Print this page

കായികമേഖലയുടെ ഉണര്‍വിനായി

കായികരംഗത്ത് പുത്തന്‍ കുതിപ്പിന് വേദിയൊരുക്കാന്‍ തൃശൂര്‍ കോര്‍പ്പറേഷന്‍. പറവട്ടാനിയിലെ കോര്‍പ്പറേഷന്‍ മൈതാന നവീകരണത്തോടൊപ്പം തൃശൂര്‍ പാലസ് ഗ്രൗണ്ടില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മ്മമക്കുന്ന പദ്ധതിയും പരിഗണനയില്‍. പറവട്ടാനിയിലെ കോര്‍പ്പറേഷന്‍ ഗ്രൗണ്ടില്‍ ഗ്രാസ്‌കോര്‍ട്ട് സജ്ജമാക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം വെള്ളിയാഴ്ച മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിക്കുകയാണ്. രണ്ടാംഘട്ടത്തില്‍ ഇവിടെ ഗ്യാലറി അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാനാണ് ധാരണ. ഏറെ പരിതാപകരാവസ്ഥയിലുള്ള കോര്‍പ്പറേഷന്റെ പാലസ് മൈതാനം നവീകരിക്കുന്ന പ്രവര്‍ത്തനങ്ങളും കോര്‍പ്പറേഷന്റെ പരിഗണനയിലുണ്ട്. പാലസ് മൈതാനത്തിന്റെ രാജകീയത പേരില്‍ മാത്രമൊരുങ്ങിയതായും കാടുപിടിച്ച് അതീവ ശോചനീയാവസ്ഥയിലാണെന്നും ചൂണ്ടിക്കാട്ടി ടിസിവി നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. പാലസ് ഗ്രൗണ്ടിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാണിച്ചപ്പോഴാണ് മേയര്‍ അജിത വിജയനും ഡിപിസി അംഗം വര്‍ഗീസ് കണ്ടംകുളത്തിയും ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയത്. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് സ്ഥാപിക്കുന്ന കാര്യം മന്ത്രി എ.സി മൊയ്തീനുമായി ചര്‍ച്ച ചെയ്തു വരികയാണ്. നാഷണല്‍ ഗെയിംസിനായി സിന്തറ്റിക് ടര്‍ഫ് സ്ഥാപിക്കാനായി മൈതാനം വിട്ടു നല്‍കിയ വേളയില്‍ സിന്തറ്റിക് ട്രാക് നിര്‍മ്മിച്ചു നല്‍കുമെന്ന വാഗ്ദാനം ജലരേഖയായി മാറിയിരുന്നു. ഒളിമ്പ്യന്മാരെ വാര്‍ത്തെടുത്ത പാലസ് മൈതാനത്തിലെ ട്രാക്കിന്റെ സ്ഥിതി പരിതാപകരമായതിനാല്‍ ഫുട്‌ബോളൊഴികെയുള്ള മത്സരങ്ങള്‍ നടത്താനാകാത്ത സ്ഥിതിയിലാണ്. നിലവില്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ പുതിയ ഫ്‌ളഡ്‌ലൈറ്റ് സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുകയാണ്. സ്റ്റേഡിയത്തിന്റെ പരിപാലനത്തിനായി കെയര്‍ ടേക്കറെ നിയമിക്കുമെന്നും നവീകരണ പ്രവൃത്തികള്‍ നടപ്പാക്കുമെന്നും ഡിപിസി അംഗം വര്‍ഗീസ് കണ്ടംകുളത്തി ചൂണ്ടിക്കാട്ടി. പാലസ് ഗ്രൗണ്ടില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കാനായില്ലെങ്കില്‍ ലാലൂരില്‍ നിര്‍മ്മാണം ആരംഭിച്ച സ്‌പോര്‍ട്‌സ് സമുച്ചയത്തില്‍ സിന്തറ്റിക് ട്രാക്ക് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു.

Rate this item
(0 votes)