UPDATE:
News

തൃശൂരില്‍ ഡെങ്കിപ്പനി ബാധിച്ച് പച്ചക്കറി വ്യാപാരി മരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ശക്തന്‍ മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരി നെല്ലിക്കുന്ന് സ്വദേശി കൊമ്പന്‍ വീട്ടില്‍ 53 വയസുള്ള ഫ്രാന്‍സിസാണ് മരിച്ചത്. പനിബാധിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് ഫ്രാന്‍സിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ ഡെങ്കിപ്പനി ബധിതരുടെ എണ്ണം ക്രമതാതീയാമയി വര്‍ദ്ധിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സുഹിത അറിയിച്ചു. പനി ബാധിതര്‍ കൃത്യമായി വിശ്രമിക്കുകയും, വിദഗ്ധ ചികില്‍സ തേടുകയും വേണമെന്ന് ഡി.എം.ഒ അറിയിച്ചു. ജില്ലയില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിച്ച മരത്താക്കര, പഴയനൂര്‍, എളനാട്, കൈപ്പമംഗലം എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണസ്ഥപനങ്ങളുടെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഡെങ്കിപ്പനി ബാധിത മേഖലകളില്‍ ആരോഗ്യ വകുപ്പിലെ വിദഗ്ധ സംഘം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. അതിനിടെ തൃശൂര്‍ കോര്‍പറേഷന്‍ പരിധിയിലും ഡെങ്കിപ്പനി പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

Published in News Highlights

സംസ്ഥാനത്ത് തിങ്കളാഴ്ച ചികില്‍സാ ഹര്‍ത്താല്‍ ആചരിക്കും. ആരോഗ്യ വകുപ്പാണ് ചികില്‍സാ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡെങ്കിപ്പനി സംസ്ഥാന വ്യാപകമായി പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായാണ് പരിസ്ഥിതി ദിനമായ തിങ്കളാഴ്ച ചികില്‍സാ ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ 9 മുതല്‍ 11 വരെ കടകള്‍ അടച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് ആഹ്വാനം ചെയ്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, വ്യാപാരികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരണമെന്നും നിര്‍ദ്ദേശമുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം പുത്തൂര്‍ പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

Published in Thrissur Round Up

ചേലക്കര പഴയന്നൂര്‍ മേഖലയില്‍ ഡെങ്കിപ്പനിക്ക് ശമനമായില്ല. ഇതിനോടകം പ്രദേശത്തെ 23 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇന്ന് രണ്ടു പേര്‍ കൂടി പഴയന്നൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. യഥാസമയം ചികിത്സ ലഭിക്കാത്തതു മൂലം കഴിഞ്ഞ ദിവസം മേഖലയില്‍ പനി ബാധിച്ച് യുവതി മരിച്ചതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഇതേ തുടര്‍ന്ന് ഡി.എം.ഒ. - ബേബി ലക്ഷ്മിയുടെയും പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.തങ്കമ്മയുടെയും നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും അടിയന്തിര യോഗം ചേര്‍ന്നിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നു ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നു ഡി.എം.ഒ വിമര്‍ശിച്ചു. ഈ മാസം 16-ാം തിയതി വരെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവധിയില്‍ പ്രവേശിക്കരുതെന്ന് ഡി.എം.ഒ. നിര്‍ദ്ദേശിച്ചു. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ ഇപ്പോഴും ലീവില്‍ തന്നെയാണെന്നും ഇത്തരം അനാസ്ഥക്കെതിരെ അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Published in Gramavarthakal

ആരോപണ പ്രത്യാരോപണങ്ങളുമായി തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണ പ്രതിപക്ഷം. കോര്‍പ്പറേഷന്‍ ഭരണ സമിതി നിരന്തരമായ മുന്‍സിപ്പാലിറ്റി ചട്ട ലംഘനമാണ്‌ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് അഡ്വ.എം.കെ.മുകുന്ദന്‍. കൗണ്‍സില്‍ യോഗം പിരിച്ചു വിട്ടതു വഴിയുണ്ടാകുന്ന കോര്‍പ്പറേഷന്റെ വരുമാന നഷ്ടത്തിന് പ്രതിപക്ഷമാണ് കുറ്റക്കാരെന്ന് മേയര്‍ അജിത ജയരാജന്‍. ബഹളത്തെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം പിരിച്ചുവിട്ട ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് അഡ്വ.എം.കെ.മുകുന്ദന്‍. വെല്ലുവിളിയും തെരുവ് ഗുണ്ടായിസവുമായാണ് എല്‍.ഡി.എഫ് കോര്‍പ്പറേഷന്‍ ഭരണം നടത്തുന്നത്. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി ന്യായമായ യോഗ തീരുമാനങ്ങളെടുക്കുന്ന മേയറെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. യൂണിയന്‍ ജില്ലാ നേതാവും ആരോഗ്യ വിഭാഗത്തിലെ എല്‍.ഡി ക്ലാര്‍ക്കുമായ ഒരാളെകൊണ്ട് കൗണ്‍സില്‍ യോഗ അജണ്ടകള്‍ വായിപ്പിച്ചത് ചട്ടവിരുദ്ധമാണ്. കൗണ്‍സില്‍ ക്ലാര്‍ക്കായി ഒരാള്‍ നിലവിലുണ്ടെന്നിരിക്കെയാണ് ഇത്തരം ചട്ട ലംഘനമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കൗണ്‍സില്‍ ഒരുതരത്തിലുള്ള സഹകരണത്തിനും വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറല്ല. അതേസമയം ജനാധിപത്യ മര്യാദകള്‍ മറികടന്ന് അവിശ്വാസ പ്രമേയത്തിലൂടെയോ അല്ലാതെയോ എല്‍.ഡി.എഫ് ഭരണത്തെ താഴെയിറക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. കൗണ്‍സില്‍ യോഗം ആരംഭിക്കുന്നതിനും മുന്‍പേ എല്ലാ വിഷയത്തിലും വോട്ടെടുപ്പ് വേണമെന്ന കത്ത് പ്രതിപക്ഷ നേതാവ് സെക്രട്ടറിക്ക് നല്‍കിയിരുന്നതായി മേയര്‍ അജിതാ ജയരാജന്‍ പറഞ്ഞു. അജണ്ട വായിച്ച് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെടുക എന്നതാണ് നിയമവും ജനാധിപത്യ മര്യാദയും. ഇത് മറികടന്ന് പ്രതിപക്ഷ നേതാവ് വോട്ടെടുപ്പിന് കത്ത് നല്‍കിയത് കൗണ്‍സിലിനോടുള്ള അവഹേളനമാണെന്ന് മേയര്‍ പ്രതികരിച്ചു. കോര്‍പ്പറേഷന് വലിയ വരുമാനമുണ്ടാക്കുന്ന മുറിവാടക വിഷയമടക്കം യോഗം പിരിഞ്ഞതോടെ തീരുമാനമാകാതെ പോയി. ഇതുമൂലമുണ്ടാകുന്ന കോര്‍പ്പറേഷന്റെ നഷ്ടത്തിന് കാരണക്കാര്‍ പ്രതിപക്ഷമാണെന്നും മേയര്‍ ആരോപിച്ചു. അതേസമയം മുന്‍പ് നടന്ന യോഗത്തില്‍ അജണ്ടയിലില്ലാത്ത വിഷയത്തിന് അംഗീകാരം നല്‍കിയതടക്കമുള്ള എല്ലാ നയപരമായ വിഷയങ്ങളിലും പ്രതിപക്ഷങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി. കൗണ്‍സിലര്‍മാരായ എം.എസ്.സമ്പൂര്‍ണ, മഹേഷടക്കമുള്ളവരുമായി സംസാരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി മേയര്‍ അറിയിച്ചു.

Published in News Highlights

ഇതരസംസ്ഥാന ലോട്ടറിക്കായി ഏജന്റുമാര്‍ ഒരുക്കങ്ങളാരംഭിച്ചു. പിടിച്ചു നില്‍ക്കാന്‍ ലോട്ടറി വില ഇരുപതാക്കി കുറയ്ക്കാനും ഒരുങ്ങി കേരള ലോട്ടറി. കനത്ത നികുതി ചുമത്തി കേരള സര്‍ക്കാര്‍ അകറ്റി നിര്‍ത്തിയിരുന്ന ഇതര സംസ്ഥാന ലോട്ടറി തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ്. ജി.എസ്.ടി നടപ്പിലാക്കുന്നതോടെ നിയമതടസങ്ങള്‍ മാറി വരാനൊരുങ്ങുന്ന ഇതരസംസ്ഥാന ലോട്ടറിക്കായി ഏജന്റുമാര്‍ ഒരുക്കങ്ങള്‍ തുടങ്ങി. കേരളത്തിലെ വന്‍കിട ലോട്ടറി ഏജന്റുമാര്‍ക്ക് ഇതര സംസ്ഥാന ലോട്ടറികളോട് പ്രിയം കൂടുതലാണ്. അവര്‍ കമ്മീഷന്‍ അധികം നല്‍കുന്നത് തന്നെ കാരണം. കഴിഞ്ഞ വര്‍ഷം ലോട്ടറി വില്‍പനയിലൂടെ 8000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഖജനാവിലെത്തിയത്. നേരത്തെ ഇതര സംസ്ഥാന ലോട്ടറി സംസ്ഥാനത്തുള്ളപ്പോള്‍ കേരള ലോട്ടറിയുടെ വില്‍പന ഇതിന്റെ പത്തിലൊന്ന് മാത്രമായിരുന്നു. ഇതര സംസ്ഥാന ലോട്ടറി വന്നാല്‍ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വന്‍ ഇടിവ് സംഭവിക്കും. കേരള ലോട്ടറി സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതും നറുക്കെടുപ്പ് സുതാര്യവുമാണ്. എന്നാല്‍ ഇതര സംസ്ഥാന ലോട്ടറികള്‍ നിയന്ത്രിക്കുന്നത് സ്വകാര്യ ലോബികളാണ്. നറുക്കെടുപ്പിലെ വിശ്വാസ്യതയും സംശയാസ്പദവുമാണ് കേരള സര്‍ക്കാര്‍ ലോട്ടറി വരുമാനം, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി നീക്കിവെക്കുമ്പോള്‍ ഇതര സംസ്ഥാന ലോട്ടറിയിലൂടെ മോഫിയകളാണ് കൊഴുക്കുന്നത്. ടിക്കറ്റ് വില 30 രൂപയാക്കി ഏകീകരിച്ച് കേരള ലോട്ടറി പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ്. ഏതാനും ലോട്ടറി ടിക്കറ്റ് വില 20 രൂപയാക്കുമെന്നും സൂചനയുണ്ട്. കേരള ലോട്ടറിയുടെ വിറ്റുവരവിന്റെ 50 ശതമാനം സമ്മാനത്തുകയായി നല്‍കണമെന്നും സമ്മാനത്തുകയുടെ എണ്ണം കൂട്ടണമെന്നും ആവശ്യം ശക്തമായിട്ടുമുണ്ട്.

Published in News Highlights

ചേര്‍പ്പ്: ഒല്ലൂര്‍ തിരുവാഞ്ചിറ കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തൃശൂര്‍ തോപ്പ് സ്റ്റേഡിയത്തിനു സമീപം താമസിക്കുന്ന 17 വയസുള്ള റെണാള്‍ഡ് ആണ് മരിച്ചത്. തൃശൂര്‍ ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. അവിണിശേരി ഏഴുകമ്പനിക്ക് സമീപമുള്ള സുഹൃത്തിന്റെ വീട്ടിലേക്കു വന്നതാണ് റെണാള്‍ഡ്. തുടര്‍ന്നു 4 സുഹൃത്തക്കള്‍ കൂടി ഒല്ലൂര്‍ തിരുവാഞ്ചിറ കുളത്തില്‍ കുളിക്കാനിറങ്ങി. നീന്തലറിയാത്ത റൊണാള്‍ഡ് സുഹൃത്തുക്കളുടെ കൈ പിടിച്ചാണ് കുളത്തിലിറങ്ങിയത്. എന്നാല്‍ കാല്‍ വഴുതി കുളത്തിലേക്കു വീഴുകയായിരുന്നു. രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും റെണാള്‍ഡ് താഴ്ന്നു പോയി. തൃശൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തിയയാണ് മൃതദേഹം പുറത്തെടുത്തത്. നെടുപുഴ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Published in Gramavarthakal

അന്തിക്കാട്: കാഞ്ഞാണി കിഴക്കേ പെട്രോള്‍ പമ്പിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ടശാങ്കടവ് ഫ്രാന്‍സിസ് ലൈയിനില്‍ താമസിക്കുന്ന മഠത്തിപറമ്പില്‍ ഷാജിയുടെ മകന്‍ രാഗുല്‍ കാഞ്ഞാണി തൃക്കുന്നത്ത് സ്വദേശി പുളിക്കത്തറ ബാബുവിന്റെ മകന്‍ അക്ഷയ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇരുവരെയും നാട്ടുകാര്‍ ഒളരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെയാണ് അപകടം ഉണ്ടായത് തൃശൂര്‍ക്ക് പോകുകയായിരുന്ന എടക്കളത്തൂര്‍ ബസ്സിലാണ് സില്‍വര്‍ റെസിഡന്‍സിക്ക് സമീപം വെച്ച് എതിരെ വന്ന ബൈക്ക് ഇടിച്ചത്. വിദ്യാര്‍ത്ഥികള്‍ ഓടിച്ചിരുന്ന ബൈക്ക് തെന്നിയതാണ് അപകടം ഉണ്ടായത് എന്ന് സമീപവാസികള്‍ പറഞ്ഞു ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. അന്തിക്കാട് പോലീസും അപകട സ്ഥലത്ത് എത്തിയിരുന്നു.

Published in Gramavarthakal

ചാലക്കുടി: ചാലക്കുടി ചിക്ലായിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. പണിക്കവളപ്പില്‍ മോഹനനാണ് പരിക്കേറ്റത്. ഇയാളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11-ഓടെയായിരുന്നു സംഭവം. വീടിന്റെ പിന്‍ഭാഗത്ത് മുളകു പറിക്കുന്നതിനിടെയാണ് മോഹനനെ പന്നിയിടിച്ചിട്ട് ആക്രമിച്ചത്. ഇടതു കൈവെള്ളയിലെ മാംസം കാട്ടുപന്നി കടിച്ചു പറിച്ചു. തുടര്‍ന്ന് കാലിലെ പെരുവിരലും കടിച്ചെടുത്തു. നിലവിളിച്ച് ഓടിയ മോഹനന്‍ വീടിനകത്തു കയറി കതകടക്കുകയായിരുന്നു. വീടിനു സമീപം കുറച്ചു ദൂരം നിന്നശേഷമാണ് പന്നി കാട്ടിലേക്ക് തിരിച്ചു പോയത്. വലിപ്പം കൂടിയ പന്നിയാണ് ആക്രമിച്ചതെന്ന് മോഹനന്‍ പറഞ്ഞു. ബി.ഡി.ദേവസി എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ് എന്നിവര്‍ വിവരമറിഞ്ഞ് ആശുപത്രിയിലെത്തി.

Published in Gramavarthakal

തനിക്കുചുറ്റുമുള്ള പ്രകൃതിഭംഗിയേയും ഗ്രാമീണ കാഴ്ചകളെയുമെല്ലാം മനോഹരമായി കാന്‍വാസിലേക്ക് പകര്‍ത്തി പ്ലസ്ടു വിദ്യാര്‍ത്ഥി. കരുണ പയസ് ഒരുക്കിയ ഏകാംഗ ചിത്രപ്രദര്‍ശനം ട്രാന്‍സ്ഫിഗറേഷന്‍ ശ്രദ്ധേയമാകുന്നു. തൃശൂര്‍ ലളിതകലാ അക്കാദമിയില്‍ ഒരുക്കിയിരിക്കുന്ന ട്രാന്‍സ്ഫിഗറേഷന്‍ ഏകാംഗ ചിത്രപ്രദര്‍ശനത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കരുണ പയസ് തീര്‍ത്ത 33 മനോഹര ചിത്രങ്ങളാണ് ഉള്ളത്. തനിക്ക് ചുറ്റും കാണുന്ന ഗ്രാമീണ കാഴ്ചകളുടെ സൗന്ദര്യം ഒട്ടും ചോരാതെയാണ് കരുണ, കാന്‍വാസിലേക്ക് പകര്‍ത്തിയിരിക്കുന്നത്. കോഴിയും പൂച്ചയും മാമ്പൂവും വാഴക്കുലയും തേങ്ങാക്കുലയുമെല്ലാം നിത്യകാഴ്ചകളാണെങ്കിലും കാന്‍വാസിലേക്ക് പകര്‍ത്തിയ ഈ കാഴ്ചകളെ ആരെയും ആകര്‍ഷിക്കുന്നതാണ്. ആളുകള്‍ തിങ്ങി നിറഞ്ഞ കടത്തുവഞ്ചിയും, അനുജത്തി കരിഷ്മയുടെ വിവിധ മുഖഭാവങ്ങള്‍ കൊണ്ട് ഒരുക്കിയ ചിത്രമെല്ലാം ശ്രദ്ധേയമാണ്. പെന്‍സില്‍ ഡ്രോയിങ്ങില്‍ ഒരുക്കിയിരിക്കുന്ന അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിന്റെ ചിത്രവും, തന്റെ സഹപാടികളുടെ മുഖങ്ങളെല്ലാം ഉള്‍പ്പെടുത്തി വരച്ച സൗഹൃദത്തിന്റെ ചിത്രവുമെല്ലാം ഏവരേയും ആകര്‍ഷിക്കുന്നതാണ്. ഇരിങ്ങാലക്കുട വെസ്റ്റ് കോമ്പാറ സ്വദേശി പയസ് - പ്രതിഭ ദമ്പതികളുടെ മകളായ കരുണ പയസിന്റെ ആദ്യചിത്രപ്രദര്‍ശനമാണിത്. ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ നിന്നു പ്രസ്ടു പരീക്ഷയില്‍ 88 ശതമാനം മാര്‍ക്കോടെ വിജയിച്ച കരുണ പയസ് പഠനത്തിനിടയിലും ചിത്രരചനയ്ക്കുള്ള സമയം കണ്ടെത്തുന്നുണ്ട്. സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ ആര്‍ബര്‍ട്ട് ആന്റണിയാണ് ചിത്രരചനയില്‍ വഴികാട്ടി. ആക്രിലിക്കിലും, ഓയിലിലും, പെന്‍സിലിലും, ചാര്‍ക്കോളിലും, ക്രയോണ്‍സിലും പേനയിലുമെല്ലാമായി ഒരുക്കിയിരിക്കുന്ന ചിത്രപ്രദര്‍ശനം ഈ മാസം 9ന് സമാപിക്കും.

Published in Special Reports

ചാലക്കുടി: സുഗന്ധ വ്യഞ്ജന വ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത ഒരാളെ ചാലക്കുടി സി.ഐ.-വി.എസ്.ഷാജുവും സംഘവും അറസ്റ്റ് ചെയ്തു. കറുകുറ്റി മണവാളവന്‍ വീട്ടില്‍ പോളാണ് അറസ്റ്റിലായത്. കറുകുറ്റി മുരിങ്ങൂര്‍ സ്വദേശിയായ യുവാവിന്റെ പക്കല്‍ നിന്നാണ് 1 ദശാംശം 2,0 കോടി രൂപ ഇയാള്‍ തട്ടിയെടുത്തത്. അങ്കമാലിയില്‍ വച്ച് പരിചയത്തിലായ മുരിങ്ങൂരിലെ യുവാവിനെ തനിക്ക് സിങ്കപ്പൂരില്‍ കയറ്റുമതി കച്ചവടമാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു പോള്‍, തന്റെ വലയിലാക്കിയത്. മലേഷ്യയില്‍ വെയര്‍ഹൗസും ഓഫീസും തുടങ്ങണമെന്നും അതിനായി പങ്കാളിയെ ആവശമുണ്ടെന്ന് പറഞ്ഞു. വന്‍തുക ലാഭം ലഭിക്കുമെന്നുള്ള വാഗ്ദാനത്തില്‍ കുടുങ്ങിയാണ് യുവാവ് പണം നല്‍കിയത്. തുടര്‍ന്ന് മലേഷ്യയിലേക്ക് കടന്ന പോളിനെ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. താന്‍ വഞ്ചിക്കപ്പെട്ടെന്ന് ബോധ്യമായ യുവാവ് പൊലീസില്‍ പരാതിയുമായെത്തി. ബിസനസിന് താല്‍പര്യമുണ്ടെന്ന് ഫോണിലൂടെ പറഞ്ഞാണ് പോളിനെ പൊലീസ് നാട്ടിലെത്തിച്ചത്. എസ്.ഐമാരായ സുബീഷ്‌മോന്‍, അഡീഷണല്‍ എസ്.ഐ.മാരായ ടി.ബി.മുരളീധരന്‍, ടി.സി.ജോഷി, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം.സതീശന്‍, വി.എസ്.അജിത്ത്കുമാര്‍, വി.യു.സില്‍ജോ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Published in Gramavarthakal
  •  Start 
  •  Prev 
  •  1  2  3  4  5  6  7  8 
  •  Next 
  •  End 
Page 1 of 8

Other Head Lines

Go to top