UPDATE:
News

മകളുടെ ആഡംബര വിവാഹം വിവാദമായതിനെ തുടര്‍ന്ന് ഗീതാഗോപി എം.എല്‍.എ പാര്‍ട്ടി നേതൃത്വത്തിന് വിശദീകരണം നല്‍കി. ഞായറാഴ്ച നടന്ന മകളുടെ വിവാഹം ആര്‍ഭാടമായത് സംബന്ധിച്ച് നവമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍ വിവാദമായതിനെ തുടര്‍ന്നാണ് സി.പി.ഐ ജില്ലാ സെക്രട്ടറിക്ക് എം.എല്‍.എ വിശദീകരണം നല്‍കിയത്. 75 പവന്‍ ആഭരണങ്ങളാണ് വിവാഹത്തിന് മകള്‍ അണിഞ്ഞത്. ഇതില്‍ 25 പവന്‍ അടുത്ത ബന്ധുക്കള്‍ സമ്മാനങ്ങളായി നല്‍കിയതാണ്. സാധാരണ സദ്യയാണ് നടത്തിയത്. എം.എല്‍.എ എന്ന നിലയില്‍ വിളിക്കേണ്ട എല്ലാവരേയും വിവാഹത്തിന് ക്ഷണിച്ചിരുന്നുവെന്നും എം.എല്‍.എ. വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി. എം.എല്‍.എയുടെ വിശദീകരണ കുറിപ്പ് തനിക്ക് ലഭിച്ചുവെന്നും ജില്ലാ കൗണ്‍സില്‍ ചേര്‍ന്ന് തുടര്‍ നടപടി സ്വീകരിക്കുമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് പറഞ്ഞു.

Published in Thrissur Round Up

തൃശൂര്‍ കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗം നടപ്പാക്കുന്ന കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിക്ക് മുന്നോടിയായി ചര്‍ച്ച നടത്തി. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചര്‍ച്ചയില്‍ മേയര്‍ അജിതാ ജയരാജന്‍, ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, വൈദ്യുതി വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പി.വി.ജോസ്, അസിസ്റ്റന്റ് സെക്രട്ടറി ലതേഷ് കുമാര്‍, കെ.കെ.ശശി, ഡോ.സി.എസ്.വാള്‍ട്ടര്‍, സി.ടി.അജിത്ത് കുമാര്‍, കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, വൈദ്യുതി രംഗത്തെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Published in Thrissur Round Up

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ ആരോഗ്യ വകുപ്പിലെ ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണം. വെള്ളാങ്കല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്വദേശിക്കും, മുപ്പത്തിമൂന്നാം വാര്‍ഡില്‍ ടി.കെ.എസ്.പുരം പടിഞ്ഞാറ് വശം താമസിക്കുന്ന യുവാവിനുമാണ് ഡെങ്കിപ്പനി ലക്ഷണം കണ്ടെത്തിയത്. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗലക്ഷണം കണ്ടെത്തിയ മുപ്പത്തിമൂന്നാം വാര്‍ഡില്‍ നഗരസഭാ കൗണ്‍സിലര്‍ എം.കെ.സഗീറിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ തോറും ബോധവല്‍ക്കരണവും ശുചീകരണവും നടത്തി.

Published in Gramavarthakal

നമ്മുടെ സംസ്‌കാരം നിലനിര്‍ത്തണമെങ്കില്‍ പഴയകാല എഴുത്തുകാരുടെ പുസ്തകങ്ങള്‍ പുനഃപ്രകാശനം ചെയ്യേണ്ടതാവശ്യമാണെന്ന് പ്രൊഫ.എം.കെ.സാനു പറഞ്ഞു. കേരള സാഹിത്യ അക്കാദമി പുനഃപ്രസിദ്ധീകരിക്കുന്ന കരിമ്പുഴ രാമകൃഷ്ണന്റെ ''ലീലാഹൃദയം'' എന്ന പുസ്തകത്തിന്റെ പ്രകാശനം തൃശൂരില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു കവിതയെടുത്താലും നന്നായി വ്യാഖ്യാനം ചെയ്യാനും ഏതു വിഷയം പഠിപ്പിക്കാനുമുള്ള കഴിവ് കരിമ്പുഴ ബാലകൃഷ്ണനുണ്ടായിരുന്നു. പരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യമാണ്. 38 വര്‍ഷത്തിനു ശേഷം വീണ്ടും ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുമ്പോള്‍ അതിന് നിത്യനൂതനമായ ഒരു സൗരഭ്യമുണ്ട്. നമ്മുടെ രാഷ്ട്രീയ രംഗത്ത് മാത്രമല്ല, സാമൂഹിക രംഗത്തും മാറ്റം ആവശ്യമാണെന്നും പ്രൊഫ. എം.കെ. സാനു പറഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷത വഹിച്ചു. ഡോ. പി.വി.കൃഷ്ണന്‍ നായര്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ. എസ്.കെ. വസന്തന്‍, ഡോ. കെ.പി. മോഹനന്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. സി. രാവുണ്ണി, സി. രാമചന്ദ്രന്‍, കരിമ്പുഴ രാമകൃഷ്ണന്റെ മകള്‍ കരിമ്പുഴ രാധ, അനില്‍ മാരാത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Published in Thrissur Round Up

മധ്യപ്രദേശിലെ മന്‍സോറില്‍ കര്‍ഷക സമരത്തിനു നേരെ നടന്ന വെടിവെയ്പില്‍ 6 കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കേരള കര്‍ഷക സംഘം തൃശൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പാറമേക്കാവ് ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം കോര്‍പ്പറേഷന്‍ പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ കര്‍ഷക സംഘം തൃശൂര്‍ ഏരിയാ സെക്രട്ടറി കെ. രവീന്ദ്രന്‍, പ്രൊഫ. എം. കൃഷ്ണന്‍, കൊച്ചുദേവസി, എം.കെ. അജിത്ത് കുമാര്‍, കെ.ആര്‍. രാഘവന്‍, ഉണ്ണികൃഷ്ണന്‍, ശാന്ത, ഗീതാ ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.

Published in Thrissur Round Up

സംസ്ഥാന സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചു. ത്രി സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ത്രി സ്റ്റാറിന് താഴെയുള്ള ബാറുകള്‍ക്ക് ബിയര്‍ -വൈന്‍ പാര്‍ലര്‍ നടത്താന്‍ അനുമതി നല്‍കും. ഇടതു മുന്നണി യോഗം മുന്നോട്ടു വെച്ച പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. നിയമത്തിന് അനുസരിച്ച് യോഗ്യതയുള്ള ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് അംഗീകാരം നല്‍കും. സുപ്രീം കോടതി വിധി പ്രകാരം ദേശീയപാതയോരത്തുള്ള മദ്യശാലകള്‍ അടച്ചു പൂട്ടുന്നതിനനുസരിച്ച് 500 മീറ്റര്‍ പരിധിക്കപ്പുറത്ത് മദ്യഷാപ്പുകള്‍ അതേ താലൂക്കില്‍ അനുവദിക്കും. മദ്യപിക്കുന്നതിനുള്ള പ്രായ പരിധി 21 ല്‍ നിന്ന് 23 വയസാക്കി ഉയര്‍ത്തി. ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ രാത്രി 11 വരെയായിരിക്കും. ടൂറിസം മേഖലയിലെ ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ രാത്രി 11 വരെയായിരിക്കും. വിമാനത്താവളങ്ങളിലെ ആഭ്യന്തര ടെര്‍മിനലുകളില്‍ വിദേശമദ്യം ലഭ്യമാക്കും. ബാറുകളില്‍ കള്ള് ലഭ്യമാക്കാന്‍ നടപടിയെടുക്കും. ഇതിനായി ടോഡി ബോര്‍ഡ് രൂപീകരിക്കും. യു.ഡി.എഫിന്റെ മദ്യനയം പരാജയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടച്ചു പൂട്ടിയ ബിയര്‍ - വൈന്‍ പാര്‍ലറുകളിലെ തൊഴിലാളികള്‍ക്ക് ജോലി ഉറപ്പു നല്‍കി മാത്രം പുതിയ സ്ഥലത്തേക്ക് മാറ്റാന്‍ അനുവദിക്കും. സുപ്രീം കോടതി ഉത്തരവ് പ്രകാരം മദ്യശാലകള്‍ പൂട്ടിയത് തൊഴിലാളികളെ പ്രതികൂലമായി ബാധിച്ചു. ഇതിന് പരിഹാരം കാണാന്‍ കൂടിയാണ് പുതിയ മദ്യശാലകള്‍ അഞ്ഞൂറ് മീറ്റര്‍ പരിധിക്കപ്പുറത്ത് സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നത്. മദ്യനയത്തില്‍ പൊളിച്ചെഴുത്ത് വേണമെന്ന് എല്‍.ഡി.എഫ് കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മദ്യനിരോധനം ലോകത്തെവിടെയും വിജയകരമായിട്ടില്ലെന്നും എല്‍.ഡി.എഫ് ചൂണ്ടിക്കാട്ടി. കള്ള് ഷാപ്പുകള്‍ ശുദ്ധമായ കള്ള് ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്നും മദ്യാസക്തി മൂലം രോഗികളായവരെ പുനരവധിപ്പിക്കാന്‍ മാതൃകാപരമായ ഡി-അഡിക്ഷന്‍ സെന്റര്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ മദ്യനയം ജൂലായ് ഒന്നു മുതല്‍ നിലവില്‍ വരും.

Published in News Highlights

സെര്‍വര്‍ ചതിച്ചു. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ തലയെണ്ണല്‍ പൂര്‍ത്തിയായില്ല. നാളെ വീണ്ടും തലയെണ്ണല്‍ നടക്കും. പുതിയ അധ്യയന വര്‍ഷത്തെ ആറാം പ്രവൃത്തി ദിവസത്തെ വിദ്യാര്‍ത്ഥികളുടെ തലയെണ്ണലാണ് വിദ്യാഭ്യാസ വകുപ്പു തയ്യാറാക്കിയ സെര്‍വര്‍ തകരാറിലായതു മൂലം മുടങ്ങിയത്. വിദ്യാര്‍ത്ഥികളുടെ തലയെണ്ണല്‍ കണക്ക് സംസ്ഥാന വ്യാപകമായി ഒരേ സമയം ലഭിക്കുന്നതിന് വേണ്ടിയാണ് സമ്പൂര്‍ണയെന്ന പേരില്‍ സെര്‍വര്‍ തയ്യാറാക്കി സ്‌കൂളുകള്‍ക്ക് നല്‍കിയത്. ആദ്യമായാണ് വിദ്യാഭ്യാസ വകുപ്പ് തലയെണ്ണല്‍ കണക്ക് ഓണ്‍ലൈനായി ലഭിക്കുന്നതിന് വേണ്ടി പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. രാവിലെ പത്തിന് പല സ്‌കൂളുകളിലും കണക്കെടുപ്പ് ആരംഭിച്ച് മിനിട്ടുകള്‍ക്കകം സെര്‍വര്‍ തകരാറിലാവുകയായിരുന്നു. ഇതേ തുടര്‍ന്ന് ക്ലാസ് തിരിച്ചുള്ള കണക്കും ഉപജില്ലാ തിരിച്ചുള്ള കണക്കും പൂര്‍ത്തിയാക്കാനായില്ല. വിദ്യാര്‍ത്ഥികളുടെ തലയെണ്ണല്‍ വീണ്ടും നടത്താന്‍ ഡി.പി.ഐ. ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ തലയെണ്ണല്‍ വെള്ളിയാഴ്ച വീണ്ടും നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.സുമതി അറിയിച്ചു. ജില്ലയിലെ ലഭ്യമായ കണക്ക് അനുസരിച്ച് ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ മൂന്നു ലക്ഷത്തി പതിനയ്യായിരത്തി അഞ്ഞൂറ്റി പതിമൂന്നുപേര്‍ പ്രവേശനം നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 59,093 പേരും എയ്ഡഡ് സ്‌കൂളുകളില്‍ രണ്ട് ലക്ഷത്തി പതിനയ്യായിരത്തി 96 പേരും അണ്‍ എയ്ഡഡ് മേഖലയില്‍ നാല്‍പതിനായിരത്തി മുന്നൂറ്റി അമ്പത്തിയാറ് പേരും പ്രവേശനം നേടി. വീണ്ടും കണക്ക് എടുക്കുന്നതോടെ വിദ്യാര്‍ത്ഥികളുടെ മൊത്തം കണക്കില്‍ മാറ്റം വരും. ലഭ്യമായ കണക്ക് അനുസരിച്ച് അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Published in News Highlights

കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുതെന്ന കേന്ദ്ര വിജ്ഞാപനത്തിനതിരെ നിയമസഭ പ്രമയേം പാസാക്കി. കേന്ദ്ര വിജ്ഞാപനത്തിനെതിരെ വിളിച്ച ചേര്‍ത്ത പ്രത്യേക നിയമ സഭ സമ്മേളനമാണ് പ്രമേയം പാസാക്കിയത്. കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിണറയി വിജയന്‍ പ്രമേയത്തിലൂടെ ആവശ്യപെട്ടു. രാഷ്ട്രീയ നേട്ടത്തിനായുള്ള നീക്കം ദൂര വ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. സംസ്ഥാന സര്‍ക്കാരിന്റെ അധികാരം കവര്‍ന്നെടുക്കുന്ന തീരുമാനമാണിതെന്നും മുഖ്യമന്ത്രി പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. വോട്ടെടുപ്പില്ലാതെയാണ് പ്രമേയം പാസാക്കിയത്. ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ പ്രമേയത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു.

Published in Thrissur Round Up

കയ്പമംഗലം: കയ്പമംഗലം 33 കെ.വി.സബ് സ്‌റ്റേഷനില്‍ ജോലിക്കിടെ ജീവനക്കാരന് ഷോക്കേറ്റു. സാരമായി പരിക്കേറ്റ കെ.എസ്.ഇ.ബി ജീവനക്കാരന്‍ കൊല്ലം സ്വദേശി ലിപ്‌സനെ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കയ്പമംഗലം കൂരിക്കുഴിയിലുള്ള 33 കെ.വി. സബ്‌സ്‌റ്റേഷനിലാണ് സംഭവം. സ്‌റ്റേഷനകത്തെ യാര്‍ഡിലെ അറ്റകുറ്റപ്പണിയുടെ ഭാഗമായി എര്‍ത്തിങ്ങ് നടത്തുന്നതിനിടെയാണ് ലിപ്‌സന് ഷോക്കേറ്റത്. എന്നാല്‍ അപകടകാരണം വ്യക്തമല്ല.

Published in Gramavarthakal

പുതുക്കാട്: ചിറ്റിശേരി മടവാക്കരയില്‍ റിട്ടയേര്‍ഡ് പോലീസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. മടവാക്കര തച്ചുപറമ്പില്‍ രാമാനുജന്‍ മകന്‍ 61 വയസുള്ള പുരുഷോത്തമനാണ് മരിച്ചത്.കഴിഞ്ഞ ദിവസം രാവിലെ വീട്ടുപറമ്പില്‍ വെച്ചാണ് പാമ്പു കടിയേറ്റത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Published in Gramavarthakal
  •  Start 
  •  Prev 
  •  1  2  3  4  5  6  7 
  •  Next 
  •  End 
Page 1 of 7

Other Head Lines

Go to top