കോളേജിലെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി കോളേജ് പ്രിന്‍സിപ്പാളിനെ വിളിച്ച് സംശയം പ്രകടിപ്പിച്ചു. പള്ളിയില്‍ അതിക്രമം നടത്തിയ ആളുടെ ഫോട്ടോയ്ക്ക് പാരലല്‍ കോളജ് അദ്ധ്യാപകന്റെ മുഖഛായയുണ്ടെന്ന പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ സംശയം ശരിയാണെന്ന് മനസ്സിലാക്കിയ പ്രിന്‍സിപ്പാള്‍ സ്‌റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഇയാളെ പോലീസിന് കൈമാറുകയുമായിരുന്നു.രാജഗോപാല്‍ ഇത്തരമൊരു കേസില്‍ ഉള്‍പ്പെട്ടുവെന്നത് പാരലല്‍ കോളേജിലെ സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവിശ്വസനീയമായി.

Published in Gramavarthakal

കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ കൊരേച്ചാല്‍ വാര്‍ഡ് വയോജന ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വയോജന സംഗമം സംഘടിപ്പിച്ചു. പഞ്ചായത്തംഗം ശ്രീധരന്‍ കളരിക്കല്‍ ഉദ്ഘാടനം ചെയ്തു. വയോജന ക്ലബ്ബ് പ്രസിഡന്റ് പി.എന്‍.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ഡോട്ട് ഇന്‍ സാംസ്‌കാരികവേദി കോ ഓഡിനേറ്റര്‍ പ്രവീണ്‍ എം.കുമാര്‍ ക്ലാസെടുത്തു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ രവീന്ദ്രന്‍ പുല്ലരിക്കല്‍, വയോജനക്ലബ്ബ് സെക്രട്ടറി നാരായണന്‍ പാറമേക്കാടന്‍ എന്നിവര്‍ സംസാരിച്ചു.

Published in Gramavarthakal

പുന്നയൂര്‍ക്കുളം: പഴകിയ ഭക്ഷണം നല്‍കിയതിനെതിരെ ചോദ്യം ചെയ്ത യുവാവിനെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെന്ന് പറഞ്ഞ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി.  വടക്കേക്കാട് വൈലത്തൂര്‍ നുറുക്കില്‍ വീട്ടില്‍ പ്രമോദിനെയാണ് കഴിഞ്ഞദിവസം രാത്രി ഗുരുവായൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണെന്നു പറഞ്ഞ് ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തികയും ചെയ്തത്. പ്രമോദും, കുടുംബവും, നായരങ്ങാടി പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള ബേക്കറിയില്‍ നിന്ന് വാങ്ങിക്കഴിച്ച പഫ്‌സിന് പഴക്കമുണ്ടെന്ന് കടക്കാരനോട് പരാതി പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് കടക്കാരനുമായി പ്രമോദ് വാക്ക് തര്‍ക്കവും ഉണ്ടായി. ഇതിനുശേഷമാണ് ഭീഷണിപ്പെടുത്തിയുള്ള ഫോണ്‍ കോള്‍ വന്നതെന്ന് പ്രമോദ് പറയുന്നു. സംഭവത്തില്‍ വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി.

Published in Gramavarthakal

പാവറട്ടി: കോണ്‍ഗ്രസ് പാവറട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിര പ്രിയദര്‍ശിനി ജന്മശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച വിദ്യാഭ്യാസ അവാര്‍ഡ് ദാനവും ഇഫ്താര്‍ മീറ്റും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പാവറട്ടി കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന അവാര്‍ഡ്ദാന സമ്മേളനം ഡി സി സി. പ്രസിഡണ്ട് ടി എന്‍. പ്രതാപന്‍ ഉത്ഘാടനം ചെയ്യും. പാവറട്ടി പഞ്ചായത്തിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാലയങ്ങളെയും മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി ആദരിക്കും. തുടര്‍ന്ന് ഇഫ്താര്‍ മീറ്റും മാനവ മൈത്രി സംഗമവും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എ.ടി. ഉമ്മര്‍ സലിം, സി.എം.സെബാസ്റ്റ്യന്‍, കെ.സി. അബ്ദുള്ള, യോഗേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Published in Press Conference
  •  Start 
  •  Prev 
  •  1  2  3  4  5  6  7  8  9 
  •  Next 
  •  End 
Page 1 of 9

Other Head Lines

Go to top