UPDATE:
News

കുന്നംകുളം: കുന്നംകുളം തുറക്കുളം മാര്‍ക്കറ്റിന് സമീപത്തുള്ള നിര്‍ദ്ദിഷ്ട അറവുശാലയ്ക്ക് മാറ്റി വെച്ച സ്ഥലം കിഫ്ബിയുടെ ശാസ്ത്രീയ മാംസ സംസ്‌കരണശാല നിർമിക്കാനായി വിട്ടു നല്‍കാന്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ മാംസ സംസ്‌കരണശാലകള്‍ നിര്‍മ്മിക്കാന്‍ കിഫ്ബി വഴി നീക്കിവെച്ച തുക ഉപയോഗിച്ചാണ് നിര്‍മ്മാണം. തുറക്കുളം മാര്‍ക്കറ്റിനോട് ചേര്‍ന്ന് നില്‍ക്കുന്ന 35 സെന്റ് സ്ഥലമാണ് നിലവില്‍ നഗരസഭ അറവുശാലക്കായി മാറ്റി വെച്ചിട്ടുള്ളത്. എന്നാല്‍ കിഫ്ബിയുടെ പദ്ധതിക്കായി കുറഞ്ഞത് 50 സെന്റ് സ്ഥലം വേണമെന്നതിനാല്‍ തുറക്കുളം മാര്‍ക്കറ്റ് പദ്ധതിക്കായി നല്‍കിയ സ്ഥലത്ത് നി്ന്ന് 15 സെന്റ് കൂടി പദ്ധതിയിലേക്ക് മാറ്റിവെയ്ക്കുന്നതിനായാണ് കൗണ്‍സില്‍ ശിപാര്‍ശ ചെയ്തത്. പ്രതിദിനം 50 വലിയ മൃഗങ്ങളേയും, 25 ചെറു മൃഗങ്ങളേയും കശാപ്പു ചെയ്യുന്നതിനുള്ള സൗകര്യമാണ് പദ്ധതിയിലുണ്ടാവുക. ഇതിനായി കിഫ്ബി ആവശ്യപ്പെടുന്ന രേഖകള്‍ തയ്യാറാക്കി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടൊപ്പം നഗരസഭ പ്രദേശത്തുള്ള മുഴുവന്‍ മത്സ്യ- മാംസ മാലിന്യങ്ങളും സംസ്‌കരിച്ച് വളമാക്കി മാറ്റുന്നതിനായി പ്ലാന്റ് സ്ഥാപിക്കാനും ആലോചനയുണ്ട്. ഇതിനായി 20 സെന്റ് സ്ഥലം കൂടി കിഫ്ബിക്ക് നല്‍കേണ്ടി വരും. ഉദ്ദേശം 6 കോടി രൂപയാണ് സംസ്‌കരണശാലയുടെ ചിലവ്. തുക പൂര്‍ണമായും കിഫ്ബിയാണ് ചിലവഴിക്കുക. പദ്ധതി കിഫ്ബി ബോര്‍ഡ് അംഗീകരിച്ചാല്‍ ശുചിത്വ മിഷന്‍വഴി നടപ്പിലാക്കും. മുന്‍പ് ഇതേസ്ഥലത്ത് അറവുശാല നിര്‍മ്മിക്കാന്‍ ഐ.ആര്‍.ടി സി എന്ന കമ്പനിക്ക് ടെണ്ടര്‍ നല്‍കിയിരുന്നതാണ്. 8 വര്‍ഷം പിന്നിട്ടിട്ടും സാങ്കേതിക കാരണങ്ങളാല്‍ നിര്‍മ്മാണം ആരംഭിക്കാനായില്ല. ഇവര്‍ക്ക് അന്ന് മുന്‍കൂര്‍ നല്‍കിയ 23 ലക്ഷം രൂപ തിരിച്ചു പിടിക്കാനും യോഗത്തില്‍ തീരുമാനമായി. ചെയര്‍പഴ്‌സണ്‍ സീതാരവീന്ദ്രന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

Published in Gramavarthakal

കുന്നംകുളം: കുന്നംകുളം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനം.ആരോഗ്യവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കെടുകാര്യസ്ഥതയാണെന്നും, ഭരണ സമിതിയേയും, കൗണ്‍സിലിനെയും അനുസരിക്കുന്നില്ലെന്നും യോഗത്തില്‍ ഭരണ സമതി അംഗങ്ങളാണ് ആരോപണം ഉന്നയിച്ചത്. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ, പൊതു ജനങ്ങള്‍ നല്‍കുന്ന പരാതികളും അപേക്ഷകളും പരിഗണിക്കാനോ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. റോഡിന്റെ വശങ്ങളിലും മറ്റും അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാനും, കാന ശുചീകരണത്തിനും നടപടിയെടുക്കുന്നില്ലെന്നും പരാതി ഉയര്‍ന്നു. ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷ സുമഗംഗാധരനും പരാതിക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഉദ്യോഗസ്ഥരെ നിയന്ത്രിക്കുമെന്നും പരാതികളുണ്ടാവുകയാണെങ്കില്‍ നടപടിയുണ്ടാകുമെന്നും അടിയന്തിരമായി സ്ഥിരം സമതി ചേരണമെന്നും ചെയര്‍പഴ്‌സണ്‍ സീതാരവീന്ദ്രന്‍ നിര്‍ദ്ദേശിച്ചു.

Published in Gramavarthakal

കുന്നംകുളം: കുന്നംകുളം നഗരസഭ കൗണ്‍സില്‍ ചേരാന്‍ ഇനി പുതിയ ഹാള്‍.  കുന്നംകുളം നഗരസഭയിലെ നിലവിലെ കൗണ്‍സില്‍ഹാളില്‍ ശനിയാഴ്ച നടന്ന യോഗം അവസാനത്തേതായി. ഈ ഹാള്‍ ഇനി ചെയര്‍മാന്റെ കാബിനായി മാറും. 1982 - ല്‍ വി.എ.രാഘവന്‍ നഗരസഭ ചെയര്‍മാനായിരിക്കുന്ന കാലഘട്ടത്തിലാണ് നിലവിലെ കൗണ്‍സില്‍ ഹാളില്‍ ആദ്യയോഗം നടന്നത്. നഗരസഭാ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ലോക ബാങ്ക് സഹായത്തോടെ 40 ലക്ഷം രൂപ ചിലവിട്ടാണ് പുതിയ കൗണ്‍സില്‍ ഹാള്‍ നിര്‍മ്മിച്ചത്. ശീതീകരിച്ച പുതിയ ഹാളില്‍ പുതിയ ശബ്ദസംവിധാനത്തോടെയാണ് ഇനി യോഗങ്ങള്‍ നടക്കുക.

Published in Gramavarthakal

പുന്നയൂര്‍ക്കുളം: തൊഴിയൂരില്‍ കുളം നികത്തുന്നതിനായി കൊണ്ടിട്ടിരുന്ന ചകിരികള്‍ ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നതായി ചൂണ്ടിക്കാട്ടി പരിസരവാസികള്‍ ആരോഗ്യ വിഭാഗത്തിന് പരാതി നല്‍കി. കിണറുകളിലെ വെള്ളം മലിനമാകുന്നതായും നാട്ടുകാര്‍ പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യ, പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

Published in Gramavarthakal

ചാവക്കാട്: ഗള്‍ഫില്‍ വാഹനാപകടത്തില്‍പ്പെട്ട് അബോധാവസ്ഥയില്‍ കഴിയുന്ന യുവാവിന് സഹപാഠികളുടെ കൈത്താങ്ങ്. 3 മാസമായി അപകടത്തില്‍ സാരമായി പരിക്കേറ്റ് കിടപ്പിലായ മമ്മിയൂര്‍ പോക്കാന്‍തുരുത്തില്‍ സന്ദീപിനാണ് 1994-95 ബാച്ചിലെ മമ്മിയൂര്‍ എല്‍.എഫ്.സി.യു.പി. സ്‌കൂളിലെ സഹപാഠികള്‍ 4 ലക്ഷത്തി 53,812 രൂപ നല്‍കിയത്. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് പി.വി. ബദറുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക അന്‍സ ജോണ്‍, സന്ദീപിന്റെ അമ്മയ്ക്ക് തുക കൈമാറി. വാര്‍ഡ് കൗണ്‍സിലര്‍ സൈസണ്‍ മാറോക്കി, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ടി.കെ. വിനോദ്കുമാര്‍, മുന്‍ കൗണ്‍സിലര്‍ ബേബി ഫ്രാന്‍സിസ്, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, ചികിത്സാ സഹായ സമിതി ഭാരാവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

Published in help news

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ നമസ്‌ക്കാര പള്ളിയില്‍ അതിക്രമിച്ച് കയറി ചുവരെഴുത്ത് നടത്തിയതായി പരാതി. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ കൊടുങ്ങല്ലൂര്‍ യൂണിറ്റിന് കീഴില്‍ കിഴക്കെ നടയില്‍ പ്രവര്‍ത്തിക്കുന്ന സലഫി സെന്ററിനോട് ചേര്‍ന്നുള്ള നമസ്‌ക്കാര പള്ളിക്കകത്താണ് ചുവരെഴുത്ത് നടത്തിയത്. കെ.എന്‍.എം.ഭാവവാഹികള്‍ പോലീസില്‍ വിവരമറിയിച്ചു. തെളിവെടുപ്പിന് ശേഷം പള്ളി കമ്മിറ്റി ഭാരവാഹികള്‍ ചുവരെഴുത്ത് മായ്ച്ചു.

Published in Gramavarthakal

അന്തിക്കാട്: അന്തിക്കാട് സ്വദേശി രഘുവിന് റംസാന്‍ മാസം കഠിന വ്രതത്തിന്റെ നാളുകളാണ്. ഏഴ് വര്‍ഷമായി മുസ്ലീമുകള്‍ക്കൊപ്പം നോമ്പെടുത്ത് റംസാന്‍ ആചരിക്കുകയാണ് രഘു. കുടുംബസമേതം ബഹറിനിലായിരുന്ന രഘുവിന്റെ ഭാര്യ ജയശ്രീക്ക് 2000-ല്‍ റംസാന്‍ മാസാചരണ കാലത്താണ് കാന്‍സര്‍ രോഗമാണെന്ന് അറിയുന്നത്. ഭാര്യയുടെ രോഗവിവരം അറിഞ്ഞതോടെ മാനസികമായി തകര്‍ന്ന രഘു, പ്രാര്‍ത്ഥനയോടെ ഗള്‍ഫില്‍ നോമ്പ് നോല്‍ക്കാന്‍ തുടങ്ങി. പിന്നീട് മറക്കാതെ എല്ലാ വര്‍ഷത്തിലും ഇസ്ലാംമത വിശ്വാസികള്‍ക്കൊപ്പം റംസാന്‍ വ്രതാനുഷ്ഠാനം നടത്തുകയാണ് രഘു. മരണമുഖത്തു നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഭാര്യ രഘുവിന് നോമ്പ് അനുഷ്ടിക്കാന്‍ ഒപ്പം നില്‍ക്കുന്നുണ്ട്. അന്തിക്കാട് ജുമാ മസ്ജിദില്‍ അത്താഴമുണ്ട് നിയ്യത്ത് വെച്ചാണ് രഘു ഇപ്പോള്‍ നോമ്പു തുറക്കുന്നത്. ശബരിമല ശാസ്താവിന്റെ ആത്മമിത്രമായ വാവരു സ്വാമിയുടെ കോമരം കൂടിയാണ് രഘു. മണ്ഡലകാലം ആരംഭിക്കുന്നതോടെ അന്തിക്കാട് ബ്രദേഴ്‌സ് വിളക്ക് യോഗക്കാര്‍ക്കൊപ്പം 25 വര്‍ഷത്തിലധികമായി വാവര് സ്വാമിയുടെ പ്രതിനിധിയായി വ്രതമെടുത്ത് ക്ഷേത്രങ്ങളിലും മറ്റും നടക്കുന്ന അയ്യപ്പ വിളക്കുകളില്‍ രഘു സജീവമാകും. അന്തിക്കാട് ഹൗസിങ്ങ് ബോര്‍ഡ് പ്രസിഡന്റായ രഘു, കോണ്‍ഗ്രസ് പ്രതിനിധി എന്നതിനപ്പുറം തികഞ്ഞ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ്. മുടങ്ങാതെയുള്ള നോമ്പ് നോല്‍ക്കല്‍ ദു:ഷ് ചിന്തകള്‍ വെടിഞ്ഞ് സത്കര്‍മ്മത്തിലേക്കുള്ള നേരിന്റെ പാത കൂടിയാണെന്ന് രഘു പറയുന്നു.

Published in Special Reports

ഗുരുവായൂര്‍: ആരാധനാലയങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും സമീപം ഗുരുവായൂര്‍ തൈക്കാട് ആരംഭിച്ച ബിവറേജ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലക്കെതിരെ താക്കീതായി മഹല്ലുകളിലെ വിശ്വാസികളുടെ പ്രതിഷേധം. സമീപ മേഖലയിലെ വിവിധ മഹല്ലുകളില്‍ നിന്നുള്ള വിശ്വാസികള്‍ മദ്യവില്‍പ്പനശാലക്ക് മുന്നിലേക്ക് പ്രകടനമായെത്തി. തൈക്കാട്, ബ്രഹ്മകുളം മഹല്ലുകളുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. ചൊവ്വല്ലൂര്‍, ചൊവ്വല്ലൂര്‍പ്പടി, ഗുരുവായൂര്‍ മഹല്ലുകളില്‍ നിന്നുള്ള വിശ്വാസികളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. പൊതുയോഗം എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. തൈക്കാട് മഹല്ല് പ്രസിഡന്റ് കെ.എ. മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബുമാരായ ഇസ്മായില്‍ റഹ്മാനി, അബ്ദുള്‍ സലാം ദാരിമി, അബ്ദുള്‍ ഖാദര്‍ ദാരിമി എന്നിവര്‍ സംസാരിച്ചു. വന്‍ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. മദ്യവില്‍പ്പനശാലക്കെതിരെ ജനകീയ സമതി നടത്തുന്ന അനിശ്ചിത കാലസത്യഗ്രഹം പത്ത് ദിവസം പിന്നിട്ടു.

Published in Gramavarthakal

എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ കരനെല്‍കൃഷിയുടെ ഉദ്ഘാടനം പ്രസിഡന്റ് രമണി രാജന്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം പി.വി. കൃഷ്ണന്‍കുട്ടിയുടെ പള്ളിമേപ്പുറത്തുള്ള മൂന്ന് ഏക്കര്‍ സ്ഥലത്താണ് കരനെല്‍കൃഷി നടത്തുന്നത്. കഴിഞ്ഞ വര്‍ഷവും കൃഷിഭവന്റെ സഹകരണത്തോടെ കരനെല്‍കൃഷി ഇറക്കിയിരുന്നു. ജലസേചനത്തിന് ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയാണ് ക്യഷി വിജയകരമായി നടത്തിയത്. മികച്ച വിളവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണയും കരനെല്‍കൃഷിയിറക്കുന്നത്. ഗ്രാമപഞ്ചായത്തംഗം ആമിന സുലൈമാന്‍, കൃഷി അസിസ്റ്റന്റ് ഓഫീസര്‍ പി.ബി.അനൂപ് എന്നിവരും വിത്ത് വിതയ്ക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.

Published in Agriculture

കൈപ്പമംഗലം: കഴിഞ്ഞ മഴക്കാലത്ത് ചെളിക്കുളമായി നിന്നിരുന്ന കയ്പമംഗലത്തെ റോഡുകളില്‍ ഈ മഴക്കാലത്തും അറ്റകുറ്റപ്പണികള്‍ നടത്തിയില്ല. ദേശീയപാതയെയും പടിഞ്ഞാറേ ടിപ്പു സുല്‍ത്താന്‍ റോഡിനെയും ബന്ധിപ്പിക്കുന്ന കയ്പമംഗലം ബോര്‍ഡ്കൂരിക്കുഴി 18 മുറി റോഡാണ് ശോച്യാവസ്ഥയിലായത്. 18 മുറി എ.എം.യു.പി സ്‌കൂളിലേക്കും ഹിറാ ഇംഗ്ലീഷ് സ്‌കൂളിലേക്കും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന റോഡാണിത്. അറ്റകുറ്റപ്പണിക്ക് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും കരാറുകാരുമായി ഉണ്ടായ അഭിപ്രായ ഭിന്നതയുടെ പേരില്‍ കയ്പമംഗലത്തെ നിരവധി റോഡുകളുടെ നിര്‍മ്മാണം അനിശ്ചിതത്വത്തിലാണ്.

Published in Gramavarthakal
Page 1 of 10

Other Head Lines

Go to top